ചിരുവിന്റെ മരണത്തിൽ മാനസികമായി തളർന്നുപോയി… കൂടെ നിന്നത് നസ്രിയയും അനന്യയും! സിനിമയിലേക്ക് തിരിച്ചുവരുമെന്ന് മേഘ്‌ന

നടി മേഘ്‌നാ രാജിന്റെ ഭര്‍ത്താവും നടനുമായ ചീരഞ്ജീവി സര്‍ജയുടെ വിയോഗം ഏറെ ഞെട്ടലോടെയായിരുന്നു ആരാധകർ കേട്ടത്. പലർക്കും മരണത്തിൽ നിന്ന് ഇന്നും കരകയറാൻ സാധിച്ചിട്ടില്ല. ചീരുവിന്റെ വിടവാങ്ങലിന് പിന്നാലെ മേഘ്‌ന തങ്ങളുടെ ആദ്യത്തെ കണ്‍മണിക്ക് ജന്മം നല്‍കി.

ചിരുവിന്റെ മരണത്തിൽ മാനസികമായി തളർന്നുപോയിരുന്നെന്നും ഇനി ജീവിക്കുന്നത് മകനു വേണ്ടിയാണെന്നും മേഘ്ന രാജ് പറയുന്നു. ചിരഞ്ജീവിയുടെ മരണശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മേഘ്ന.

‘ഞാൻ എത്രത്തോളം ശക്തയാണെന്ന് അറിയില്ല. നിന്നിരുന്ന ഇടം ഇളകിപ്പോകുന്ന അവസ്ഥയായിരുന്നു ചിരുവിന്റെ വേർപാട്. ജീവിതത്തിൽ എല്ലാത്തിനും കൃത്യമായ ചിട്ട പാലിച്ചുപോകുന്ന ആളായിരുന്നു ഞാൻ. ചിരു അതിന് നേർ വിപരീതവും. ജീവിക്കുന്ന എല്ലാ നിമിഷങ്ങളും ആസ്വദിക്കുകയായിരുന്നു ചിരുവിന്റെ രീതി. ചിരുവിന്റെ മരണശേഷമാണ് എനിക്ക് അതിന്റെ നഷ്ടം മനസ്സിലായത്. ഇനി ഞാനും ചിരുവിനെപ്പോലെയാകും. നാളെ എന്തെന്ന് നമുക്ക് ആർക്കും അറിയില്ലല്ലോ?.’–മേഘ്ന പറയുന്നു.

ചിരഞ്ജീവിയുടെ വിയോഗദുഖം താങ്ങാന്‍ തുണയായത് മാതാപിതാക്കളുടെയും അടുത്ത സുഹൃത്തുക്കളായ നസ്രിയയുടെയും അനന്യയുടെയും പിന്തുണ കൂടിയായിരുന്നു. എന്റെ കുഞ്ഞിനായുള്ള ചിരുവിന്റെ എല്ലാ സ്വപ്നങ്ങളും നിറവേറ്റാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. അഭിനയം ഉപേക്ഷിച്ചിട്ടില്ല ഇനിയും ജോലിയില്‍ തുടരുമെന്നും മേഘ്‌ന പറഞ്ഞു. അഭിനയം എന്റെ അഭിനിവേശമാണ്. അത് എന്റെ രക്തത്തിലുളളതാണ്. ഞാന്‍ ചെയ്യാൻ ഇഷ്ടപ്പെടുന്ന എന്തെങ്കിലും ഉപേക്ഷിക്കണമെന്ന് എന്റെ ഭര്‍ത്താവ് ഒരിക്കലും ആഗ്രഹിക്കുകയില്ല. എനിക്ക് കഴിയുന്നിടത്തോളം കാലം ഞാന്‍ സിനിമകളില്‍ അഭിനയിക്കുന്നത് തുടരും. ഞാന്‍ തീര്‍ച്ചയായും മടങ്ങിവരും. മേഘ്‌ന പറയുന്നു

Noora T Noora T :