സൈബര്‍ ബുള്ളിയിങ് എന്ന വാക്ക് മലയാളികൾക്ക് ഇപ്പോൾ പരിചിതമായി കഴിഞ്ഞിരിക്കുന്നു. മേക്ക്അപ്പ് ഇട്ടാല്‍ തെറിവിളി, ഇട്ടില്ലെങ്കില്‍ തെറിവിളി, ഇഷ്ടമുള്ള ഉടുപ്പിട്ടാല്‍ തെറിവിളി, പോസ്റ്റിട്ടാല്‍ തെറിവിളി… സെലിബ്രിറ്റികൾ ആണെങ്കിൽ അത് പറയുകയും വേണ്ട… ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലെ ഈ ‘ആക്രമണകാരികള്‍ക്ക്’വീഡിയോയോലൂടെ മറുപടി നല്‍കിയിരിക്കുകയാണ് ഗായിക സിതാര കൃഷ്ണകുമാര്‍.കുറച്ച് നാളുകളായി സമൂഹ മാധ്യമങ്ങളിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുമ്പോൾ വരുന്ന കമന്റുകൾ ശ്രദ്ധയിൽ പെട്ടത് കൊണ്ടാണ് താൻ ഇത്തരത്തിൽ ദെെർഘ്യമേറിയ വീഡിയോ പങ്കുവയ്ക്കുന്നതെന്ന് സിത്താര പറയുന്നു.
ഒരു ദെെർഘ്യമേറിയ ഒരു വീഡിയോ പോസ്റ്റ് ചെയ്യുന്നതിലെ ജാള്യതയും ക്ഷമാപണവും അറിയിച്ചുകൊണ്ടുതന്നെ തുടങ്ങട്ടെയെന്ന് പറഞ്ഞ് കൊണ്ടാണ് സിതാര വീഡിയോ തുടങ്ങുന്നത് !!
ഇപ്പോഴെങ്കിലും പറയണമെന്ന് തോന്നി!!! ഇവിടെയുള്ള എന്റെ സുഹൃത്തുക്കളോടായും, അവരുടെ സുഹൃത്തുക്കളോടായും ചർച്ചചെയ്യാനാഗ്രഹിക്കുന്ന ചില വിഷയങ്ങളാണ്!! ഓൺലൈൻ മാധ്യമ സുഹൃത്തുക്കളോട് ഒരു ചെറിയ അപേക്ഷ, മറ്റു തലക്കെട്ടുകളോടെ ഇത് ദയവു ചെയ്ത് പ്രസിദ്ധീകരിക്കാതിരിക്കാമോ, എങ്കിൽ മാത്രമേ ആരോഗ്യകരമായ ഒരു സംവാദം സാധ്യമാവൂ, നിങ്ങളും അനുഭാവപൂർവം പരിഗണിക്കും എന്ന് ഉറച്ചു വിശ്വസിക്കുന്നു!!! നമുക്കെല്ലാവർക്കും കൂടുതൽ സന്തോഷത്തോടെ, സമാധാനത്തോടെ, സത്യസന്ധമായി ജീവിക്കാമല്ലോ ഈ ഭൂമിയിൽ!!! എന്ന കുറിപ്പോടെയാണ് സിതാര വീഡിയോ തുടങ്ങുന്നത്
സിത്താരയുടെ വാക്കുകളിലേക്ക്…
മേക്കപ്പ് ധരിച്ച ചിത്രങ്ങൾ പോസ്റ്റ് ചെയ്യുമ്പോൾ മലയാളത്തനിമ ഉണ്ടെന്ന് കമന്റ് പറയുന്നവർ മേക്കപ്പ് നീക്കം ചെയ്താൽ ഭിക്ഷക്കാരിയെന്നും ബംഗാളി സ്ത്രീയെന്നും ട്രാൻസ്ജെൻഡറെന്നും പരിഹാസേന വിളിക്കും. ഈ വാക്കുകൾ ഒരിക്കലും പരിഹാസിക്കാനുള്ളവയല്ല, ട്രാൻസ്ജെൻഡറുകളും ബംഗാളി സ്ത്രീയും ഭിക്ഷക്കാരിയുമെല്ലാം മനുഷ്യരാണ്. അവർ എങ്ങിനെയാണ് പരിഹാസ കഥാപാത്രങ്ങളാകുന്നത്. പരിഹസിക്കാൻ ഉപയോഗിക്കേണ്ട വാക്കുകളാണോ അവ. പ്രൊഫഷണൽ ജീവിതത്തിൽ എനിക്ക് മേക്കപ്പ് ഇടേണ്ടിവരും നല്ല സാരിയുടുക്കേണ്ടി വരും ആഭരണങ്ങൾ ധരിക്കേണ്ടി വരും. വ്യക്തി ജീവിതത്തിൽ ഞാൻ അങ്ങനെയല്ല. ആരോഗ്യകരമായ സംവാദങ്ങൾ ആകാം, എന്നാൽ മറ്റുള്ളവരെ പരിഹസിക്കുന്നതിലൂടെ എന്താണ് നമുക്ക് ലഭിക്കുന്നത്. മേക്കപ്പുകളൊന്നുമില്ലാതെ സത്യസന്ധമായ രൂപത്തെ അവതരിപ്പിക്കുമ്പോൾ മോശം അഭിപ്രായങ്ങൾ ലഭിക്കുകയും മേക്കപ്പൊക്കെയിട്ട് വരുമ്പോൾ നല്ല അഭിപ്രായങ്ങൾ ലഭിക്കുകയും ചെയ്യുന്നത് വിരോധാഭാസമായി തോന്നിയിട്ടുണ്ടെന്നും സിതാര പറയുന്നു.
നെഗറ്റീവ് കമന്റുകൾ കേൾക്കാൻ ആരും ആഗ്രഹിക്കാറില്ല. ഇതൊരു പരാതിയല്ലെന്നും അപേക്ഷയാണെന്നും സിതാര വ്യക്തമാക്കിയിട്ടുണ്ട്. അഭിപ്രായങ്ങൾ സ്നേഹത്തോടെ പറയുന്നതാണ് ആരോഗ്യകരം. വളരെയധികം നെഗറ്റിവിറ്റി നിറഞ്ഞ കാലത്തിലൂടെയാണ് മനുഷ്യരാശി കടന്നു പോയിക്കൊണ്ടിരിക്കുന്നതെന്നും അതിനാൽ അങ്ങേയറ്റം പോസിറ്റീവ് ആയിരിക്കാൻ ശ്രമിക്കണമെന്നും സിതാര പറയുന്നു.