യൂട്യൂബറെ കയ്യേറ്റം ചെയ്ത കേസ്; ഭാഗ്യലക്ഷ്മിയ്ക്കും കൂട്ടർക്കും ജാമ്യം

മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും നിറഞ്ഞുനിന്ന ഭാഗ്യ ലക്ഷ്മിയും ദിയസനയും ശ്രീലക്ഷ്മി അറയ്ക്കലും ഇനി വെളിച്ചത്തേക്ക്… സമൂഹ മാധ്യമങ്ങളിലും ചാനൽ ചർച്ചകളിലും സജീവം… പോലീസിനെ പേടിക്കാതെ ഇനി പുറത്ത് വിലസി നടക്കാം… യൂട്യൂബര്‍ വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസില്‍ ഭാഗ്യലക്ഷ്മിയ്ക്ക് ജാമ്യം അനുവദിച്ചിരിക്കുകയാണ് .. കൂട്ട് പ്രതികളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്കും ജാമ്യം അനുവദിച്ചു . കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

ജാമ്യാപേക്ഷയിൽ വാദം കേൾക്കുമ്പോൾ ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികളുടെ നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. നിയമം കൈയ്യിലെടുക്കുമ്പോൾ അതിൻ്റെ പ്രത്യാഘാതം അനുഭവിക്കാൻ തയ്യാറാകണം എന്ന് കോടതി വക്കാൽ പരാമർശിക്കുകയും ചെയ്തു. എന്നാൽ വിജയ് പി നായരുടെ മുറിയിൽ അതിക്രമിച്ച് കയറിയിട്ടില്ലെന്നും മോഷണം നടത്തിയിട്ടില്ലെന്നും ആണ് ഭാഗ്യലക്ഷ്മിയും ഒപ്പമുണ്ടായിരുന്നവരും വാദിച്ചത്. ഭാഗ്യലക്ഷ്മിയുടേയും മറ്റു പ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തു വിജയ് പി നായരും ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. മുറിയിൽ അതിക്രമിച്ച് കയറി സാധനങ്ങൾ മോഷ്ടിക്കുകയും മർദ്ദിക്കുകയും ചെയ്ത പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകിയാൽ അത് തെറ്റായ സന്ദേശം നൽകുമെന്നായിരുന്നു വിജയ് പി നായരുടെ വാദം.

വിജയ് പി നായരുടെ മുറിയില്‍ അതിക്രമിച്ച് കയറി ആക്രമിച്ചിട്ടില്ല. പ്രശ്‌നം പറഞ്ഞ് പരിഹരിക്കാനാണ് പോയത്. എന്നാല്‍ വിജയ് പി നായര്‍ ഇങ്ങോട്ട് പ്രകോപനമുണ്ടാക്കുകയായിരുന്നു. ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവ പോലീസിന് കൈമാറിയിരുന്നെന്നും മോഷണം നടത്താനുള്ള ഉദ്ദേശത്തോടെയല്ല ഇത് കൊണ്ടുപോയതെന്നും ഭാഗ്യലക്ഷ്മി ഹര്‍ജിയില്‍ പറയുന്നു.

കഴിഞ്ഞ 26 നായിരുന്നു സംഭവം. അശ്‌ളീല പരാമര്‍ശങ്ങള്‍ നടത്തി വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്ത വിജയ് പി നായരെ മൂവരും സ്റ്റാച്യുവിന്റെ അടുത്തുള്ള ലോഡ്ജില്‍ എത്തി കൈകാര്യം ചെയ്യുകയായിരുന്നു. താമസ സ്ഥലത്തെ അതിക്രമിച്ച് കയറല്‍, മോഷണം തുടങ്ങിയ കുറ്റങ്ങള്‍ ആണ് ചുമത്തിയിരിക്കുന്നത്. 5 വര്‍ഷം വരെ തടവ് ലഭിക്കുന്ന കുറ്റങ്ങള്‍ ആണിവ. സ്ത്രീകളുടെ പരാതിയില്‍ വിജയ് പി നായര്‍ക്കെതിരെ കേസ് എടുത്തിരുന്നെങ്കിലും പിന്നീട് ജാമ്യം നല്‍കുക ആയിരുന്നു. ആ കേസിലാണ് ഇന്ന് വിധി പറഞ്ഞത് .

Noora T Noora T :