മദ്യപിച്ച് നൃത്തം വയ്ക്കുന്ന ഡിക്കമ്മായിയെ ഓർമ്മിക്കും വിധം കിടിലന്‍ ഡാന്‍സ് നമ്പറുമായി സുകുമാരി; പഴയ വീഡിയോ തരംഗമായത് വളരെപ്പെട്ടന്ന് !

മലയാള സിനിമയില്‍ വർഷങ്ങളോളം ജ്വലിച്ചുനിന്ന നായിക, അതാണ് ഇന്നും സുകുമാരി. അഭിനയ ജീവിതത്തിന്റെ അറുപത് വർഷങ്ങളിൽ സുകുമാരി അനശ്വരമാക്കിയത് 2500-ലേറെ സിനിമകളാണ് . എണ്ണമറ്റ കഥാപാത്രങ്ങള്‍, ആറു പതിറ്റാണ്ടില്‍ ആറു ഭാഷകളിലൂടെ നീണ്ട അഭിനയസപര്യ. അതില്‍ വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ ചെയ്ത കലാകാരിയായി ഇന്നും സുകുമാരി എന്ന പേര് ഓരോ സിനിമാ പ്രേമികളുടെ മനസിലും കൊത്തിവച്ചിട്ടുണ്ട്.

സുകുമാരിയെ ഓര്‍ക്കുമ്പോള്‍ പാവപ്പെട്ട അമ്മ-സഹോദരി വേഷങ്ങളല്ല പ്രേക്ഷകരുടെ മനസ്സില്‍ ഓടിയെത്തുക. പകരം, നല്ല തന്റേടവും മിടുക്കുമുള്ള ഉറച്ച ശബ്ദമുള്ള കലഹിക്കുന്ന കഥാപാത്രങ്ങളെയാണ് ഓര്‍മവരുക. നാടന്‍ വേഷങ്ങളും മോഡേണ്‍ വേഷങ്ങളും ഒരുപോലെ വഴങ്ങുന്ന അഭിനേത്രി, ഒരു നര്‍ത്തകി കൂടിയായത് കൊണ്ടായിരിക്കണം, കണ്ണുകള്‍ കൊണ്ട് വിവിധ ഭാവങ്ങള്‍ സൃഷ്ടിക്കാന്‍ കെല്‍പ്പുള്ള നടിയായിരിക്കുന്നത്.

ബോയിങ് ബോയിങ്ങില്‍ യന്ത്രമനുഷ്യനെപ്പോലെ ജോലി ചെയ്യുന്ന, മദ്യപിച്ച് നൃത്തം വയ്ക്കുന്ന ഡിക്കമ്മായി, പൂച്ചക്കൊരു മൂക്കുത്തിയിലെ ശങ്കരമംഗലത്തിലെ വെസ്റ്റേണ്‍ പാട്ടുകളുടെ ആരാധികയായ, എല്ലായ്പ്പോഴും വൃത്തിയായി ഒരുങ്ങി നടക്കുന്ന രേവതിയമ്മ, വന്ദനത്തിലെ കാര്‍ക്കശ്യക്കാരിയായ മാഗിയാന്റി, അക്കര അക്കരെയിലെ വാടകക്കാരായ യുവാക്കളുടെ മുട്ട മോഷണം കയ്യോടെ പിടികൂടി അവരെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഹൗസ് ഓണര്‍, തലയണമന്ത്രത്തിലെ മുക്കുകണ്ണാടി വച്ച്, പരിഷ്‌കാരത്തോടൊപ്പം പരദൂഷണവും അലങ്കാരമാക്കി നടക്കുന്ന നടക്കുന്ന സുലോചന തങ്കപ്പന്‍… അങ്ങനെ പോകുന്നു സുകുമാരി അനശ്വരമാക്കിയ വേഷങ്ങള്‍.

സുകുമാരിയുടെ കോമഡി കഥാപാത്രങ്ങളും ഡയലോഗുകളും സോഷ്യല്‍ മീഡിയയില്‍ മീമുകളായും ചെറു വീഡിയോകളായും നിറഞ്ഞുനില്‍ക്കാറുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ചെറുപ്പത്തിലെ സുകുമാരിയുടെ ചടുലമായ നൃത്തച്ചുവടുകളാണ് വീഡിയോയിലുള്ളത്. ഏത് സിനിമയിലെ രംഗമാണെന്ന് വീഡിയോ പങ്കുവെച്ച പേജുകളിലൊന്നും പറഞ്ഞിട്ടില്ല .ജീന്‍സും ടോപ്പും ഷൂസും ധരിച്ച്, മുടി ഉയര്‍ത്തിക്കെട്ടി, പാശ്ചാത്യരീതിയിലുള്ള സ്റ്റെപ്പുകളുമായി ചുവടുവെക്കുന്ന സുകുമാരിയെ വീഡിയോയില്‍ കാണാം.

മലയാളി ചിന്തകള്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ എത്തിയിരിക്കുന്നത്. 11ാം വയസില്‍ സിനിമയിലെത്തി 60 വര്‍ഷത്തോളം അഭിയനരംഗത്ത് തുടര്‍ന്ന സുകുമാരിയെ ആര്‍ക്കും മറക്കാനാകില്ലെന്ന് വീഡിയോക്കൊപ്പമുള്ള കുറിപ്പില്‍ പറയുന്നു.

എല്ലാ ഭാഷകളിലും സ്വന്തം ശബ്ദം ഉപയോഗിക്കാന്‍ അവസരം ലഭിച്ച അപൂര്‍വ്വം അഭിനേതാക്കളിലൊരാള്‍ കൂടിയാണ് സുകുമാരിയെന്നും ഈ കുറിപ്പില്‍ പറയുന്നുണ്ട്. വീഡിയോക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായെത്തിയത്. സുകുമാരിയുടെ ഈ അപൂര്‍വ്വ വീഡിയോ പങ്കുവെച്ചതിന് നന്ദി പറയുന്ന കമന്റുകളാണ് ഇവയില്‍ ഒട്ടുമിക്കതും.

ABOUT SUKUMARI

Safana Safu :