മാലിക്ക് സിനിമ കണ്ടു തീര്‍ന്നു, മറ്റൊരു മെക്‌സിക്കന്‍ അപാരത എന്ന് പറയാം; ഒമര്‍ ലുലു

മഹേഷ് നാരായണന്റെ സംവിധാനത്തില്‍ ഫഹദ് ഫാസിലിനെ നായകനാക്കി പുറത്തിറങ്ങിയ മാലിക്കിലെ രാഷ്ട്രീയത്തെ വിമര്‍ശിച്ച് സംവിധായകന്‍ ഒമര്‍ ലുലു. ”മാലിക്ക് സിനിമ കണ്ടു തീര്‍ന്നു മറ്റൊരു മെക്‌സിക്കന്‍ അപാരത എന്ന് പറയാം” എന്നാണ് ഫെയ്‌സ്ബുക്കിലൂടെയുള്ള ഒമര്‍ ലുലുവിന്റെ പരോക്ഷവിമര്‍ശനം.

കലാലയ രാഷ്ട്രീയ കഥ പറഞ്ഞ ‘ഒരു മെക്‌സിക്കന്‍ അപാരത’യില്‍ ടൊവീനോ ആണ് നായകന്‍. സിനിമയില്‍ മഹാരാജാസ് കോളേജില്‍ കെഎസ്?യു വര്‍ഷങ്ങളായി ആധിപത്യം തുടരുന്നതും ഇവരെ തറപറ്റിച്ച് എസ്എഫ്‌ഐ മുന്നേറുന്നതിനെക്കുറിച്ചാണ് പറയുന്നത്. എന്നാല്‍ 2011ല്‍ എസ്എഫ്‌ഐയെ തറപറ്റിച്ച് കെഎസ്?യു മഹാരാജാസ് കോളേജില്‍ നേടിയ വിജയവും, ചെയര്‍മാന്‍ ജിനോ ജോണ്‍ നടത്തിയ പ്രസംഗവും ഇടത് സംഘടനയുടേതാക്കി കാണിച്ചതാണ് എന്ന വിമര്‍ശങ്ങള്‍ ഉയര്‍ന്നിരുന്നു.

മാലിക്കിനു നേരേ ഉയരുന്ന വിമര്‍ശനങ്ങള്‍ 2009 ല്‍ തിരുവനന്തപുരത്തെ ബീമാപ്പള്ളിയില്‍ നടന്ന വെടിവെയ്പുമായും അന്നത്തെ രാഷ്ട്രീയ സാഹചര്യവുമായും ബന്ധപ്പെട്ടാണ്. അന്ന് ഭരണകക്ഷിയായിരുന്ന സിപിഎമ്മിനെ വെള്ളപൂശാനുള്ള ശ്രമമാണ് സിനിമയെന്ന ആരോപണങ്ങളാണ് ഉയരുന്നത്.

സംഭവം നടന്ന സമയത്ത് വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയും ആയിരുന്നു. എന്നാല്‍ ബീമാപ്പള്ളി വെടിവെയ്പിനു പിന്നിലുള്ള രാഷ്ട്രീയ ഇടപെടലുകളെ ഒട്ടും പരാമര്‍ശിക്കാതെ അന്നത്തെ അധികാരവൃത്തങ്ങളെ വെള്ള പൂശുകയാണ് സിനിമയെന്നാണ് വ്യാപകമായി ഉയരുന്ന വിമര്‍ശനം.

Noora T Noora T :