ലളിതഗാനമത്സരത്തിൽ ഒന്നാം സമ്മാനം കിട്ടിയ ആ ഉണ്ടക്കണ്ണുകാരി ഇതായിരുന്നോ? ; പക്ഷെ ആ ടോലി ആരാണെന്ന് മനസിലാകുന്നില്ലല്ലോ ? ഈ നിഷ്കളങ്കയായ പാട്ടുകാരിയെ നിങ്ങൾക്ക് മനസ്സിലായോ?

മലയാള സിനിമാ മേഖലയിലെ പലരും സിനിമാ ലോകത്തേക്കുള്ള കാൽവെപ്പ് നടത്തിയത് സ്കൂൾ കലോത്സവ വേദിയിലൂടെയാണ് . മലയാള നടിമാരിൽ പലരും കലോത്സവങ്ങളിലൂടെ സിനിമയിലേക്ക് എത്തിയവരാണ്. എന്നാൽ ഗാനരംഗത്തും അങ്ങനെ സിനിമയിലേക്ക് എത്തിയവരുണ്ട്. അങ്ങനെ ഒരാളാണ് ഈ ചിത്രത്തിൽ ഉള്ളത് .

മലയാളം സിനിമാ ഗാനരംഗത്ത് തന്റേതായ ഒരു ഇടം കണ്ടെത്തിയ ഗായികയാണ് റിമി ടോമി. ആദ്യ കാലങ്ങളിൽ സ്റ്റേജ് ഷോകളിൽ നിറസാന്നിധ്യമായിരുന്നു റിമി. തുടക്കം അവതാരക ആയിട്ട് ആയിരുന്നെങ്കിലും റിമി ഗായിക എന്ന നിലയിലാണ് കൂടുതൽ അറിയപ്പെട്ടത്. എന്നാൽ പിൽകാലത്ത് കൂടുതൽ ടെലിവിഷൻ ഷോകളിലൂടെ പ്രേക്ഷകരുടെ ഇഷ്ട അവതാരകയായും റിമി മാറി.

റിമി തന്നെയാണ് തന്റെ പഴയ കാല ചിത്രം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 1997ലെ റവന്യു ജില്ലാ കലോത്സവത്തിൽ ലളിത ഗാനത്തിന് ഒന്നാം സമ്മാനം കിട്ടിയപ്പോൾ പത്രത്തിൽ വന്ന ചിത്രമാണ് റിമി പോസ്റ്റ് ചെയ്തത്. പാലയിലെ സെന്റ് മേരിസ് ഗേൾസ് സ്കൂളിൽ പഠിക്കുമ്പോഴാണ് കോട്ടയം റവന്യു ജില്ലാ കലോത്സവത്തിൽ റിമി ഒന്നാം സ്ഥാനം നേടിയത്. എന്നാൽ, ചിത്രത്തിൽ റിമി ടോലി എന്നാണ് എഴുതിയിരിക്കുന്നത്. ഇപ്പോഴുള്ള അതേ നിഷ്കളങ്കമായ ചിരിയാണ് ഫോട്ടോയിലും ഉള്ളത്.

1997ൽ തന്നെയാണ് റിമി ആദ്യമായി ടെലിവിഷനിൽ അവതാരകയാകുന്നത്. ദൂരദർശനിലെ ഗാനവീഥി എന്ന പരിപാടിയിൽ ആയിരുന്നു അത്. പിന്നീട് കൈരളിയിലും ഏഷ്യാനെറ്റിലും എല്ലാം റിമി അവതാരകയായി. 2002ൽ പുറത്തിറങ്ങിയ ലാൽ ജോസ് ചിത്രം മീശ മാധവനിലെ ‘ചിങ്ങമാസം’ എന്ന പാട്ടാണ് റിമി പാടിയ ആദ്യ സിനിമാ ഗാനം. വലിയ ഹിറ്റായി മാറിയ ആ ഗാനത്തിന് ശേഷം ഏകദേശം എൺപതോളം ചിത്രത്തിൽ റിമി പാടി. അതിൽ തന്നെ പല ഗാനങ്ങളും സൂപ്പർ ഹിറ്റുകളായി.

പാട്ടിനൊപ്പം അവതാരകയായും തുടർന്ന റിമി ഏകദേശം മുപ്പതോളം ടെലിവിഷൻ പരിപാടികളിൽ അവതാരകയായും വിധികർത്താവായും വന്നിട്ടുണ്ട്. അതിൽ മഴവിൽ മനോരമയിലെ ‘ഒന്നും ഒന്നും മൂന്ന്’ എന്ന പരിപാടി തുടർച്ചയായി നാല് സീസണുകൾ റിമി അവതരിപ്പിക്കുകയും ചെയ്തു.

പാട്ടിനും അവതരണത്തിനും പുറമെ ഏഴ് സിനിമകളിലും അഭിയനയിച്ചിട്ടുണ്ട്. അതിൽ ഒരു സിനിമയിൽ നായികയായും നാല് സിനിമകളിൽ സ്വന്തം പേരിലുമാണ് റിമി അഭിനയിച്ചത്. 2015ൽ പുറത്തിറങ്ങിയ കണ്ണൻ താമരകുളത്തിന്റെ ജയറാം ചിത്രം ‘തിങ്കൾ മുതൽ വെള്ളിവരെ’യിലാണ് റിമി നായികയായത്.

അതിനു ശേഷം ആ വർഷം തന്നെ ബേസിൽ ജോസഫിന്റെ കുഞ്ഞിരാമായണം എന്ന ചിത്രത്തിൽ ഒരു അതിഥി റോളും ചെയ്തിരുന്നു.2008ൽ റോയ്‌സ് കിഴക്കോടനെ വിവാഹം ചെയ്ത റിമി 11 വർഷത്തെ ദാമ്പത്യത്തിനു ശേഷം 2019ൽ വിവാഹമോചനം നേടിയിരുന്നു.

about rimi tomy

Safana Safu :