കേരള ഹൈക്കോടതി ജഡ്ജി പി.വി.കുഞ്ഞികൃഷ്ണന്‍ വിധി പറയവേ ശ്രീകുമാരന്‍തമ്പി എഴുതിയ ‘ മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു,അവന്‍ കരുണാമയനായ്,കാവല്‍വിളക്കായ് കരളിലിരിക്കുന്നു’ എന്ന ഗാനം പ്രതിപാദിച്ചിരുന്നു. ദേശീയപാതാ വികസനത്തിനു സ്ഥലമെടുക്കുമ്പോഴുള്ള അലൈന്‍മെന്റ് ആരാധനാലയങ്ങളെ ബാധിക്കരുതെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിക്കൊണ്ടാണ് ജഡ്ജി വിധിപറഞ്ഞത്.
ഇപ്പോഴിതാ ഈ ഗാനം കാലാതിവര്‍ത്തിയായി തുടരുന്നതില്‍ സന്തോഷമുണ്ടെന്നും ശ്രീകുമാരന്‍തമ്പി പറഞ്ഞിരിക്കുകയാണ്. കോടതി പറഞ്ഞ കാര്യങ്ങളോട് പൂര്‍ണ്ണമായി യോജിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അയ്യപ്പനാകുന്ന പന്തളം കൊട്ടാരത്തിലെ മണികണ്ഠനെ ഗുരുകുല വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഗുരു പഠിപ്പിക്കുന്നരംഗത്തായിരുന്നു സിനിമയിലെ ഗാനാവിഷ്‌കരണം. മണികണ്ഠന്‍ മാത്രമല്ല അന്ന് വലിപ്പച്ചെറുപ്പമില്ലാത്തതിനാല്‍ മറ്റുകുട്ടികളും പഠിക്കാനുണ്ട്. ദൈവം എല്ലായിടത്തുമുണ്ട്. ദൈവത്തിനിരിക്കാന്‍ പ്രത്യേകിച്ച് സ്ഥാനം വേണ്ട.ഇന്ന് ക്വാണ്ടം ഫിസിക്‌സ് പറയുന്നത് എല്ലാം ഊര്‍ജ്ജമാണെന്നാണ്.എല്ലാം ബ്രഹ്‌മമാണെന്ന് വേദാന്തം പറയുന്നു.
ബ്രഹ്‌മസത്യം ജഗത് മിഥ്യയെന്ന് ആദിശങ്കരന്‍ പറഞ്ഞിട്ടുണ്ട്. എല്ലാം ശാസ്ത്രം തന്നെയാണ്.ശങ്കരന്‍ പറഞ്ഞതും ശാസ്ത്രം പറയുന്നതും ഒന്നുതന്നെ.—ശ്രീകുമാരന്‍തമ്പി വിശദീകരിച്ചു.
ഭൂമിയില്‍ എല്ലാവര്‍ക്കും ഇടമുണ്ട്.മനുഷ്യന് മാത്രമല്ലസര്‍വ്വചരാചരങ്ങള്‍ക്കും. എന്നാല്‍ മനുഷ്യന്‍ അവന്‍മാത്രം മതിയെന്ന് ചിന്തിക്കുന്നു.
ചിലര്‍ മനുഷ്യരില്‍ത്തന്നെ അവര്‍ കുറച്ചുപേര്‍ മാത്രം മതിയെന്നും ചിന്തിക്കുന്നു.ഈ ചിന്തയാണ് ഇന്ന് അതിസൂക്ഷ്മമായ കൊറോണ എന്ന വൈറസിനു മുന്നില്‍ നെട്ടോട്ടമോടേണ്ട സ്ഥിതിയിലേക്ക് മനുഷ്യരെ എത്തിച്ചതെന്നും ശ്രീകുമാരന്‍തമ്പി പറഞ്ഞു