‘ദൈവം തന്നത് ഓപറേഷൻ ചെയ്ത് മാറ്റിയിട്ടല്ലേ?’ ഉള്ളതും വച്ചിരുന്നാ പോരേ? ഇനിയൊരു രക്തസാക്ഷി ഉണ്ടാവാതിരിക്കട്ടെ:- ഡോക്ടർ മനോജ് വെള്ളനാട് പറയുന്നു

ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്‌സ് തൂങ്ങിമരിച്ച സംഭവത്തില്‍ സമൂഹമാധ്യമങ്ങളില്‍ പലതരത്തിലുള്ള അഭിപ്രായങ്ങളാണ് ഉയര്‍ന്നത്. അനന്യ കുമാരി അലക്‌സിന്റേത് ആത്മഹത്യയെന്ന് പോസ്റ്റുമോർട്ടം ഫലം പുറത്ത് വന്നിരുന്നു. ഇതിനിടയിൽ തന്നെ അനന്യയുടെ മരണം വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു.

ശസ്ത്രക്രിയയിൽ പിഴവ് വന്നതായി അനന്യ മരിക്കുന്നതിന് ഏതാനം മണിക്കൂറുകൾക്ക് മുമ്പ് വരെ ശക്തമായി ആരോപിച്ചിരുന്നു. നിരവധി ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുകയാണെന്ന് അനന്യ പറഞ്ഞത് പലതരത്തിലുള്ള ചർച്ചകളിലേക്കു നയിക്കുകയും ചെയ്തു

ദൈവം തന്നത് ഓപ്പറേഷന്‍ ചെയ്ത് മാറ്റിയിട്ടല്ലേ ഉള്ളതു വെച്ചിരുന്നാ പോരെ തുടങ്ങിയ ചോദ്യങ്ങള്‍ വന്നിരുന്നു. ഇക്കാര്യത്തില്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ മനോജ് വെള്ളനാട്.

‘ദൈവം തന്നത് ഓപറേഷന്‍ ചെയ്ത് മാറ്റിയിട്ടല്ലേ?’, ‘ഉള്ളതും വച്ചിരുന്നാ പോരേ?’ എന്നൊക്കെ ചോദ്യങ്ങള്‍ ഉയരുന്നതില്‍ അതിശയിക്കാനില്ലെന്നും ആര്‍ക്കാണിവരെ തിരുത്താന്‍ പറ്റുകയെന്നും ആരാണ് സമൂഹത്തെ തിരുത്താന്‍ മുന്നില്‍ നില്‍ക്കേണ്ടതെന്നും അദ്ദേഹം ചോദിക്കുന്നു. ആധുനിക വൈദ്യശാസ്ത്രം പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍ ആദ്യം വേണ്ടത് ഒരു ആധുനിക മനുഷ്യനാവുകയാണെന്ന് ഡോ. മനോജ് വെള്ളനാട് പറയുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഡോ. മനോജ് വെള്ളനാടിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

  1. ആദ്യം വേണ്ടത് Sex എന്താണ്, Gender എന്താണ് എന്നൊക്കെ വ്യക്തമായി, ശാസ്ത്രീയമായി MBBS കരിക്കുലത്തില്‍ ഉള്‍പ്പെടുത്തുക. LGBTIQ+ ആള്‍ക്കാരെല്ലാം തന്നെ സാധാരണ മനുഷ്യരാണെന്നു ഡോക്ടര്‍മാരെ ഒന്നാം വര്‍ഷം ഫിസിയോളജി പഠിപ്പിക്കുമ്ബോള്‍ മുതല്‍ പഠിപ്പിക്കുക. ഒരാള്‍ ട്രാന്‍സ് -ഹോമോ – ക്വിയര്‍ ഒക്കെ ആവുന്നത് അയാളുടെ ചോയ്‌സ് അല്ലാന്നും മനോരോഗമോ ശരീരരോഗമോ അല്ലാന്നും അത് തലച്ചോറിന്റെ വളരെ സ്വാഭാവികമായ ഒരു വ്യതിയാനം മാത്രമാണെന്നും, എന്നാല്‍ ട്രാന്‍സ്-ഹോമോ ഫോബിയകള്‍ തിരുത്തേണ്ട ചികിത്സിക്കേണ്ട പ്രശ്‌നമാണെന്നും പഠിപ്പിക്കണം.

ഇതൊന്നും അറിയാതെ ടെസ്റ്റിസിന്റെ അനാട്ടമിയും ഫിസിയോളജിയും പത്തോളജിയും പഠിച്ച്‌ പാളേല്‍ കെട്ടിയാലൊന്നും ഒരാള്‍ modern medicine ഡോക്ടറാവില്ല. തലച്ചോറ് കൊണ്ടു ടൈം ട്രാവല്‍ ചെയ്ത് നാലാം നൂറ്റാണ്ടിലെത്തിയ ശരീരം കൊണ്ടു 2021 ല്‍ ജീവിക്കുന്ന ഒരു well dressed homo sapien മാത്രം.

ആധുനിക വൈദ്യശാസ്ത്രം പ്രാക്റ്റീസ് ചെയ്യുന്ന ഡോക്ടര്‍ ആദ്യം വേണ്ടത് ഒരു ആധുനിക മനുഷ്യനാവുകയാണ്. അല്ലെങ്കില്‍ അയാള്‍ വെറും തോല്‍വിയാണ്.

  1. ഈ പറഞ്ഞത് ഡോക്ടര്‍മാര്‍ക്ക് മാത്രമല്ലാ, സകല മനുഷ്യര്‍ക്കും, അവശ്യം വേണ്ട അവബോധമാണ്. പക്ഷെ ഡോക്ടര്‍മാര്‍ക്കു പോലും അതില്ലായെങ്കില്‍ സമൂഹത്തില്‍ നിന്നും ‘ദൈവം തന്നത് ഓപറേഷന്‍ ചെയ്ത് മാറ്റിയിട്ടല്ലേ?’, ‘ഉള്ളതും വച്ചിരുന്നാ പോരേ?’ എന്നൊക്കെ ചോദ്യങ്ങള്‍ ഉയരുന്നതില്‍ അതിശയിക്കാനില്ല. ആര്‍ക്കാണിവരെ തിരുത്താന്‍ പറ്റുക? ആരാണ് സമൂഹത്തെ തിരുത്താന്‍ മുന്നില്‍ നില്‍ക്കേണ്ടത്?
  2. ട്രാന്‍സ്- ഹോമോ സെന്‍ട്രിക് ആയിട്ടുള്ള ആരോഗ്യസേവന സൗകര്യങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ നിലവില്‍ വരണം. ഓരോന്നിനും കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വേണം. ഒരു വ്യക്തി ഏതു പ്രായത്തിലാണെങ്കിലും തന്റെ gender / sexuality identify ചെയ്ത് താന്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാണെന്ന് തോന്നുന്ന നിമിഷം മുതല്‍ അവര്‍ക്ക് സൗഹാര്‍ദ്ദപരമായി സമീപിക്കാന്‍ പറ്റുന്ന ഒരു സംവിധാനം. ചികിത്സ വേണ്ടവര്‍ക്ക് അത് ലഭ്യമാക്കാനും ശരിയായ ശാസ്ത്രീയമായ ചികിത്സകള്‍ തന്നെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ആ സംവിധാനത്തിന് കഴിയണം.
  3. സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ പ്രത്യേക സ്‌കീമുകള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തേണ്ടി വരും. പിച്ചയെടുത്തും സെക്‌സ് വര്‍ക്ക് ചെയ്തും സ്വകാര്യതയെ പോലും പണയം വച്ച്‌ പണം യാചിച്ചും സ്വന്തം ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്തി കൂടുതല്‍ ദുരിതത്തിലാവുന്ന അവസ്ഥ പൂര്‍ണമായും ഒഴിവാക്കുന്ന ഒരു സംവിധാനം വരണം. കുഞ്ഞുങ്ങളുടെ ശസ്ത്രക്രിയ ഉള്‍പ്പെടെയുളള ചികിത്സ മുഴുവന്‍ സര്‍ക്കാര്‍ സൗജന്യമാക്കിയതുപോലെ ഒരു സംവിധാനം.
  4. കേരളത്തില്‍ ചുരുങ്ങിയത് 2 സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെങ്കിലും ഇവര്‍ക്കുവേണ്ട എല്ലാതരം ചികിത്സകളും ഉറപ്പുവരുത്തുക. ഈ മനുഷ്യരെ പരീക്ഷണങ്ങള്‍ക്ക് വിട്ടുകൊടുക്കാതെ സര്‍ക്കാര്‍ തന്നെ മുന്നോട്ടുവന്ന് ഡോക്ടര്‍മാരെ ഇക്കാര്യത്തിന് വേണ്ടി പ്രത്യേകം ട്രെയിന്‍ ചെയ്യിപ്പിച്ച്‌ experts ആക്കുക. ആ വിധം അന്താരാഷ്ട്ര നിലവാരത്തില്‍ ടെയിനിംഗ് കിട്ടിയവര്‍ ഗവണ്‍മെന്റ് സെക്റ്ററിലും വേണം. കൂടാതെ ഇവര്‍ക്കുവേണ്ട Speciality ഓപ്പികള്‍ തുടങ്ങുക.
  5. സ്‌കൂള്‍തലം മുതലുള്ള പാഠപുസ്തകങ്ങളില്‍ sex/gender/sexuality സംബന്ധിച്ച ശാസ്ത്രീയമായ അടിസ്ഥാന വിദ്യാഭ്യാസം ഉറപ്പുവരുത്തുക.

ഇതൊക്കെ ചെയ്താലും തലച്ചോറ് പരിണമിക്കാത്തവര്‍ സമൂഹത്തില്‍ കുറച്ചെങ്കിലും പിന്നെയും കാണുമെന്ന് നമുക്കറിയാം. ഇപ്പോഴും ഭൂമി പരന്നതാണെന്ന് വിശ്വസിക്കുന്നവരുണ്ടല്ലോ. അവരെ അവഗണിക്കാനേ പറ്റൂ.

മാറ്റം വരട്ടെ. ഇനിയൊരു രക്തസാക്ഷി ഉണ്ടാവാതിരിക്കട്ടെ.

Noora T Noora T :