ബിഗ് ബോസ്സ് മലയാളം സീസണ്‍ 3യുടെ ഇന്നലെ നടന്ന ഗ്രാന്‍ഡ് ഫിനാലെ വേദിയില്‍ വോട്ടിംഗ് കണക്കുകള്‍ അവതാരകനായ മോഹന്‍ലാല്‍ വെളിപ്പെടുത്തിയിരുന്നു. ജനപ്രീതിയില്‍ ഷോ നടത്തിക്കൊണ്ടിരിക്കുന്ന കുതിച്ചുകയറ്റത്തിന്‍റെ തെളിവായിരുന്നു ആ കണക്കുകള്‍.
സാബുമോന്‍ അബ്‍ദുസമദ് ടൈറ്റില്‍ വിജയിയായ സീസണ്‍ 1ല്‍ ആകെ പോള്‍ ചെയ്യപ്പെട്ട വോട്ടുകളുടെ എണ്ണം 17.4 കോടി ആയിരുന്നു. കൊവിഡ് സാഹചര്യത്താല്‍ 75-ാം ദിവസം അവസാനിപ്പിക്കേണ്ടിവന്ന രണ്ടാം സീസണില്‍ 61.4 കോടിയായി വോട്ട് ഉയര്‍ന്നു. 75 ദിവസങ്ങളില്‍ നിന്നുള്ള വോട്ടാണെന്ന് ഓര്‍ക്കണം. ഇതിനെയെല്ലാം മറികടക്കുന്നതായി മണിക്കുട്ടന്‍ ടൈറ്റില്‍ വിജയിയായ സീസണ്‍ 3. 114 കോടി വോട്ടുകളാണ് മുഴുവന്‍ മത്സരാര്‍ഥികള്‍ക്കുമായി പ്രേക്ഷകര്‍ ഈ സീസണില്‍ ആകെ പോള്‍ ചെയ്‍തത്.
ഷോയുടെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഈ ജനപ്രീതി തുടര്‍ന്നും ഉപയോഗപ്പെടുത്താനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. ആതിനാല്‍ സീസണ്‍ 3നു ശേഷം സീസണ്‍ 4 തീര്‍ച്ഛയായും ഉണ്ടാവും. ഇന്നലത്തെ ഗ്രാന്‍ഡ് ഫിനാലെയ്ക്കുശേഷം ഷോയില്‍ അവതാരകനായ മോഹന്‍ലാല്‍ തന്നെ അത് പ്രഖ്യാപിക്കുകയും ചെയ്‍തു. ഇനി അടുത്ത സീസണിനായുള്ള കാത്തിരിപ്പിന്‍റെ ദിവസങ്ങള്‍ എന്നാണ് അദ്ദേഹം പറഞ്ഞത്.
“ആളൊഴിഞ്ഞ ബിഗ് ബോസ് വീട്. ഇനിയൊരു കാത്തിരിപ്പാണ്. ഇനിയീ വീട്ടില്‍ ഈ ചുവരുകള്‍ക്കുള്ളില്‍ സന്തോഷവും സങ്കടവും പ്രണയവും അടിപിടി, കുശുമ്പ്, കലഹം എല്ലാം വന്നു നിറയുന്നതു വരെ. അതുവരെ നമുക്ക് കാത്തിരിക്കാം. നമുക്ക് കാണാം, കാണണം. ബിഗ് ബോസ് സീസണ്‍ 4”, സീസണ്‍ 3ലെ അവതാരകന്‍റെ അവസാന വാചകങ്ങളായി മോഹന്‍ലാല്‍ പറഞ്ഞുനിര്‍ത്തി. അടുത്ത സീസണ്‍ എന്നു തുടങ്ങുമെന്നും മത്സരാര്‍ഥികള്‍ ആരൊക്കെയാവുമെന്നുമുള്ളതടക്കം പ്രേക്ഷകരെ സംബന്ധിച്ച് ആകാംക്ഷ നിറഞ്ഞതുകൂടിയാണ് ആ കാത്തിരിപ്പ്.