കൊവിഡിന്‍റെ കലി അടങ്ങുന്നില്ല, ഇതാ മറ്റൊരു കലാകാരനെ കൂടി ഇന്ന് കൊവിഡ് കൊണ്ടുപോയി; വേദനയോടെ വിനോദ് കോവൂർ

കോമഡി ഉത്സവം റിയാലിറ്റി ഷോയിൽ ഉള്‍പ്പെടെ നിരവധി കോമഡി പരിപാടികളിലൂടെ ശ്രദ്ധേയനായ രതീഷ് കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. തന്‍റെ സുഹൃത്തിന്‍റെ മരണവാർത്ത പങ്കുവെച്ച് നടൻ വിനോദ് കോവൂര്‍ എത്തിയിരുന്നു.

കൊവിഡ് മറ്റൊരു കലാകാരനെ കൂടി ഞങ്ങളിൽ നിന്ന് കൊണ്ടുപോയിരിക്കുകയാണെന്ന് വിനോദ് സോഷ്യൽമീഡിയയിൽ കുറിച്ചിരിക്കുകയാണ്. രതീഷിന്‍റെ ചികിത്സയ്ക്കായി മിമിക്രി കലാകാരന്മാര്‍ പണം സ്വരൂപിച്ചുകൊണ്ടിരിക്കുന്നതിനാലാണ് മരണം സംഭവിച്ചതെന്നും വിനോദ് പറഞ്ഞിട്ടുണ്ട്.

കുറിപ്പിന്റെ പൂർണ്ണ രൂപം

കൊവിഡിന്‍റെ കലി അടങ്ങുന്നില്ല. ഇതാ മറ്റൊരു കലാകാരനെ കൂടി ഇന്ന് കൊവിഡ് കൊണ്ടുപോയി. കൂട്ടുക്കാരൻ എന്നതിലുപരി എന്‍റെ കുടുംബ ബന്ധു കൂടിയായ പെരുവയലിലെ മിമിക്രി കലാകാരൻ രതീഷാണ് ഇന്ന് വിടവാങ്ങിയത്. കുറച്ച് കാലമായ് പ്രമേഹ രോഗത്തോട് പൊരുതിക്കൊണ്ടിരിക്കുകയായിരുന്നു രതീഷ്. ഏകദേശം ഒരു മാസം മുമ്പ് കുടുംബത്തിൽ ഒരു മരണം നടന്ന അന്നാണ് രതീഷിനെ അവസാനമായി കാണുന്നത്. നല്ല ക്ഷീണിതനായിരുന്നു ഒപ്പം കാൽ വിരലിൽ ഒരു മുറിവും. സംസാരത്തിനിടയിൽ അവൻ പറഞ്ഞു ഷുഗറ് അങ്ങോട്ട് അടങ്ങുന്നില്ല വിനോട്ടാന്ന്. ഭക്ഷണം നിയന്ത്രിക്കണം മരുന്ന് കൃത്യമായ് കഴിക്കണം. നന്നായ് ഉറങ്ങണം വ്യായാമം ചെയ്യണം എന്നൊക്കെ പറഞ്ഞ് ചിരിച്ചും തമാശ പറഞ്ഞും പിരിഞ്ഞതാണ്, വിനോദ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ്.

ഒരാഴ്ച്ച കഴിഞ്ഞപ്പോഴാണ് രതീഷിന് കൊവിഡ് ബാധിച്ചു എന്നറിയുന്നത്. അവന് മാത്രമല്ല ഭാര്യക്കും മക്കൾക്കും അച്ഛനും . അന്നുമുതൽ പ്രാർത്ഥനയിലുണ്ടായിരുന്നു. അവൻ കൊവിഡിനെ അതിജീവിച്ച് വരണം വീണ്ടും പ്രോഗ്രാമുകൾ തുടങ്ങിയാൽ പ്രേക്ഷകരെ ചിരിപ്പിക്കാൻ അവന് കഴിയണം എന്നെല്ലാം പ്രാർത്ഥിച്ചു. പക്ഷെ കുറച്ച് ദിവസങ്ങളായ് ആരോഗ്യ സ്ഥിതി വളരെ മോശമാണെന്ന് അറിയാൻ സാധിച്ചു.

ഇന്ന് അവൻ മരണത്തിന് കീഴടങ്ങി. പത്തിരുപത് വർഷം മുമ്പ് കാലിക്കറ്റ് സൂപ്പർ ജോക്സ് എന്ന ട്രൂപ്പിലും ശേഷം വി ഫോർ യു ട്രൂപ്പിലും നിരവധി കോമഡി സ്കിറ്റുകളിൽ തന്‍റെ സ്വതസിദ്ധമായ രീതിയിൽ കാണികളെ ചിരിപ്പിച്ചിരുന്ന കലാകാരൻ. നിർമ്മൽ ദേവരാജൻ ടീമിനോടൊപ്പം കോമഡി ഉത്സവം എന്ന റിയാലിറ്റി ഷോയിലും രതീഷ് തന്‍റെ സാന്നിദ്ധ്യം അറിയിച്ചിരുന്നു.

ജന്മനാ കിട്ടിയ കഴിവാണ് രതീഷിന് നർമ്മബോധം .രതീഷിന്‍റെ അച്ഛൻ രാമദാസേട്ടനിൽ നിന്നാണ് രതീഷിന് തമാശ പകർന്ന് കിട്ടിയത് കുടുംബ സദസിലും രസികനായിരുന്നു. രതീഷിന്‍റെ ചികിത്സക്കായ് മിമിക്രി കലാക്കാരന്മാർ പണം സ്വരൂപിച്ച് കൊണ്ടിരിക്കുന്നതിനിടയിലാണ് മരണം വന്ന് രതീഷിനെ കൊണ്ടുപോയത്. അവസാനമായ് ഒന്ന് കാണാൻ പോലും പറ്റാത്ത അവസ്ഥ. എത്രയെത്ര പ്രിയപ്പെട്ടവരെയാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായ് കൊറോണ കൊണ്ടുപോകുന്നത്. ജീവിതത്തെ കുറിച്ച് ഒരു പാട് സ്വപ്നം കണ്ടവർ. വിധി അല്ലാതെ എന്ത് പറയാൻ .രതീഷിന്‍റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു,

Noora T Noora T :