68ല്‍ നിന്ന് 52ലേക്ക്; ആ ഡയറ്റിന്റെ ഫലം കണ്ടു; ശരീര ഭാരം കുറഞ്ഞതിന് പിന്നിൽ; തുറന്ന് പറഞ്ഞ് റിമി ടോമി

മലയാളികളുടെ പ്രിയ ഗായികയാണ് റിമി ടോമി.. രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ താരങ്ങളടക്കം വീടിനുള്ളിലേക്ക് കയറിയിരുന്നപ്പോൾ പലരും സോഷ്യൽ മീഡിയയിലും മറ്റും സജീവമായിരുന്നു.ആരാധകരുമായി സമൂഹ മാധ്യമങ്ങളിലൂടെ റിമി സംവദിക്കാൻ സമയം കണ്ടെത്താറുണ്ട്. ഇപ്പോൾ ഇതാ തന്റെ ശരീര ഭാരം കുറഞ്ഞതിനെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്

ഒരു പ്രമുഖ ദൈ്വവാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് റിമി ഇക്കാര്യം പറയുന്നത്. 2012 മുതല്‍ തുടങ്ങുകയും നിര്‍ത്തുകയും ചെയ്ത പല പല ഡയറ്റുകള്‍ക്ക് ഒടുവിലാണ് ഇപ്പോള്‍ ശരീരഭാരം 16 കിലോ കുറഞ്ഞതെന്ന് റിമി പറയുന്നു.

റിമിയുടെ വാക്കുകളിലേക്ക്…

സത്യം പറഞ്ഞാല്‍ 2012 മുതല്‍ ഞാന്‍ ഡയറ്റ് സ്റ്റാര്‍ട്ട് ചെയ്തു. ആദ്യം ഫോളോ ചെയ്തത് രണ്ട് മണിക്കൂര്‍ ഇടവിട്ട് ഭക്ഷണം കഴിക്കുന്ന ഡയറ്റാണ്. ഇതില്‍ മധുരം ഒഴിവാക്കുകയാണ് ആദ്യപടി. ചായയും കാപ്പിയും മധുരമിട്ട് കുടിച്ചിട്ട് എട്ടുവര്‍ഷമായി. ഈ ഡയറ്റില്‍ നമുക്ക് ഇഷ്ടമുളളതെല്ലാം അളവ് കുറച്ച് കഴിക്കാം. ചോറ്, ചിക്കന്‍ കറി, വൈകിട്ട് ചപ്പാത്തി, ദാല്‍ അങ്ങനെ. ആദ്യത്തെ മൂന്ന് മാസം കഴിഞ്ഞപ്പോള്‍ തന്നെ മാറ്റം വന്നു. എപ്പോഴും 65 കിലോയില്‍ തന്നെയാണ് നിന്നിരുന്നത്. വെയിങ് മെഷീന്‍ വാങ്ങി സ്ഥിരമായി നോക്കാന്‍ തുടങ്ങി. രണ്ട് വര്‍ഷം കൊണ്ട് 57 കിലോയില്‍ എത്തി.

2015ല്‍ ആ ഡയറ്റ് നിര്‍ത്തി വീണ്ടും ഭക്ഷണം കഴിച്ച് തുടങ്ങി. വാരിവലിച്ച് കഴിച്ച് വീണ്ടും ദേ 60 കിലോയിലേക്ക്. അന്നേരം തുടങ്ങിയതാണ് ഷേക്ക് ഡയറ്റ്. ഈ ഡയറ്റില്‍ ചോറ് കഴിക്കാം. രാവിലെയോ, വൈകിട്ടോ ഒരു പ്രോട്ടീന്‍ ഷേക്ക് കൂടി മെനുവില്‍ ഉള്‍പ്പെടുത്തണം. നല്ല റിസല്‍ട്ടായിരുന്നു. പതുക്കെ അതും മടുത്തു. വീണ്ടും തീറ്റയാരംഭിച്ചു. വണ്ണവും കൂടി.

ഈ സമയത്ത് രണ്ട് മൂന്ന് മാസം കീറ്റോ ഡയറ്റെടുത്തു. കൊളസ്‌ട്രോള്‍ കൂടിയപ്പോള്‍ അതങ്ങ് നിര്‍ത്തി. ഇപ്പോള്‍ രണ്ട് വര്‍ഷമായി ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ്ങാണ് ചെയ്യുന്നത്. ഇതില്‍ ഞാന്‍ ഭയങ്കര കംഫര്‍ട്ടാണ്. എല്ലാം കഴിക്കാം, അളവ് കുറച്ച്. അതിനൊപ്പം വര്‍ക്കൗട്ട് സ്ഥിരമാക്കി. ഈ കൊവിഡ് കാലം തുടങ്ങിയതോടെ ഒരു ദിവസം പോലും വര്‍ക്കൗട്ട് മുടക്കാറില്ല. കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് നന്നായി നിയന്ത്രിച്ചു. ഇഷ്ടമുളളതെല്ലാം കഴിക്കാന്‍ തോന്നുമ്‌ബോള്‍ കഴിക്കും. പക്ഷേ, പകരം കൂടുതല്‍ നേരം വര്‍ക്കൗട്ട് ചെയ്യും.

പലരീതിയില്‍ നമുക്ക് ഡയറ്റിങ് ചെയ്യാം. എന്റെ രീതി 16 മണിക്കൂര്‍ ഫാസ്റ്റിങ്ങും എട്ട് മണിക്കൂര്‍ ഫുഡ് കഴിക്കുകയും ചെയ്യുന്നതാണ്. രാവിലെ പത്തിന് തുടങ്ങിയാല്‍ വൈകിട്ട് ആറുവരെ കഴിക്കും. പിന്നേ പിറ്റേന്ന് ബ്രേക്ക് ഫാസ്റ്റ് വരെ ഒന്നും കഴിക്കില്ല. ബ്ലാക്ക് ടീ, ലൈം വാട്ടര്‍ അങ്ങനെ വെളളം മാത്രം കുടിക്കാം. ഈ ഡയറ്റ് എടുക്കുമ്‌ബോള്‍ കഴിയുന്നിടത്തോളം വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണം മാത്രം കഴിക്കാന്‍ ശ്രദ്ധിക്കണം. കാര്‍ബോഹൈഡ്രേറ്റ് കൂടിയ ഭക്ഷണം കുറച്ച് കൂടുതല്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്താം. ജങ്ക് ഫുഡ് പൂര്‍ണമായും ഉപേക്ഷിക്കണം. പകരം പഴങ്ങളും നട്‌സുമൊക്കെയാണ് ഞാന്‍ കഴിക്കുന്നത്.

Noora T Noora T :