സര്‍ഗാത്മകമായ ഉള്ളടക്കത്തെ രാഷ്ട്രീയ അജണ്ടയിൽ നിന്ന് സംരക്ഷിക്കണം..അതിനെ നിയന്ത്രിക്കാനുള്ള ശ്രമത്തെ നിയമപരമായി നേരിടണം! ഒടിടി പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കാനുള്ള നീക്കത്തിനെതിരെ രൂക്ഷമായി വിമര്‍ശിച്ച് മുരളി ഗോപി

ഇന്ത്യയില്‍ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കും ന്യൂസ് പോര്‍ട്ടലുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസമായിരുന്നു തീരുമാനിച്ചത്. നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം തുടങ്ങിയ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കും ന്യൂസ് പോര്‍ട്ടലുകള്‍ക്കും നിയന്ത്രണം കൊണ്ടുവരാനാണ് സര്‍ക്കാര്‍ തീരുമാനം.
ഒടിടി പ്ലാറ്റ്‌ഫോമുകളെയും വാര്‍ത്താ പോര്‍ട്ടലുകളെയും വാര്‍ത്താ വിതരണ മന്ത്രാലയത്തിന് കീഴിലാക്കിയുള്ള ഉത്തരവാണ് വന്നിരിക്കുന്നത്.

കേന്ദ്രസര്‍ക്കാറിന്റെ ഈ നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ച് തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി രംഗത്തുവന്നിരിക്കുകയാണ്. ‘സര്‍ഗാത്മകമായ ഉള്ളടക്കത്തെ സര്‍ക്കാര്‍ നിയന്ത്രണം, രാഷ്ട്രീയ അജണ്ട, പ്രത്യയശാസ്ത്ര പ്രചരണം എന്നിവയില്‍ നിന്ന് സംരക്ഷിക്കുന്നത് ഏതൊരു ജനാധിപത്യത്തിലും പ്രധാനമാണ്. അതിനെ നിയന്ത്രിക്കാനുള്ള ശ്രമങ്ങളെ കൂട്ടായ പരിശ്രമത്തോടെ, നിയമപരമായി നേരിടണം. അത് വൈകാതെ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു’, മുരളി ഗോപി ഫേസ്ബുക്കില്‍ കുറിച്ചു.#SayNoToCensorship എന്ന ടാഗോടെയാണ് മുരളി ഗോപി കുറിച്ചിരിക്കുന്നത്.

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയുള്ള സിനിമ, ഡോക്യുമെന്ററി, വാര്‍ത്ത, രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ തുങ്ങിയവയെല്ലാം ഇനി കേന്ദ്രസര്‍ക്കാര്‍ നിരീക്ഷിക്കും. ആവശ്യമെങ്കില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്യും

Noora T Noora T :