കഴിഞ്ഞ ദിവസം നടി ഷക്കീല മരിച്ചുവെന്ന തരത്തിലുള്ള വ്യാജ പ്രചരണങ്ങൾ സമൂഹമാധ്യമങ്ങളിൽ നടന്നിരുന്നു. ഇതിന് പിന്നാലെ താരം തന്നെ ഈ വിഷയത്തിൽ നേരിട്ട് എത്തിയിരിക്കുകയാണ്. താൻ മരിച്ചിട്ടില്ലെന്നും ആരോഗ്യത്തോടെയിരിക്കുന്നുവെന്നും ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ താരം പറഞ്ഞു.
ഞാന്‍ വളരെ ആരോഗ്യത്തോടെയും സന്തോഷത്തോടെയുമാണ് കഴിയുന്നത്. കേരളത്തിലെ ജനങ്ങള്‍ നല്കുന്ന കരുതലിന് വളരെയധികം നന്ദി. ആരോ എന്നേക്കുറിച്ച് ഒരു വ്യാജ വാര്‍ത്ത പോസ്റ്റ് ചെയ്തു. എന്തായാലും ഇങ്ങനെയൊരു വ്യാജ വാർത്ത കൊണ്ട് ഒരുകാര്യം മനസ്സിലായി. എന്നെക്കുറിച്ച് ഓര്‍ക്കാൻ കുറേ ആളുകൾ ഉണ്ടെന്ന്.’
വ്യാജ വാർത്ത വന്നതിൽപിന്നെ നിരവധി പേരാണ് സത്യാവസ്ഥ അറിയാന്‍ എന്നെ വിളിച്ചത്. എന്തായാലും ആ വാര്‍ത്ത നല്കിയ വ്യക്തിക്ക് ഇപ്പോള്‍ ഞാന്‍ നന്ദി പറയുന്നു. കാരണം അയാള്‍ കാരണമാണ് നിങ്ങളെല്ലാവരും വീണ്ടും എന്നെക്കുറിച്ച് ഓര്‍ത്തത്.’–ഷക്കീല പറഞ്ഞു.
കഴിഞ്ഞ ദിവസം നടൻ ജനാർദ്ദനൻ മരിച്ചുവെന്ന വാർത്തയും ഇത്തരത്തില്‍ പുറത്തുവന്നിരുന്നു. താന്‍ പൂര്‍ണ ആരോഗ്യവാനാണെന്നും സൈബര്‍ ഭ്രാന്തന്മാരുടെ ഇത്തരം വൈകൃതങ്ങളോട് പ്രതികരിക്കാനില്ലെന്നുമായിരുന്നു ജനാർദ്ദനൻ പറഞ്ഞത്
നിർമാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എൻ.എം. ബാദുഷയും ഇത്തരം വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.
‘നടൻ ജനാർദനൻ മരിച്ചു എന്ന രീതിയിൽ സോഷ്യൽമീഡിയയിൽ പ്രചരണം നടക്കുകയാണ്. ഇതറിഞ്ഞ് അദ്ദേഹവുമായി ഇന്നലെയും സംസാരിച്ചു. ജനാർദനൻ ചേട്ടൻ പൂർണ ആരോഗ്യവനായി, സന്തോഷവാനായി അദ്ദേഹത്തിന്റെ വീട്ടിലുണ്ട്. ഇത്തരത്തിലുള്ള തെറ്റായ വാർത്തകൾ യാതൊരു സ്ഥിരീകരണവുമില്ലാതെ ഷെയർ ചെയ്യുന്നത് അത്യന്തം അപലപനീയമാണ്. ഈ പ്രവണത ഇനിയെങ്കിലും നിർത്തണം; ഇതൊരു അപേക്ഷയാണ്’.- ബാദുഷ പ്രതികരിച്ചു.