ഷോട്ട് ഓക്കെയാണോ എന്ന് രണ്ടാമത്തെ വട്ടം ചോദിച്ചപ്പോള്‍ മഹേഷേട്ടന്‍ അങ്ങനെ പറഞ്ഞു, പിന്നെ ചോദിക്കാന്‍ പോയിട്ടില്ല; കുറച്ച് കൂടി നന്നാക്കാമായിരുന്നല്ലോ എന്ന് തോന്നും; അനുഭവങ്ങൾ പങ്കുവച്ച് സനല്‍ അമന്‍ !

സനൽ അമൻ എന്ന പേര് മലയാളികൾക്ക് പരിചിതമായി തുടങ്ങാൻ സമയമായില്ല. എന്നാൽ, വളരെപ്പെട്ടന്ന് തന്നെ ശ്രദ്ധിക്കപ്പെടാൻ പോകുന്ന യുവ നായകനാണ് സനൽ. മാലിക് സിനിമയില്‍ പതിനേഴ് വയസ്സുകാരനെ അവതരിപ്പിച്ച് കൈയ്യടിനേടിയ താരമാണ് സനല്‍ അമന്‍. മാലികില്‍ അഭിനയിക്കുമ്പോഴുണ്ടായ അനുഭവങ്ങള്‍ ഒരഭിമുഖത്തിലൂടെ പങ്കുവെയ്ക്കുകയാണ് ഇപ്പോൾ.

സീനുകള്‍ക്ക് ഒരു പാട് റീടേക്ക് വന്നിട്ടില്ലെങ്കിലും തനിക്ക് തൃപ്തിവരാതിരുന്നതിനാല്‍ ഷോട്ട് എടുത്ത് കഴിഞ്ഞ ശേഷം ചിത്രത്തിന്റെ സംവിധായകന്‍ മഹേഷ് നാരായണനോട് അഭിപ്രായം ചോദിച്ചിരുന്നതിനെക്കുറിച്ചാണ് സനല്‍ അമന്‍ പറയുന്നത്.

‘ഷോട്ട് എടുത്ത് കഴിഞ്ഞ് പെട്ടെന്ന് മഹേഷേട്ടന്‍ ഓക്കെ പറഞ്ഞുകഴിഞ്ഞാല്‍, മഹേഷേട്ടാ അത് ഓക്കെ ആണോ എന്ന് ഞാന്‍ വീണ്ടും ചോദിക്കുമായിരുന്നു. ഒന്ന് വിശ്വസിക്കെടാ ഓക്കെയാണ് എന്ന് മഹേഷേട്ടന്‍ അപ്പോള്‍ പറയും.

അങ്ങനെ പറഞ്ഞതിന് ശേഷം ഞാന്‍ രണ്ടാമത് ചോദിക്കാന്‍ പോവാറില്ല. നമുക്ക് എത്ര ചെയ്താലും തൃപ്തി വരുന്നില്ല എന്നതാണ് സത്യം. കുറച്ച് കൂടി നന്നാക്കാമായിരുന്നല്ലോ എന്ന് തോന്നും. എന്നാല്‍ എത്ര വേണമെന്നതിന്റെ കൃത്യം മീറ്റര്‍ മഹേഷേട്ടന് അറിയാമായിരുന്നു,’ സനല്‍ പറയുന്നു.

സംവിധായകന് ഷോട്ടുകളെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരുന്നുവെന്നും ആ ബെഞ്ച് മാര്‍ക്ക് കിട്ടുന്നതുവരെ അദ്ദേഹം ചെയ്യിപ്പിക്കുമായിരുന്നുവെന്നും സനല്‍ പറഞ്ഞു.

അലറിവിളിച്ച് ചെയ്യേണ്ടി വന്ന സീനുകള്‍ ആണ് തനിക്ക് കൂടുതല്‍ ടേക്ക് എടുക്കേണ്ടി വന്നതെന്നും അതുകൊണ്ട് പിറ്റേദിവസത്തേക്ക് ശബ്ദം പോയ അവസ്ഥയില്‍ ആയിരുന്നുവെന്നും അഭിമുഖത്തില്‍ സനല്‍ കൂട്ടിച്ചേര്‍ത്തു. ആമസോണ്‍ പ്രൈമില്‍ ജൂലൈ 15ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

about malik

Safana Safu :