ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ‘സാറാസ്’ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് റിലീസ് ചെയ്തത്. സിനിമ കണ്ടവരാരും തന്നെ മറക്കാനിടയില്ലാത്ത മുഖമാണ് സാറയുടെ കുശുമ്പത്തി അമ്മായിയുടേത്. എറണാകുളം തേവര സ്വദേശിയായ വിമലയായിരുന്നു മനോഹരമായി കഥാപാത്രത്തെ അവതരിപ്പിച്ചത്.
ആവശ്യത്തിനും അനാവശ്യത്തിനും അഭിപ്രായപ്രകടനവുമായെത്തുന്ന നാട്ടിൻപുറത്തുകാരി അമ്മായിമാരുടെ തനിപ്പകർപ്പായിരുന്നു സാറയുടെ അമ്മായി. ‘ആ ഇത് മറ്റേതാ, ഫെമിനിസം’ എന്ന ഡയലോഗ് പുത്തൻ തലമുറയിലെ പെൺകുട്ടികളെ ഒട്ടൊന്നുമല്ല ചൊടിപ്പിച്ചത്. എന്നാൽ അമ്മായിയുടെ റോൾ ചെയ്ത വിമല നാരായണൻ ഇതുവരെ സാറാസ് കണ്ടില്ല. താൻ അഭിനയിച്ച സിനിമയുടെ വിജയം ആഘോഷിക്കാൻ കഴിയാത്തവണ്ണം സങ്കടക്കടലിലാണ് വിമല
മൂത്ത മകളുടെ ചികിത്സയ്ക്കായി പണം കണ്ടെത്തുന്നതിനായുള്ള ഓട്ടത്തിലാണ് വിമല. ഗുരുതരമായ വൃക്കരോഗം ബാധിച്ച മകള്‍ക്ക് തന്റെ വൃക്ക നല്‍കാനായി വിമല തയ്യാറാണെങ്കിലും അതിനുള്ള പണം കണ്ടെത്താനാവാതെ ഉഴലുകയാണ്.
ഇപ്പോൾ ഇതാ മലയാളി വാർത്തയ്ക്ക് നൽകിയ അഭിമുഖത്തിൽ വിമല മനസ്സ് തുറക്കുകയാണ്. സിനിമ വിജയിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്. പലരും ഫോൺ വിളിച്ച് അഭിനന്ദിച്ചിട്ടുണ്ട്. പക്ഷെ എനിയ്ക്ക് സന്തോഷിക്കാൻ സാധിക്കുന്നില്ല. മകൾ ക്രിട്ടിക്കലാണെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ആ സിനിമയിൽ കിട്ടിയ സന്തോഷം പോലും ജീവിതത്തിൽ അനുഭവിക്കാൻ സാധിക്കുന്നില്ലെന്നാണ് വിമല പറയുന്നത്
6 വർഷമായി മകൾ ചകിത്സയിലാണ്. ഇരുവൃക്കകളും തകാരാറിലായതിനാല്‍ ഡയലിസിസ് മാത്രമാണ് ആശ്രയം. ഒന്നര വർഷമായി ഡയാലിസസ് ചെയ്ത് കൊണ്ടിരിക്കുകയാണ്. ഇനി കിഡ്‌നി മാറ്റിവെക്കുക മാത്രമാണ് ഏകപോംവഴി. അത് കൊണ്ടാണ് ഈ ഒരു ഫണ്ടിന് വേണ്ടി ഇറങ്ങിതിരിച്ചത് . എന്റെ മകളെ രക്ഷിക്കാൻ വേണ്ടി എല്ലാവരും സഹായിക്കണമെന്ന് വിമല കണ്ണീരോടെ പറയുകയാണ്
വേറെ കിഡ്‌നി വാങ്ങാനുള്ള നിവൃത്തി ഇല്ലാത്തത് കൊണ്ട് മകൾക്ക് എന്റെ കിഡ്നിയാണ് കൊടുക്കുന്നത്. കുറച്ച് ടെസ്റ്റ് ചെയ്തു കഴിഞ്ഞു. അതിൽ കുഴപ്പം ഒന്നുമില്ല. ആ ഒരു ധൈര്യത്തിലാണ് ഞാൻ നിൽക്കുന്നത്. ആത്മഹത്യ ചെയ്യണമെന്ന് വരെ ചിന്തിച്ചു പോയ സമയമുണ്ടായിരുന്നു. മകളെ ഓർത്താണ് ഇപ്പോൾ ജീവിക്കുന്നത് . എന്ത് ചെയ്യണമെന്ന് അറിയില്ല , മുന്നോട്ട് എങ്ങനെ പോകണമെന്ന് അറിയില്ല , എല്ലാവരുടെയും സഹായം പ്രതീക്ഷിക്കുന്നുവെന്നും വിമല പറയുന്നു
ചെറിയ റോളുകൾ ലഭിക്കുന്നതിനാൽ സിനിമയിൽ നിന്നും വലിയ വരുമാനവും നടിക്ക് ലഭിക്കാറില്ല. രണ്ടുമൂന്നു സിനിമകളിൽ മാത്രം അഭിനയിച്ചിട്ടുള്ള വിമലയ്ക്ക് മതിയായ സിനിമാബന്ധങ്ങളില്ല. സിനിമാമേഖലയിലുള്ള ചിലരെ സഹായം അഭ്യർത്ഥിച്ചുകൊണ്ട് വിളിച്ചിരുന്നു. മകളുടെ ജീവൻ രക്ഷിക്കാൻ ഇനി എന്ത് ചെയ്യണം എന്നറിയാതെ കുഴങ്ങുകയാണ് ഈ അമ്മ.
പതിനേഴാം വയസ്സിലായിരുന്നു വിമലയുടെ വിവാഹം. മക്കൾ ഉണ്ടായി അധികനാളാകുന്നതിനു മുൻപ് ഭർത്താവ് മരിച്ചു. പിന്നീട് ചെറിയ ചെറിയ ജോലികൾ ചെയ്താണ് വിമല കുട്ടികളെ വളർത്തിയത്. അച്ചാറുകള്‍, ഷാംപു എന്നിവ വീടുകളിൽ കൊണ്ടുപോയി വില്‍ക്കുക, തുണിത്തരങ്ങൾ വിൽക്കുക എന്നീ ജോലികൾ ചെയ്താണ് കുടുംബം പുലർത്തിയത്. മക്കളെ വിവാഹം ചെയ്തു അയയ്ക്കുകയും ചെയ്തു.
ഇതിനിടെ സിനിമാ യൂണിറ്റിൽ ജോലിക്കു പോയ വിമല ചെറിയ റോളുകളിൽ അഭിനയിച്ചു തുടങ്ങി. മഹേഷിന്റെ പ്രതികാരം, ഒന്നുരണ്ടു തമിഴ് സിനിമകൾ തുടങ്ങിയവ ചെയ്തിരുന്നു. കുഞ്ഞുണ്ടായി കഴിഞ്ഞതിനു ശേഷമാണ് കുടുംബത്തെ ആകെ തകർത്തുകളഞ്ഞ മാരക രോഗം മകൾക്ക് ബാധിച്ചത്.
ചെറിയ ചെറിയ ജോലി ചെയ്തുകൊണ്ടിരിക്കുന്ന വിമലയുടെ മകളുടെ ഭർത്താവിന് കോവിഡ് വ്യാപകമായതോടെ ജോലി ചെയ്യാൻ കഴിയാതെയായി. വിമലയുടെ ചെറിയ വരുമാനത്തിലാണ് മകളുടെ ചികിത്സയും വീട്ടുചെലവുകളും നടക്കുന്നത്. കോവിഡ് കാലത്ത് വിമല ചെയ്ത ചിത്രമാണ് സാറാസ്.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് വിമലയുടെ മകളെ ചികിത്സിക്കുന്നത്. 15 ലക്ഷം രൂപയാണ് ശസ്ത്രക്രിയക്ക് വേണ്ടിവരുന്നത്. തന്റെ മകളുടെ ജീവൻ രക്ഷിക്കാൻ നല്ലവരായ മലയാളികളുടെ കനിവ് തേടുകയാണ് വിമല.