ലോഹിതദാസ് വിടപറഞ്ഞിട്ട് പന്ത്രണ്ട് വര്‍ഷമാകുന്നു. ലോഹിതദാസിന്റെ തിരക്കഥയിലൊരുങ്ങിയ കഥാപാത്രങ്ങള്‍ ഇന്നും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഒരു നടനെന്ന നിലയില്‍ തന്നെ ഏറെ സ്വാധീനിച്ചവരില്‍ ഒരാളാണ് ലോഹി സാര്‍ എന്നാണ് പൃഥ്വിരാജ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്നത്.
ലോഹിതദാസ് സംവിധാനം ചെയ്ത ‘ചക്രം’ എന്ന സിനിമയില്‍ പൃഥ്വിരാജ് നായകനായി എത്തിയിരുന്നു. 2003ല്‍ ഇറങ്ങിയ ചിത്രത്തിന്റെ രചനയും ലോഹിതദാസ് തന്നെയാണ്. ചന്ദ്രഹാസന്‍ എന്ന ലോറി ഡ്രൈവറുടെ വേഷമാണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ചത്. ലോഹിതദാസിനെ കുറിച്ചുള്ള ഓര്‍മ്മകളാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്.

”ഒരു നടനെന്ന നിലയില്‍ എന്നെ ഏറെ സ്വാധീനിച്ചവരില്‍ ഒരാളാണ് ലോഹി സര്. എന്റെ കഴിവിന്റെ പല തലങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ച ഒരു ചിത്രമാണ് അദ്ദേഹത്തോടൊപ്പം ലഭിച്ചത്. അദ്ദേഹം വിട പറയുമ്പോള്‍, ഞങ്ങള്‍ ഒന്നിച്ച് ആരംഭിക്കാനിരുന്ന, നടക്കാതെ പോയ സിനിമ, എന്റെ ഏറ്റവും വലിയ നഷ്ടങ്ങളില്‍ ഒന്നായി അവശേഷിക്കുന്നു. എന്നും ഞങ്ങളുടെ ഹൃദയത്തില്‍ അധിവസിക്കുന്ന ഇതിഹാസം” എന്നാണ് പൃഥ്വിരാജ് കുറിച്ചിരിക്കുന്നത്.
നാടകത്തിലൂടെയാണ് ലോഹിതദാസ് കലാരംഗത്തേക്ക് എത്തുന്നത്. ആദ്യ നാടകത്തിലൂടെ തന്നെ ലോഹിക്ക് സംസ്ഥാനസര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചു. 1997ല്‍ ഭൂതക്കണ്ണാടി സിനിമയിലൂടെയായിരുന്നു ലോഹിതദാസ് സംവിധാനത്തിലേക്ക് കടന്നത്.