മോഹൻലാൽ ചിത്രങ്ങളിൽ ഒരേ രീതിയിലുള്ള ചില ഡയലോഗിന്റെ കസര്‍ത്തുകൾ കാണാം; അങ്ങനെയുള്ളവയാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്, ഇതൊഴിവാക്കണം; മോഹന്‍ലാല്‍ സിനിമകളെപ്പറ്റി എസ്. കുമാര്‍

മലയാളത്തിനകത്തും പുറത്തും അഭിനയം എന്ന കലയെ ചർച്ചയാക്കുമ്പോൾ മോഹന്‍ലാൽ എന്ന പ്രതിഭയായാണ് പഠനമാക്കുക . ഏത് തരം കഥാപാത്രവും മോഹൻലാലിൻറെ കൈയിൽ ഭദ്രമാണ്. ഇപ്പോഴിതാ ഛായാഗ്രാഹകന്‍ എസ്. കുമാര്‍ ലാലേട്ടനെ കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടിയിരിക്കുകയാണ്. ഒരു ടെലിവിഷൻ ചാനലിന് മുമ്പ് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മോഹന്‍ലാല്‍ ചെയ്യുന്ന കഥാപാത്രങ്ങളില്‍ അദ്ദേഹത്തിന്റെ ഗ്രാഫ് ഉയര്‍ത്താനുള്ളവയൊന്നുമില്ലെന്നാണ് എസ്. കുമാര്‍ അഭിപ്രായപ്പെടുന്നത്.

‘പബ്ലിക്കിന് വേണ്ട രീതിയിലുള്ള മോഹന്‍ലാല്‍ ചിത്രങ്ങളാണ് ഇപ്പോള്‍ വരുന്നത്. ഒരേ രീതിയിലുള്ള ചില ഡയലോഗിന്റെ കസര്‍ത്തുകളും അങ്ങനെയുള്ളവയാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്. അത് ആള്‍ക്കാര്‍ കണ്ടുകൊണ്ടിരിക്കുന്ന ചിത്രങ്ങളിലാണ് കൂടുതല്‍ വരുന്നതും. ഇത് ലാല്‍ ഒഴിവാക്കണം. അദ്ദേഹം തന്നെ അത്തരം കഥകളോ, സ്‌ക്രിപ്റ്റുകളോ തെരഞ്ഞെടുക്കണം,’ കുമാര്‍ പറഞ്ഞു.

പ്രേക്ഷകരുടെ അഭിരുചി മാറിയെന്ന് എങ്ങനെയാണ് പറയാന്‍ കഴിയുന്നതെന്നും അദ്ദേഹം ചോദിച്ചു. പ്രേക്ഷകരല്ലല്ലോ അവരുടെ ടേസ്റ്റ് മാറ്റിയത്. സിനിമകള്‍ വരുമ്പോഴല്ലേ അതിനനുസരിച്ച് അവരുടെ ടേസ്റ്റ് മാറുന്നതെന്നും നല്ല സിനിമകള്‍ വന്നാല്‍ പ്രേക്ഷകരും അതുപോലെ ചിന്തിക്കുമെന്നും എസ്. കുമാര്‍ പറഞ്ഞു.

മോഹന്‍ലാലിനോടൊപ്പം കീരിടത്തില്‍ പ്രവര്‍ത്തിക്കുമ്പോഴുണ്ടായ അനുഭവവും അദ്ദേഹം പങ്കുവെച്ചു. ചിത്രത്തില്‍ ലൈറ്റ് അപ്പ് ചെയ്യുന്നതുവരെ ലാല്‍ തങ്ങള്‍ പറഞ്ഞ സ്ഥലത്ത് തന്നെ ഇരുന്നുവെന്നും എസ്. കുമാര്‍ പറയുന്നു.കീരിടത്തില്‍ പൊലീസ് സ്റ്റേഷനില്‍ വെച്ച് അടി കിട്ടിയ ശേഷം തിലകന്‍ ചേട്ടന്‍ ചോറ് കൊണ്ടുകൊടുക്കുന്ന സീന്‍ ഉണ്ട്. അന്നത്തെ മിനിമം ലൈറ്റ് സെറ്റിംഗ്‌സ് വെച്ച് ചെയ്ത സീനാണത്. അപ്പോള്‍ ഞാന്‍ ലാലിനോട് പറഞ്ഞിരുന്നു കുറച്ച് സമയം എടുക്കും ലൈറ്റ് ചെയ്യാന്‍ എന്ന്.

ഏകദേശം മുക്കാല്‍ മണിക്കൂറോളം എടുത്തു മുഴുവന്‍ ലൈറ്റ് അപ്പ് ചെയ്യാന്‍. അത്രയും സമയം ലാല്‍ അവിടെ തന്നെയിരുന്നു. വേറെ ഒരാളോടും സംസാരിക്കാനോ ഒന്നിനും ലാല്‍ പോയിട്ടില്ല.

ക്യാമറ അങ്ങോട്ടും ഇങ്ങോട്ടും മാറ്റിവെയ്ക്കുമ്പോഴും ലാല്‍ അതേ മൂഡില്‍ അവിടെ തന്നെയിരുന്നു. ഒരു അഭിനേതാവ് അത്രയധികം ക്യാമറാമാനോട് സഹകരിക്കുന്ന അനുഭവം എനിക്ക് അധികം ആരില്‍ നിന്നും കിട്ടിയിട്ടില്ല,’ എസ്. കുമാര്‍ പറഞ്ഞു.

about mohanlal

Safana Safu :