മീൻ വിറ്റും പോത്തുവളർത്തിയും ഉപജീവനം നടത്തി അഞ്ജന; ഒടുവിൽ അഞ്ജനയെ കാണാൻ വീട്ടിലെത്തി സുരേഷ് ഗോപി; അഞ്ച് കിലോ ചെമ്മീനും വാങ്ങി മടങ്ങി

കൊറോണ പ്രതിസന്ധി മറികടക്കാൻ മീൻ വിറ്റും പോത്തുവളർത്തിയും ഉപജീവനം നടത്തുന്ന അജ്ഞനയുടെ ജീവിതം സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം അഞ്ജനയെ കാണാൻ ചേർത്തലയിലെ വീട്ടിൽ എത്തിയിരിക്കുകയാണ് ബിജെപി എംപി സുരേഷ് ഗോപി. അഞ്ജനയ്ക്ക് അഭിനന്ദനങ്ങൾ നേർന്നാണ് അദ്ദേഹം മടങ്ങിയത്

രാത്രിയോടെയാണ് അദ്ദേഹം വീട്ടിലെത്തിയത്. അഞ്ജന വളർത്തുന്ന അപ്പുവെന്ന പേരുള്ള പോത്തിന് ഒരു ചാക്ക് കാലിത്തീറ്റയ്ക്കുള്ള പൈസയും സുരേഷ് ഗോപി കൈമാറി. അഞ്ച് കിലോ ചെമ്മീനും വാങ്ങിയാണ് അദ്ദേഹം മടങ്ങിയത്.

മീൻ വിൽപ്പനക്കാരിയെന്നും, പോത്തെന്നും വിളിച്ച് കളിയാക്കിയവർക്കു മുമ്പിൽ ഇതോടെ താരമായിരിക്കുകയാണ് അഞ്ജന. സുരേന്ദ്രൻ ഉഷ ദമ്പതികളുടെ ഇളയ മകളാണ് അഞ്ജന. നാഗ്പുര്‍ സര്‍വകലാശാലയില്‍ കായികാധ്യാപക ബിരുദാനന്തരബിരുദപഠനം നടത്തുകയാണ് അഞ്ജന.

അതിരാവിലെ തുടങ്ങും അഞ്ജനയുടെ പോരാട്ടം. വീട്ടില്‍ വളര്‍ത്തുന്ന പോത്തിനെയും പശുവിനെയും പരിപാലിച്ചാണു തുടക്കം. എട്ടുമണിക്കു നഗരത്തിലുള്ള ഫിഷ് സ്റ്റാളില്‍ എത്തും. ഉച്ചയ്ക്കു രണ്ടുവരെ വീടുകളില്‍ മീനെത്തിക്കുന്ന ജോലി. രണ്ടുമണിക്കുശേഷം ഫിഷ് സ്റ്റാളിനോടു ചേര്‍ന്നുള്ള ചായവില്‍പ്പനശാലയുടെ കൗണ്ടര്‍ ചുമതല. ഇതിനിടയിലാണുപഠനം.

മീന്‍ വില്‍പ്പനയിലേക്കു കടന്നിട്ട്‌ മാസങ്ങളേ ആയുള്ളൂ. ഇതിനിടെ നാടന്‍പാട്ടുമുണ്ട്. അമ്പലപ്പുഴ ഗവ. കോളേജില്‍നിന്ന് ഇക്കണോമിക്സില്‍ ബിരുദംനേടിയ ശേഷമാണ് കായികാധ്യാപക കോഴ്‌സിലേക്കു തിരിഞ്ഞത്. സ്‌റ്റേജ്‌ഷോയില്‍നിന്നുള്ള വരുമാനമായിരുന്നു ഉണ്ടായിരുന്നത്.

കൊറോണ വ്യാപനവും, അച്ഛന്റെ അനാരോഗ്യവും സൃഷ്ടിച്ച പ്രതിസന്ധിയാണ് അഞ്ജനയെ മീൻ വിൽപ്പനയിലേക്ക് തിരിയാൻ പ്രേരിപ്പിച്ചത്. ചേർത്ത ബസ്റ്റാന്റിന് സമീപത്തെ മീൻ വിൽപ്പന കേന്ദ്രത്തിലാണ് അഞ്ജന ജോലി ചെയ്യുന്നത്.

ലോക്ഡൗണ്‍ നിയന്ത്രണത്തില്‍ ഷോകള്‍ മുടങ്ങിയപ്പോള്‍ തിരിച്ചടവുകള്‍ മുടങ്ങുന്ന ഘട്ടമായി. പത്തുവര്‍ഷമായി അച്ഛൻ സുഖമില്ലാതിരിക്കുകയാണ്. ഒരുസഹോദരി വിവാഹിതയായി. അമ്മ കൂലിവേലകൾ ചെയ്യുന്നുണ്ട്. ഇതുകൊണ്ടൊന്നും ജീവിതം മുന്നോട്ടുപോകില്ല. അതുകൊണ്ട് എന്ത് ജോലിയും ചെയ്യാൻ താൻ തയ്യാറാണെന്ന് അഞ്ജന പറയുന്നു. താൻ പഠിപ്പിക്കുന്ന കുട്ടികളുടെ വീട്ടിലും മീനുമായെത്താൻ ഒരു ബുദ്ധിമുട്ടുമില്ല. തൊഴിലെടുക്കുന്നതില്‍ അന്തസ്സേയുള്ളൂവെന്നും അഞ്ജന കൂട്ടിച്ചേർത്തു.

Noora T Noora T :