മലയാളത്തോടൊപ്പം തമിഴ് സീരിയലുകളിലും അഭിനയിച്ചു, പതിമൂന്ന് രാജ്യങ്ങളിൽ ജോലി ചെയ്തു! ഏഴ് ഭാഷകളറിയാം… ‘സാന്ത്വന’ത്തിലെ ഹരി ചില്ലറക്കാരനല്ല

വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നായി മാറിയിരിക്കുകയാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം. പരമ്പര ആരംഭിച്ച് മാസങ്ങള്‍ പിന്നിടുമ്പോള്‍ തന്നെ പ്രേക്ഷകരെ കയ്യിലെടുക്കാന്‍ ഈ കുടുംബ പരമ്പരയ്ക്ക് സാധിച്ചു. ബാലന്‍റേയും ദേവിയുടേയും സഹോദരങ്ങളുടേയും അവരുമായി ബന്ധപ്പെട്ടവരുടേയും കഥ ഏറെ രസകരമായാണ് മുന്നോട്ട് പോകുന്നത്. പരമ്പരയിൽ ബാലന്‍റെ സഹോദരങ്ങളായ ഹരികൃഷ്ണൻ, ശിവരാമകൃഷ്ണൻ, മുരളീകൃഷ്ണൻ എന്നിവരായെത്തുന്നത് ഗിരീഷ് നമ്പ്യാരും സജിൻ ടിപിയും അച്ചു സുഗന്ധുമാണ്

സാന്ത്വനത്തിലെ ഹരിയായി എത്തി പ്രേക്ഷകരുടെ പ്രിയ താരമാവുകയായിരുന്നു ഗിരീഷ് നമ്പ്യാർ. ഇപ്പോഴിതാ തന്‍റെ അഭിനയ ജീവിത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് ഗിരീഷ് നമ്പ്യാർ.

തലശ്ശേരിക്കാരനാണ് ഗിരീഷ് നമ്പ്യാർ. പഠിച്ചതും വളർന്നതുമൊക്കെ മുംബൈയിലാണ്. ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് കഴിഞ്ഞ് ലണ്ടനിലും സിംഗപ്പൂരിലുമായൊക്കെ ഉപരിപഠനം നടത്തിയിരുന്നു താരം. പിന്നീട് അഞ്ച് വർഷത്തോളം ഓയിൽ ഇൻഡസ്ട്രിയിലാണ് ജോലി ചെയ്തത്, പതിമൂന്ന് രാജ്യങ്ങളിൽ ഇതിനകം തന്നെ ഗിരീഷ് ജോലി ചെയ്തു

ഒടുവിൽ ജോലി ഉപേക്ഷിച്ച് അഭിനയമെന്ന വലിയ ആഗ്രഹത്തിന് പിന്നാലെ ഗിരീഷ് നടന്നു. ഇതിനിടയിൽ ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, മറാത്തി, പഞ്ചാബി, ഗുജറാത്തി തുടങ്ങിയ ഭാഷകളും ഗിരീഷ് സ്വായത്തമാക്കുകയുണ്ടായി. മലയാളം എഴുതാനറിയില്ലെങ്കിലും വായിക്കുകയും പറയുകയും ചെയ്യും. അഭിനയലോകത്തെത്തിയ ശേഷം ഇതിനകം നിരവധി മലയാളം, തമിഴ് സീരിയലുകളിലും താരം അഭിനയിച്ചു.

അഭിനയലോകത്തേക്കെത്തിയപ്പോൾ റിയാലിറ്റി ഷോയിലായിരുന്നു തുടക്കം. ശേഷം കിരൺ ടിവി, കൈരളി, സൂര്യ തുടങ്ങിയ ചാനലുകളിൽ വി.ജെ ആയി. പിന്നീട് സിനിമകളിൽ സഹസംവിധായകനായി. വണ്ടർഫുൾ ജേർണി എന്ന സിനിമയിൽ വില്ലൻ വേഷം ചെയ്താണ് ഗിരീഷ് അഭിനയത്തിലേക്ക് കടന്നത്.

ഭാഗ്യലക്ഷ്മി, ദത്തുപുത്രി, ശിവകാമി ഉൾപ്പെടെ എട്ടോളം പരമ്പരകളുടെ ഭാഗമായി. തമിഴിലും രണ്ട് സീരിയലുകളിൽ അഭിനയിച്ചു. ബാലകൃഷ്ണൻ – ഗിരിജ ദമ്പതികളുടെ മകനായ ഗിരീഷ് ഇപ്പോൾ തിരുവനന്തപുരത്ത് പൂജപ്പുരയിലാണ് കുടുംബത്തോടൊപ്പം കഴിയുന്നത്. പാർവതിയാണ് ഭാര്യ. മകൾ ഗൌരി. സാന്ത്വനം പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രീതി നേടാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് ഇപ്പോൾ താരം.

Noora T Noora T :