സാംസ്‌കാരിക ലോകത്തിന് തീരാ നഷ്ടം, ചലച്ചിത്ര ഇതിഹാസമായി ദിലീപ് കുമാര്‍ ഓര്‍ക്കപ്പെടും; പ്രധാനമന്ത്രി നരേന്ദ്ര മോദി

ബോളിവുഡ് ഇതിഹാസ താരം ദിലീപ് കുമാറിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അഭിനയമികവ് കൊണ്ട് ദിലീപ് കുമാര്‍ തലമുറകളായി പ്രേക്ഷകരെ ആരാധകരാക്കി. സാംസ്‌കാരിക ലോകത്തിന് വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗമെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.

‘ചലച്ചിത്ര ഇതിഹാസമായി ദിലീപ് കുമാര്‍ ഓര്‍ക്കപ്പെടും. അദ്ദേഹത്തിന്റെ അഭിനയ മികവിലൂടെ തലമുറകളായി പ്രേക്ഷകരെ ആരാധാകരാക്കി മാറ്റി. സാംസ്‌കാരിക ലോകത്തിന് തീരാ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗമെന്നാണ് മോദി ട്വിറ്ററില്‍ കുറിച്ചത്

ന്യൂമോണിയയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. ജൂണ്‍ ആറിനാണ് ദിലീപ് കുമാറിനെ ആരോഗ്യ നില മോശമായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ നില മെച്ചപ്പെട്ടതോടെ ജൂണ്‍ 11 ന് ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെതുടര്‍ന്ന് കഴിഞ്ഞ ദിവസം വീണ്ടും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ദിലീപ് കുമാറിന്റെ (98) സംസ്‌കാരം ഇന്ന് വൈകുന്നേരം ജുഹു ഖബറിസ്ഥാനില്‍ വെച്ച് നടക്കും. അദ്ദേഹത്തെ യാത്ര അയക്കാന്‍ നടി ഷബാനാ അസ്മി അടക്കമുള്ള താരങ്ങള്‍ മുംബൈയിലെ വസതിയില്‍ എത്തി.

ദി ഫ്സ്റ്റ് ഖാന്‍ എന്ന ചിത്രത്തിലൂടെയാണ് ദിലീപ് കുമാര്‍ ശ്രദ്ധേയനാവുന്നത്. ഏറ്റവും കൂടുതല്‍ ഫിലിം ഫെയര്‍ പുരസ്‌കാരങ്ങള്‍ നേടിയ നടനാണ് അദ്ദേഹം. ഇന്ത്യന്‍ സിനിമയിലേയും ലോക സിനിമയിലേയും മികച്ച നടന്‍മാരില്‍ ഒരാളാണ് ദിലീപ് കുമാര്‍.

1944ല്‍ പുറത്തിറങ്ങിയ ജ്വാര്‍ ഭാട്ട എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് 65ലധികം സിനിമകളില്‍ നായകനായി. ഏകദേശം അഞ്ച് പതിറ്റാണ്ടോളം വരുന്നതാണ് അദ്ദേഹത്തിന്റെ അഭിനയ ജീവിതം. 1976ല്‍ അദ്ദേഹം തന്റെ അഭിനയ ജീവിതത്തില്‍ അഞ്ച് വര്‍ഷത്തെ ഇടവേളയെടുത്തു. തുടര്‍ന്ന് 1981ലെ ക്രാന്തി എന്ന ചിത്രത്തില്‍ ഒരു ക്യാരക്റ്റര്‍ റോളിലൂടെയായിരുന്നു തിരിച്ച് വരവ് നടത്തിയത്.

1991ല്‍ അദ്ദേഹത്തിന് രാജ്യം പദ്മഭൂഷന്‍ നല്‍കി ആദരിച്ചു. പിന്നീട് 1994ല്‍ ദാദാസാഹിബ് ഫാല്‍കെ പുരസ്‌കാരവും ലഭിച്ചു. 2015ലാണ് അദ്ദേഹത്തിന് പദ്മവിഭൂഷന്‍ ലഭിക്കുന്നത്. ഏറ്റവും കൂടുതല്‍ പുരസ്‌കാരങ്ങള്‍ നേടിയ ഇന്ത്യന്‍ അഭിനേതാവ് എന്ന ഗിന്നസ് റെക്കോഡും അദ്ദേഹത്തിന്റേതാണ്.

Noora T Noora T :