മമ്മൂട്ടി ഏറെ തിളങ്ങിയ തമിഴ് സിനിമകളില്‍ ഒന്നാണ് സംവിധായകന്‍ ലിംഗുസാമി ഒരുക്കിയ ‘ആനന്ദം’. തമിഴിലെ മികച്ച കുടുംബചിത്രമായ പുറത്തെത്തിയ സിനിമയുടെ ലൊക്കേഷനില്‍ സംഭവിച്ച കാര്യങ്ങളാണ് ഇന്നും വാര്‍ത്തകളില്‍ ഇടം നേടുന്നത്.
ആനന്ദത്തില്‍ മമ്മൂട്ടി പറയുന്ന ഡയലോഗുകളില്‍ തൃപ്തി തോന്നാതിരുന്ന സംവിധായകന്‍ താരത്തെ കൊണ്ട് നിരവധി തവണ ഡബ്ബ് ചെയ്യിപ്പിച്ചിട്ടുണ്ട് എന്നാണ് പറയുന്നത്. വികാരഭരിതമായ ഒരു രംഗത്ത് എത്ര തവണ ഡയലോഗ് പറഞ്ഞിട്ടും സംവിധായകന്‍ ഉദ്ദേശിച്ചതു പോലെ വന്നില്ല. എട്ട് ടേക്കായപ്പോള്‍ ക്ഷമകെട്ട് മമ്മൂട്ടി ചോദിച്ചു, എന്ന വേണം തമ്പി ഉനക്ക്..?
താന്‍ ഉദ്ദേശിക്കുന്ന ഫീല്‍ വരുന്നില്ലെന്നു സംവിധായകന്‍ പറഞ്ഞപ്പോള്‍ അതൊക്കെ ഡബ്ബിംഗില്‍ ശരിയാക്കാമെന്ന് മമ്മൂട്ടി. സംവിധായകന്‍ തന്നെ അഭിനയിച്ചു കാണിക്കെന്ന് താരം നിര്‍ദേശിച്ചു. അങ്ങനെ ലിംഗുസാമി ആ ഡയലോഗ് അഭിനയിച്ച് ഷൂട്ട് ചെയ്ത് കാണിച്ചു. മമ്മൂട്ടി അതു പോലെ തന്നെ അഭിനയിക്കുകയായിരുന്നു. തഞ്ചാവൂര്‍ സ്ലാംഗിലെ തമിഴ് ഡയലോഗ് വീണ്ടും വെല്ലുവിളിയായി.
ഫൈനല്‍ മിക്‌സിംഗ് എത്തിയപ്പോള്‍ ഒരൊറ്റ ഡയലോഗിനായി മമ്മൂട്ടിയെ വീണ്ടും വിളിച്ചു വരുത്തി. ഒടുവില്‍ പല മോഡുലേഷനില്‍ ഡയലോഗ് പറഞ്ഞ് ശരിയാക്കുകയായിരുന്നു. സിനിമ ഇറങ്ങിയപ്പോള്‍ ഏറ്റവുമധികം പ്രശംസ നേടിയത് മമ്മൂട്ടിയുടെ ഡയലോഗ് ഡെലിവറി ആയിരുന്നു. തമിഴ് അഭിനേതാക്കള്‍ ഡബ്ബിംഗ് മമ്മൂട്ടിയെ കണ്ടു പഠിക്കണം എന്നായിരുന്നു തമിഴ് പത്രം ‘കുമുദ’ത്തില്‍ എഴുതിയിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.