അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ മലയാളികള്‍ക്ക് ഇത്രയും താല്‍പര്യമുണ്ടെന്ന് ഇത്തവണയാണ് തനിക്ക് മനസിലായത്; അനുഭവം പങ്കുവെച്ച് ബാലചന്ദ്ര മേനോൻ

അമേരിക്കന്‍ തെരഞ്ഞെടുപ്പിനെക്കുറിച്ചും ട്രംപിനെക്കുറിച്ചുമുള്ള തന്റെ അനുഭവം പങ്കുവെക്കുകയാണ് ബാലചന്ദ്ര മേനോന്‍. കഴിഞ്ഞ അമേരിക്കന്‍ തെരഞ്ഞെടുപ്പ് കാലത്ത് അമേരിക്കയിലായിരുന്നു ബാലചന്ദ്രമേനോന്‍. ആദ്യ ഡിബേറ്റില്‍ നിന്ന് തന്നെ ട്രംപിനെക്കുറിച്ച്‌ മനസിലായെന്നാണ് അദ്ദേഹം പറയുന്നത്.

ബാലചന്ദ്രമേനോന്റെ വാക്കുകള്‍

കേരളജനതയ്ക്ക് അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഇത്രയും താല്‍പര്യമുണ്ട് എന്നത് എനിക്കൊരു പുതിയ അനുഭവമാണ്. കഴിഞ്ഞ അമേരിക്കന്‍ തെരഞ്ഞെടുപ്പ് സമയത്ത് എങ്ങനെയോ ഞാന്‍ അമേരിക്കയില്‍ ആയിരുന്നു. മകള്‍ കുടുംബത്തോടൊപ്പം അവിടെയാണ്. പ്രധാന മത്സരാര്‍ഥികള്‍ തമ്മിലുള്ള ഡിബേറ്റുകള്‍ അവിടുത്തെ ഒരു പ്രത്യേകതയാണ്.

എല്ലാ ഡിബേറ്റുകളും കാണണമെന്ന് ഞാന്‍ തീരുമാനമെടുത്തു. ട്രംപും ഹിലരി ക്ലിന്‍റണും പ്രതിയോഗികള്‍. ട്രംപ് എന്നൊരു പേര് ആദ്യമായി കേട്ടപ്പോള്‍ എനിക്കൊരു തമാശയാണ് തോന്നിയത്, ആ പേരിന്‍റെ വ്യത്യസ്തതകൊണ്ട്. അതേസമയം ട്രംപിനെക്കുറിച്ച്‌ എനിക്ക് എന്തൊക്കെയോ പ്രതീക്ഷകളും ഉണ്ടായിരുന്നു. അദ്ദേഹത്തിനാണ് സാധ്യതയെന്ന് ഞാന്‍ മനസിലാക്കിയിരുന്നു. പക്ഷേ ആദ്യത്തെ ഡിബേറ്റ് തുടങ്ങി അല്‍പ്പം കഴിഞ്ഞപ്പോള്‍ത്തന്നെ മനസിലായി, ഞാന്‍ പ്രതീക്ഷിച്ച ഒരു രീതിയേ അല്ല ട്രംപിന് ഉള്ളതെന്ന്.

എതിരാളിയെ കൊച്ചാക്കി വര്‍ത്തമാനം പറഞ്ഞിട്ട് സന്തോഷിക്കുന്ന ഒരാള്‍. ഹിലരിയോട് ഒട്ടും ബഹുമാനമില്ലാതെ, നിങ്ങള്‍ക്കെന്തറിയാമെന്നും നിങ്ങള്‍ എന്തബദ്ധമാണ് പറയുന്നതെന്നുമൊക്കെയായിരുന്നു ട്രംപിന്‍റെ പ്രതികരണം. ശരീരഭാഷകളിലൊക്കെ തരംതാണ ഗിമ്മിക്കുകളും അദ്ദേഹം പുലര്‍ത്തിയിരുന്നു.

ആ ഡിബേറ്റ് അമേരിക്കയെക്കുറിച്ചുള്ള എന്‍റെ ധാരണകളെ തകര്‍ത്തുകളഞ്ഞു. അതേസമയം ആ ഡിബേറ്റില്‍ ഹിലരിയുടെ വ്യക്തിത്വം ശ്രദ്ധേയവുമായിരുന്നു. പിന്നീട് കണ്ട ഡിബറ്റുകളും സമാനമായിരുന്നു. അമേരിക്കക്കാര്‍ എങ്ങനെ ഇത് സഹിക്കുന്നു എന്ന് എനിക്ക് സംശയം തോന്നി.

പ്രതിപക്ഷബഹുമാനമില്ലാത്ത ഒരു രാഷ്ട്രീയക്കാരന്‍ എന്നുപറഞ്ഞാല്‍ ട്രംപിന്‍റെ പേര് നമുക്ക് പറയാം. ഹിലരിയാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് യോഗ്യയെന്ന് 100 ശതമാനം എനിക്ക് ഉറപ്പുണ്ടായിരുന്നു.

പക്ഷേ ജനവിധി വന്നപ്പോള്‍ ഞാന്‍ ഞെട്ടി. അന്നുണ്ടായ ഞെട്ടല്‍ ഇപ്പോഴും തുടരുകയാണ്. നാല് വര്‍ഷങ്ങളില്‍ പലവിധ വിവാദങ്ങളിലൂടെ കടന്നുപോയതിനുശേഷം അദ്ദേഹം വീണ്ടും സ്ഥാനാര്‍ഥിയായി. മകളോട് പറഞ്ഞ് ഇത്തവണത്തെ ഡിബറ്റുകളുടെ ലിങ്ക് ഒക്കെ വാങ്ങി കണ്ടുനോക്കി.

ഇത്തവണയും അദ്ദേഹത്തിന്‍റെ സ്വഭാവത്തില്‍ യാതൊരു വ്യത്യാസവുമില്ല. ഇങ്ങേര് ഉറക്കംതൂങ്ങിയായിട്ട് നടക്കുകയാണ് എന്നൊക്കെയാണ് പല വേദികളിലും ബൈഡനെ പുള്ളി വിശേഷിച്ചത്. കൊവിഡ് വന്നപ്പോള്‍ അതൊരു സാധാരണ പനി പോലെയേ ഉള്ളുവെന്നും താന്‍ മാസ്ക് ഉപയോഗിക്കില്ലെന്നുംകൂടി അദ്ദേഹം പറഞ്ഞു.

രണ്ട് ലക്ഷത്തില്‍ കൂടുതല്‍ ആളുകളാണ് അവിടെ കൊവിഡ് മൂലം മരണപ്പെട്ടത്. ഏറ്റവുമൊടുവില്‍ വോട്ടെണ്ണല്‍ അവസാനിക്കുന്നതിനുമുന്‍പെ പുള്ളി സ്വയം പ്രഖ്യാപിക്കുകയും ചെയ്തു, താന്‍ ജയിച്ചുവെന്നും ഇനി എണ്ണേണ്ട കാര്യമില്ലെന്നും.

അമേരിക്ക പോലെ ഒരു രാജ്യത്ത് ഇത് സംഭവിക്കുന്നുവെന്ന് എനിക്ക് അത്ഭുതമുണ്ടാക്കി. രാഷ്ട്രീയ പാര്‍ട്ടികളെക്കാള്‍ വ്യക്തികളുടെ കഴിവിലാണ് എന്‍റെ വിശ്വാസം.

Noora T Noora T :