പി.സി ജോര്‍ജ് തന്റെ തല വെട്ടുമെന്ന് വരെ പറഞ്ഞിരുന്നു; സിനിമ കണ്ടുകഴിയുമ്പോള്‍ ഇതിനുള്ള മറുപടി കിട്ടിക്കോളും ; നാദിര്‍ഷായുടെ വാക്കുകൾ വൈറലാകുന്നു !

ഈശോ സിനിമയുമായി ബന്ധപ്പെട്ട് വിശ്വാസികൾ വലിയ പ്രതിഷേധമായിരുന്നു ഉന്നയിച്ചത്. ഇതിനിടയിൽ പി.സി ജോർജും നാദിർഷായ്‌ക്കെതിരെ രംഗത്തുവന്നിരുന്നു. ഇപ്പോഴിതാ പി സി ജോർജ് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍ നാദിര്‍ഷാ രംഗത്തെത്തിയിരിക്കുകയാണ് . പി.സി ജോര്‍ജ് തന്റെ തല വെട്ടുമെന്ന് വരെ പറഞ്ഞിരുന്നുവെന്നും അതിനോടൊന്നും താന്‍ മറുപടി പറയുന്നില്ലെന്നും നാദിര്‍ഷാ പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നാദിര്‍ഷയുടെ പ്രതികരണം.

”പി.സി ജോര്‍ജ് എന്റെ തല വെട്ടുമെന്ന് വരെ പറഞ്ഞു. അതിനോടൊന്നും മറുപടി പറയുന്നില്ല. സിനിമ കണ്ട് കഴിയുമ്പോള്‍ അദ്ദേഹത്തിന് തന്നെ തോന്നും ഇത്രയും മുറവിളി എന്തിനായിരുന്നെന്ന്. ഞാന്‍ മതവിശ്വാസികളായ, മൂന്നാല് പേരെ സിനിമ കാണിച്ചിരുന്നു. സിനിമ കണ്ട ശേഷം അവര്‍ പരസ്പരം മുഖത്തേക്ക് നോക്കിയിട്ട് എന്നെ കെട്ടിപ്പിടിക്കുകയായിരുന്നു.

എന്നിട്ട് സോറി പറഞ്ഞു. സമുദായത്തിലെ ചിലര്‍ സിനിമയ്ക്കെതിരെ രംഗത്തെത്തിയതിന് ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു എന്നാണ് അവര്‍ പറഞ്ഞത്,’ നാദിര്‍ഷ പറഞ്ഞു. ഈശോ’ എന്ന പേരില്‍ സിനിമ പുറത്തിറങ്ങിയാല്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു പി.സി ജോര്‍ജിന്റെ വിമര്‍ശനം. ഈ പേരില്‍ സിനിമ ഇറക്കാമെന്ന് നാദിര്‍ഷ വിചാരിക്കേണ്ടെന്നും പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും പി.സി.ജോര്‍ജ് പറഞ്ഞിരുന്നു.

‘ക്രിസ്ത്യന്‍ സമൂഹത്തെ അപമാനിക്കണമെന്ന നിര്‍ബന്ധബുദ്ധിയോടെ ഇറങ്ങിത്തിരിച്ച കുറച്ച് സിനിമാക്കാര്‍ ഇവിടെയുണ്ട്. മലയാള സിനിമയിലെ ഗുണ്ടാ കഥാപാത്രങ്ങളെ എടുത്തുനോക്കുക. മിക്ക ഗുണ്ടകളും ക്രിസ്ത്യാനികള്‍ ആയിരിക്കും, അവന്റെ കഴുത്തില്‍ ഒരു കുരിശും കാണും. ഇത് ഇന്നും ഇന്നലെയും തുടങ്ങിയ കാര്യമല്ല. ഇത് സംബന്ധിച്ച പരാതികള്‍ കിട്ടികൊണ്ടിരിക്കുകയാണ്. ഞാന്‍ ഇപ്പോള്‍ സിനിമകള്‍ കാണാന്‍ തുടങ്ങിയിരിക്കുന്നു.

കേരളത്തില്‍ വലിയ സാംസ്‌കാരികമൂല്യങ്ങള്‍ക്ക് വില കല്‍പിച്ച സഭയാണ് ക്രൈസ്തവ സഭ. നമ്മുടെ സമൂഹത്തിനു വേണ്ടി ചെയ്യാന്‍ കഴിയുന്ന എല്ലാ നന്മകളും ചെയ്തു. ചോദിക്കാനും പറയാനും ആരുമില്ല എന്ന തോന്നലാണ് ഇത്തരക്കാര്‍ക്ക് വളം. ഇത് അനീതിയാണ്.

നാദിര്‍ഷായെയും കൂട്ടരെയും ഞാന്‍ വിടില്ല. ക്രിസ്ത്യന്‍ സമൂഹത്തെ മാത്രമല്ല, അതിപ്പോള്‍ മുസ്‌ലീം സമൂഹത്തെയും ഹൈന്ദവ സമൂഹത്തെയും അപമാനിച്ചാലും ഞാന്‍ വിടില്ല. ഞാനൊരു പൊതുപ്രവര്‍ത്തകനാണ്. എം.എല്‍.എ അല്ലാത്തതിനാല്‍ ഇപ്പോള്‍ ധാരാളം സമയമുണ്ട്. ഇവനെയൊക്കെ നന്നാക്കിയിട്ടേ ഞാന്‍ പോകൂ.

നാദിര്‍ഷയെ പോലൊരാള്‍ ഇങ്ങനെ ചെയ്തല്ലോ എന്ന് ഓര്‍ക്കുമ്പോഴാണ് വിഷമം. ഈ പേരില്‍ സിനിമ ഇറക്കാമെന്ന് ആരും വിചാരിക്കേണ്ട. ഒരു തിയേറ്ററിലും ഈ ചിത്രം പ്രദര്‍ശിപ്പിക്കുകയുമില്ല. കേരളം മുഴുവന്‍ ഞാന്‍ ഇറങ്ങും,’ എന്നായിരുന്നു പി.സി ജോര്‍ജ് പറഞ്ഞത്. അതിനിടെ നാദിര്‍ഷായുടെ സിനിമകള്‍ സര്‍ക്കാര്‍ നിരോധിക്കണമെന്ന ആവശ്യവുമായി കത്തോലിക്ക കോണ്‍ഗ്രസും കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു.

നാദിര്‍ഷ സംവിധാനം ചെയ്ത് ജയസൂര്യ നായകനായ ഈശോ, ദിലീപ് നായകനായ ‘കേശു ഈ വീടിന്റെ നാഥന്‍ എന്നീ പേരുകള്‍ ക്രൈസ്തവരെ അവഹേളിക്കുന്നതാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ആരോപിച്ചു. ക്രൈസ്തവരെ അവഹേളിക്കാനുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയാണ് നാമകരണമെന്ന് സംശയിക്കുന്നു. നാദിര്‍ഷയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ഏതൊരു ക്രൈസ്തവനും അവന്‍ ജനിക്കുന്ന അന്നുമുതല്‍ മരിക്കുന്നതുവരെ ഈശോയെ ദൈവമായി കാണുന്നവരും ആരാധിക്കുന്നവരുമാണ്. സിനിമക്ക് ഇഷ്ടം പോലെ പേരിടാം. ആ പേരില്‍ സിനിമ ഇടുമ്പോള്‍ അതിനകത്തെ ഓരോ കാരണങ്ങളും നാളെകളില്‍ ചര്‍ച്ചയാകുമെന്നും കത്തോലിക്ക കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടി.

about eesho

Safana Safu :