‘നവരസ’ യുടെ ടീസർ പുറത്ത്, മണിക്കൂറുകൾക്കുള്ളിൽ 5 ലക്ഷത്തിന് മുകളിൽ കാഴ്ചക്കാർ; ടീസറിൽ മണിക്കുട്ടനെ കാണാനില്ല ? സങ്കടത്തോടെ മലയാളികൾ

സംവിധായകൻ മണി രത്നവും ജയേന്ദ്ര പഞ്ചപാകേശനും ചേർന്ന് നിർമ്മിക്കുന്ന ‘നവരസ’ എന്ന ആന്തോളജി ചിത്രത്തിന്റെ ടീസറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. നാല് മണിക്കൂർ മുൻപ് റിലീസ് ചെയ്ത ടീസർ 5 ലക്ഷത്തിന് മുകളിൽ കാഴ്ചക്കാരുമായി മുന്നേറുകയാണ്.

കൊവിഡ് മഹാമാരിയും ലോക്ക്ഡൗണും മൂലം പ്രതിസന്ധിയിലായ തമിഴ് സിനിമാ വ്യവസായത്തെ പിന്തുണയ്ക്കുന്നതിന് വേണ്ടിയൊരുക്കുന്ന ആന്തോളജി ചിത്രമാണ് നവരസ. ചിത്രത്തിൽ നിന്നുള്ള വരുമാനം ദുരിതമനുഭവിക്കുന്ന സിനിമാ തൊഴിലാളികൾക്ക് നൽകാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം.

സൂര്യ, പാർവതി, പ്രയാഗ, രേവതി, പ്രകാശ് രാജ്, സിദ്ദാർത്ഥ്, പ്രസന്ന, ഗൗതം മേനോൻ, വിജയ് സേതുപതി, അദിതി ബാലൻ, രോഹിണി എന്നിങ്ങനെ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട് ടീസറിൽ. എന്നാൽ ടീസർ കാണാനെത്തിയ മലയാളികളിൽ നല്ലൊരു പങ്കും അന്വേഷിക്കുന്നത് മണിക്കുട്ടനെ കുറിച്ചാണ്. ഈ സീരിസിൽ പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മണിക്കുട്ടനും അഭിനയിക്കുന്നുണ്ട്. എന്നാൽ ടീസറിൽ മണിക്കുട്ടനില്ലാത്തതിന്റെ വിഷമത്തിലാണ് എം കെ ഫാൻസ്. ഞങ്ങളുടെ മണിക്കുട്ടൻ എവിടെ എന്നാണ് ആരാധകരുടെ ചോദ്യം.

ബിഗ് ബോസ് മലയാളം സീസൺ മൂന്നിലൂടെ ഏറെ ജനപ്രീതി നേടാൻ മണിക്കുട്ടന് കഴിഞ്ഞിരുന്നു. 15 വർഷത്തോളം മലയാള സിനിമയുടെ ഓരം ചേർന്നു നടന്ന മണിക്കുട്ടൻ എന്ന നടനെ മലയാളസിനിമ നല്ല രീതിയിൽ ഉപയോഗപ്പെടുത്തിയിട്ടില്ല എന്നാണ് പൊതുവെ ആരാധകരുടെ കമന്റ്. നവരസയുടെ ട്രെയിലറിനു താഴെയും സമാനമായ ധാരാളം കമന്റുകൾ കാണാം. “15 വർഷത്തെ കഠിനാധ്വാനം, ഇത്രയും കാലം നിങ്ങളെ ഞങ്ങൾ പിന്തുണച്ചില്ല. നിങ്ങളിലെ നടനെയോ വ്യക്തിയേയോ തിരിച്ചറിഞ്ഞില്ല. പക്ഷേ ഇപ്പോൾ ഞങ്ങൾ നിങ്ങളെ പിന്തുണയ്ക്കുന്നു, ആ കടം വീട്ടുന്നു,” എന്നാണ് ഒരു ആരാധകന്റെ കമന്റ്.

ഒമ്പത് സംവിധായകര്‍ ഒരുക്കുന്ന ഒമ്പത് കഥകളുമായാണ് നവരസ ഒരുങ്ങുന്നത്. ബിജോയ് നമ്പ്യാര്‍, ഗൗതം മേനോന്‍, കാര്‍ത്തിക് സുബ്ബരാജ്, കാര്‍ത്തിക് നരേന്‍, കെ.വി ആനന്ദ്, പൊന്റാം, രതീന്ദ്രന്‍ പ്രസാദ്, ഹലിത ഷമീം എന്നീ സംവിധായകനും നടന്‍ അരവിന്ദ് സ്വാമിയും ചേര്‍ന്നാണ് ആന്തോളജി ഒരുക്കുന്നത്. മണിരത്‌നം, ജയേന്ദ്ര എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം നെറ്റ്ഫ്‌ളിക്‌സിലാണ് റിലീസ് ചെയ്യുന്നത്.

അരവിന്ദ് സ്വാമി, സിദ്ധാര്‍ഥ്, വിജയ് സേതുപതി, പ്രകാശ് രാജ്, ശരവണണ്‍, അളഗം പെരുമാള്‍, സൂര്യ, പ്രയാഗ മാര്‍ട്ടിന്‍, രേവതി, നിത്യ മേനോന്‍, പാര്‍വതി തിരുവോത്ത്, ഐശ്വര്യാ രാജേഷ്, പൂര്‍ണ്ണ, ഋത്വിക, പ്രസന്ന, വിക്രാന്ത്, സിംഹ, ഗൗതം കാര്‍ത്തിക്, അശോക് സെല്‍വന്‍, റോബോ ശങ്കര്‍, രമേശ് തിലക്, സനന്ത്, വിധു, ശ്രീരാം തുടങ്ങിയ താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമാണ്.. ഓഗസ്റ്റ് 6ന് നെറ്റ്ഫ്ളിക്സിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

അതേസമയം സിനിമയില്‍ പ്രവര്‍ത്തിച്ച ഒരു ആര്‍ട്ടിസ്റ്റും പ്രതിഫലം വാങ്ങിയിട്ടില്ലെന്ന് സംവിധായകന്‍ മണിരത്നം പറയുന്നു . നവരസയില്‍ നിന്ന് ലഭിക്കുന്ന പണമെല്ലാം തന്നെ സിനിമ മേഖലയിലെ തൊഴിലാളികളുടെ കുടുംബത്തിലേക്കാണ് പോവുക. ചിത്രത്തില്‍ പ്രവര്‍ത്തിച്ച ഒരു ആര്‍ട്ടിസ്റ്റ് പോലും പ്രതിഫലം വാങ്ങിയിട്ടില്ല. എല്ലാവരും ഹൃദയത്തില്‍ നിന്നാണ് സിനിമയുടെ ഭാഗമായിരിക്കുന്നത്.

12-15 കോടിയുടെ ഇടയിലാണ് തങ്ങള്‍ ഉദ്ദേശിച്ച തുക. അത് ഉടന്‍ തന്നെ ലഭ്യമാകും. അത് പൂര്‍ണ്ണമായും തൊഴലാളികളുടെ കുടുംബങ്ങളിലേക്ക് എത്തിക്കും. നെറ്റ്ഫ്ളിക്സും ഈ പ്രയത്നത്തില്‍ പങ്കാളികളായതില്‍ വലിയ സന്തോഷമുണ്ട് എന്ന് മണിരത്‌നം വ്യക്തമാക്കി.

നിര്‍മ്മാതാക്കള്‍ ഭൂമിക ട്രസ്റ്റുമായി ചേര്‍ന്നാണ് പണം തൊഴിലാളികളിലേക്ക് എത്തിക്കുന്നത്. അതിനായി തൊഴിലാളികള്‍ക്കെല്ലാം ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കും. സിനിമ മേഖലയിലെ ഏകദേശം 12,000 തൊഴിലാളികള്‍ക്ക് ഇതിലൂടെ പണം ലഭിക്കും. എല്ലാ മാസവും അവരുടെ കാര്‍ഡില്‍ 1500 രൂപ വരുന്നതായിരിക്കുമെന്നും അദ്ദേഹം പറയുന്നു

Noora T Noora T :