മനുഷ്യത്വവും കലയും അത്രയും ഇഴുകി ചേര്‍ന്നതു കൊണ്ടു തന്നെയാണ് മൂപ്പരിപ്പോഴും ഇന്‍ഡ്യയിലെ നമ്പര്‍ വണ്‍ സംവിധായകരുടെ മുന്‍ നിരയില്‍ ഇരിക്കുന്നത്; ഹരീഷ് പേരടി

തെന്നിന്ത്യന്‍ സിനിമ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് നെറ്റ്ഫ്ലിക്സ് ആന്തോളജിയായ നവരസ. നവരസയിലെ പാര്‍വ്വതി തിരുവോത്ത്, രേവതി, മണികുട്ടന്‍, ഷംന കാസിം, രമ്യ നമ്പീശന്‍, നെടുമുടി വേണു എന്നീ താരങ്ങളും അണിനിരക്കുന്നുണ്ട്. ഒമ്പത് സംവിധായകര്‍ ഒരുക്കുന്ന ഒമ്പത് കഥകളുമായാണ് നവരസ ഒരുങ്ങുന്നത്. സംവിധായകൻ പ്രിയദർശനും അക്കൂട്ടത്തിലുണ്ട്.

ഇപ്പോഴിതാ പ്രിയദര്‍ശന് ആശംസകളുമായി നടന്‍ ഹരീഷ് പേരടി. നവരസ ആന്തോളജി ചിത്രം എത്തുന്നതിന്റെ ഭാഗമായുള്ള പോസ്റ്റ് പങ്കുവച്ചു കൊണ്ടാണ് നടന്റെ കുറിപ്പ്. തന്റെ രാഷ്ട്രീയം നന്നായി അറിയാമെങ്കിലും ചില സംവിധായകരുടെ സിനിമയെ പോലും താന്‍ വിമര്‍ശിച്ചാല്‍ അദ്ദേഹം അതിനോട് യോജിക്കാറില്ല സിനിമക്കാരെല്ലാം ഒരു കുടുംബമാണെന്ന് കരുതണം എന്നാണ് പറയാറ്.

ഒരു ഹിറ്റ് അറിയാതെ സംഭവിച്ചാല്‍ അഹങ്കാരികളായി മാറുന്ന പുതു തലമുറയിലെ സംവിധായകര്‍ ജീവിച്ചിരിക്കുന്ന കാലത്ത് പ്രിയന്‍ സാര്‍ ഈ പാവപ്പെട്ടനെ കൂടി ഓര്‍ത്തതിന് നന്ദി എന്നും ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഹരീഷ് പേരടിയുടെ കുറിപ്പ്:

എന്റെ രാഷ്ട്രീയം മറ്റൊന്നാണ് എന്ന് മൂപ്പര്‍ക്ക് നന്നായിട്ടറിയാം… എന്റെ രാഷ്ട്രീയ നിലപാടിനോട് യോജിക്കുന്ന ചില സംവിധായകരുടെ സിനിമയെ പോലും ഞാന്‍ വിമര്‍ശിച്ചാല്‍ അദ്ദേഹം അതിനോട് യോജിക്കാറില്ല… അപ്പോള്‍ എന്നോട് പറയും നമ്മള്‍ സിനിമക്കാരെല്ലാം ഒരു കുടുംബമാണെന്ന് കരുതാന്‍… മനുഷ്യത്വവും കലയും അത്രയും ഇഴുകി ചേര്‍ന്നതു കൊണ്ടു തന്നെയാണ് മൂപ്പരിപ്പോഴും ഇന്‍ഡ്യയിലെ നമ്പര്‍ വണ്‍ സംവിധായകരുടെ മുന്‍ നിരയില്‍ ഇരിക്കുന്നത്..

അല്ലെങ്കില്‍ ഈ പോസ്റ്റര്‍.. എല്ലാം കൊണ്ടും ചെറിയവനായ എനിക്ക് നേരിട്ട് അയച്ചു തരേണ്ട കാര്യം ഇപ്പോള്‍ അദ്ദേഹത്തിനില്ല… പ്രത്യേകിച്ചും ഒരു ഹിറ്റ് അറിയാതെ സംഭവിച്ചാല്‍ അഹങ്കാരികളായി മാറുന്ന പുതു തലമുറയിലെ സംവിധായകര്‍ ജീവിച്ചിരിക്കുന്ന കാലത്ത്… കാരണം അയാള്‍ കുറെ കളികളും കളിക്കാരെയും കണ്ടു മടുത്തവനാണ്…

പ്രിയന്‍ സാര്‍.. ഈ പാവപ്പെട്ടനെ കൂടി ഓര്‍ത്തതിന് നന്ദി… സിനിമയിലെ സാധരണക്കാരായ തൊഴിലാളികള്‍ക്കു വേണ്ടി ഉണ്ടായ മണിരത്‌നം സാറിന്റെ നേതൃത്വത്തില്‍ സംഭവിക്കുന്ന മുന്‍പൊന്നും കേട്ടു കേള്‍വിയില്ലാത്ത ഈ നവരസ സിനിമ കൂട്ടായമക്ക് ഞാനും കാത്തിരിക്കുന്നു.. ഹൃദയം നിറഞ്ഞ ആശംസകള്‍.

Noora T Noora T :