പരിഭവത്തെ, പരാതിയെ, ആവലാതിയെ ഒന്നും ശ്രദ്ധിക്കാത്ത ഒരു പച്ച മനുഷ്യനായ കഴിവുറ്റ പ്രതിഭയായിരുന്നു പടന്ന ചേട്ടൻ; കണ്ണൻ സാഗർ

കെടിഎസ് പടന്നയിലിനെ അനുസ്മരിച്ച് ഹാസ്യതാരം കണ്ണൻ സാഗർ. പരിഭവങ്ങളോ പരാതികളോ ആകുലതകളോ ഇല്ലാത്ത കഴിവുറ്റ പ്രതിഭയായിരുന്നു അദ്ദേഹമെന്ന് കണ്ണൻ പറയുന്നു.

കണ്ണൻ സാഗറിന്റെ വാക്കുകൾ:

കണ്ണീർ പ്രണാമം

ഒരു ഓർമ ഓടിയെത്തുന്നു. കോമഡി സീരിയൽ ലൊക്കേഷൻ, എനിക്കും ചെറിയ വേഷം ഉണ്ടായിരുന്നു. അളന്നു കുറിച്ചു ആവശ്യത്തിന് മാത്രം ചോദ്യങ്ങൾക്ക് മറുപടി തരുന്ന ഒരു രസിക പ്രിയനും കൂടിയായിരുന്നു പടന്നയിൽ ചേട്ടൻ…പുതിയ വർക്കുകളെ കുറിച്ചു ചോദിച്ചപ്പോൾ തന്നെ മറുപടിവന്നു, “ഇപ്പോഴത്തെ സിനിമകൾക്ക് അച്ഛനും, അപ്പൂപ്പനും ഒന്നും വേണ്ടടാ” എന്നിട്ട് നീട്ടിയൊരു ചിരിയായിരുന്നു, എനിക്ക് അതൊക്കെയല്ലേ ചെയ്യാനുള്ളൂ…

ഞാൻ എന്റെ സങ്കടം ചുമ്മാ ചേട്ടനോട് പങ്കുവച്ചു പറഞ്ഞു, എനിക്ക് സിനിമയിൽ ഒരു നല്ലവേഷം കിട്ടണം എന്നു വലിയ ആഗ്രഹമുണ്ട്, ഞാൻ ശ്രമിക്കുന്നുമുണ്ട്, പക്ഷേ ഭാഗ്യം, വര, അവസരം ഇതൊന്നും ഇതുവരെ അങ്ങോട്ട്‌ എത്തുന്നില്ല ചേട്ടാ.’

ഒന്ന് ഇരുത്തി മൂളി ചേട്ടൻ, എന്നിട്ട് ജോത്സ്യൻമാര്‍ ചോദിക്കും പോലെ ഒരു ചോദ്യം ‘നിനക്കിപ്പോൾ എന്തായി പ്രായം’ ഞാൻ അന്നുള്ള പ്രായം പറഞ്ഞു, അൻപത്തിയാറാം വയസ്സിൽ നിനക്കു അവസരം വരും, ഞാനൊന്ന് ഞെട്ടി, ഈ ചേട്ടൻ എന്താ ഈ പറയുന്നേ, ‘അതെന്താ ചേട്ടാ അങ്ങനെ പറഞ്ഞത്’, ഉടൻ മറുപടി വന്നു, ‘എനിക്ക് അപ്പോഴാ സിനിമയിൽ, നല്ല ഒരു വേഷത്തിൽ കേറാൻ പറ്റിയത്’, ഞാൻ മിഴുങ്ങസ്യനായി പോയി…

പരിഭവത്തെ, പരാതിയെ, ആവലാതിയെ ഒന്നും ശ്രദ്ധിക്കാത്ത ഒരു പച്ച മനുഷ്യനായ കഴിവുറ്റ പ്രതിഭയായിരുന്നു പടന്ന ചേട്ടൻ. സുഖമില്ലാതെ ഇരിക്കുന്നു എന്നറിഞ്ഞിരുന്നു, ഞാൻ പ്രാർഥനകൾ നേർന്നിരുന്നു, ഒരു മുതിർന്ന കലാകാരന്റെ കൂടെ ഇത്ര ഇടപഴുകിയ ഒരു അഭിനേതാവ് എന്റെ അനുഭവത്തിൽ വേറെയില്ലാ…ആത്മശാന്തി നേർന്നു, പ്രിയ ചേട്ടന്, കണ്ണീർ പ്രണാമം.

Noora T Noora T :