കേരളത്തിൽ ഇനിയും ഷൂട്ടിങ് ആരംഭിക്കാത്ത സാഹചര്യത്തിൽ സിനിമാ ലൊക്കേഷനുകൾ അയൽസംസ്ഥാനങ്ങളിലേയ്ക്ക് മാറ്റുന്നുവെന്ന് നിർമാതാവും മുതിർന്ന പ്രൊഡക്ഷൻ കൺട്രോളറുമായ ഷിബു ജി. സുശീലൻ .
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി ഉൾപ്പടെയുള്ള സിനിമകൾ ചിത്രീകരിക്കാൻ ചെന്നൈയിൽ ലൊക്കേഷൻ അന്വേഷണം ആരംഭിച്ചുവെന്നും, ഇവർ കേരളം വിടുമ്പോൾ മലയാളികളായ സിനിമാ തൊഴിലാളികൾക്ക് ജോലി നഷ്‌ടപ്പെടുന്നുവെന്നും ഷിബു വ്യക്തമാക്കുന്നു.
ഷിബു ജി. സുശീലന്റെ വാക്കുകൾ:
കേരളത്തിലെ പ്രമുഖ പ്രൊഡക്‌ഷൻ കമ്പനിയുടെ സിനിമ ഷൂട്ടിങ് കേരളത്തിൽ നിന്ന് പുറത്തേക്ക്…
‘കേരളത്തിൽ സിനിമ ഷൂട്ടിങിന് സർക്കാർ അനുമതി നൽകാത്തതുകൊണ്ട് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമ ചിത്രീകരണ അനുമതിയുള്ള അയൽ സംസ്ഥാനങ്ങളിലേയ്ക്ക് പോകുന്നു. ഇന്ന് രാവിലെ ‘തീർപ്പ്’ സിനിമ ഡബ്ബിങ്ങിന് വന്നപ്പോൾ പൃഥ്വിരാജ് എന്നോട് പറഞ്ഞതാണ്.’
‘95ശതമാനം ഇൻഡോർ ചിത്രീകരണം ഉള്ള സിനിമയാണ് പൃഥ്വിരാജ് മോഹൻലാൽ കൂട്ടുകെട്ടിൽ ആരംഭിക്കുന്നത്. കേരളത്തിലെ സിനിമാ തൊഴിലാളികൾ മുഴുപട്ടിണിലാണ്. ഈ സിനിമകൾക്ക് കേരളത്തിൽ ചിത്രീകരണ അനുമതി നൽകിയാൽ ഈ തൊഴിലാളികളിൽ കുറച്ചുപേർക്ക് ജോലികിട്ടും.’
‘മറ്റ് സംസ്ഥാനങ്ങളിൽ പോയാൽ അതിനുള്ള സാധ്യത കുറയുകയാണ്. സിനിമാ മന്ത്രിയും നമ്മുടെ മുഖ്യമന്ത്രിയും അടിയന്തിരമായി ഇടപ്പെട്ടുകൊണ്ട് 100പേരെ വച്ച് സിനിമ ചെയ്യുവാനുള്ള അനുമതി എത്രയും പെട്ടെന്ന് തരണമെന്ന് അഭ്യർത്ഥിക്കുന്നു. സിനിമ തൊഴിലാളികൾ അത്രയും ബുദ്ധിമുട്ടിലാണ് പ്ലീസ്.’-ഷിബു ജി. സുശീലൻ പറഞ്ഞു.
അതേസമയം ബ്രോ ഡാഡിയുടെ ലൊക്കേഷന്‍ കേരളത്തിനു പുറത്തേയ്ക്ക് മാറ്റുന്ന കാര്യത്തിൽ ഒരു തീരുമാനവും ഇതുവരെ എടുത്തിട്ടില്ലെന്ന് ചിത്രത്തിന്റെ പ്രൊഡക്‌ഷൻ കൺട്രോളറായ സിദ്ധു പനയ്ക്കൽ പറഞ്ഞു. സര്‍ക്കാരിന്റെ അനുമതി ലഭിക്കുന്നതിന്റെ മുറയ്‍ക്ക് ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത് നിലവില്‍ തീരുമാനിച്ചിരിക്കുന്നത് എന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.
ഒരു വാക്സിനെങ്കിലും എടുത്തവർക്ക് ഷൂട്ടിങ്ങിൽ പങ്കെടുക്കാം എന്ന ഒരു സമ്മതം തന്നാൽ, പട്ടിണിയിലേക്ക് എത്തി നിൽക്കുന്ന ഒരു വിഭാഗം തൊഴിലാളികൾ രക്ഷപ്പെടുമെന്ന് സംവിധായകൻ വിനോദ് ഗുരുവായൂർ പറയുന്നു.