നാട്യകലയും നൃത്തകലയും ഒരുപോലെ ഒത്തിണങ്ങിയ മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേത്രിയാണ് ശോഭന. എന്നാൽ അഭിനയമാണോ നൃത്തമാണോ കൂടുതൽ ഇഷ്ടമെന്നു ചോദിച്ചാൽ, നൃത്തമെന്ന് തന്നെയാകും ശോഭന പറയുക. കാരണം ജീവവായു പോലെ തന്നെ പൊതിയുന്ന വലിയൊരു ഇഷ്ടത്തിന്റെ പേരാണ് ശോഭനയ്ക്ക് നൃത്തമെന്നത്.
നൃത്തത്തില്‍ സജീവമായി തുടരുന്ന ശോഭന അടുത്ത കാലത്താണ് സോഷ്യൽ മീഡിയയിലും സജീവമായത് . അവിടെയും തന്റെ പാഷനായ നൃത്തത്തെക്കുറിച്ചാണ് ശോഭന കൂടുതലും സംസാരിക്കാറുള്ളത്. ആരാധകർക്കായി നൃത്തത്തിന്റെ ചുവടുകൾ പഠിപ്പിച്ചും ശോഭന ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. ശോഭനയുടെ നൃത്ത വീഡിയോകളും നൃത്തവിദ്യാലയമായ ‘കലാര്‍പ്പണ’യിലെ കുട്ടികളുടെ വിശേഷങ്ങളുമൊക്കെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ, ചലച്ചിത്ര താരം എന്ന പ്രശസ്തി നൃത്തവേദികളില്‍ സഹായിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ശോഭന. ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശോഭന മനസ്സുതുറന്നത്. “തീര്‍ച്ചയായും സഹായിച്ചിട്ടുണ്ട്. ചലച്ചിത്രതാരം എന്ന നിലയില്‍ എന്നെ വളരെയധികം ആളുകള്‍ അറിയുന്നു. ഇനിയും പല വര്‍ഷങ്ങള്‍ കടന്നുപോയാല്‍ ഈ സ്ഥിതി മാറും.
സിനിമയിലെ പ്രശസ്തി സ്ഥായിയല്ല. ചലച്ചിത്രതാരത്തെ കാണാന്‍ നിങ്ങള്‍ ഒരിക്കല്‍ മാത്രമേ പോവൂ. താരത്തിന്റെ നൃത്തസംബന്ധിയായ പ്രവൃത്തിക്ക് സിനിമയുമായി ബന്ധമൊന്നുമില്ല‘. ‘മണിച്ചിത്രത്താഴി’ലെ നൃത്തം പോലും ഞാന്‍ വീണ്ടും ചെയ്തിട്ടില്ല. കാരണം അത് വേറൊരു സംഗതിയാണ്. അതവിടെ നില്‍ക്കട്ടെ. ഇന്നാരാണ് ചലച്ചിത്രത്തില്‍ കാണപ്പെടാന്‍ താത്പര്യമില്ലാത്തവര്‍.
അത്ര വ്യാപനശേഷിയുണ്ടതിന്. എല്ലാവര്‍ക്കും ഇന്ന് സിനിമയില്‍ വരണം. പണ്ടത്തെപ്പോലെയല്ല. ഞങ്ങളൊക്കെ ചലച്ചിത്രത്തില്‍ വരുന്ന കാലത്ത് അതില്‍ നൃത്തം അവതരിപ്പിക്കുന്നവര്‍ സുശിക്ഷിതരല്ല എന്ന ഒരു തോന്നല്‍ പരക്കെ ഉണ്ടായിരുന്നു.
ഇന്നതൊക്കെ പോയി. ഈ ഡിജിറ്റല്‍ യുഗത്തില്‍ എല്ലാ നര്‍ത്തകരും സംഗീതജ്ഞരും ഒരു നിലയ്ക്ക് സിനിമയിലാണ്. എല്ലാവരും ദൃശ്യാലേഖനം ചെയ്യപ്പെടുന്ന കാലം. അറിയപ്പെടാന്‍ എല്ലാവര്‍ക്കും അവസരങ്ങളുള്ള കാലം. ഞാന്‍ തുടങ്ങിയ കാലത്തെ അവസ്ഥ ഇന്നുള്ളവര്‍ക്കില്ല,’ ശോഭന പറഞ്ഞു..
about shobhana