ഞങ്ങളുടെ പ്രചോദനവും റോൾ മോഡലുമായിരുന്നു അദ്ദേഹം, കഠിനാധ്വാനം, അർപ്പണബോധം, അച്ചടക്കം, ദീർഘവീക്ഷണം എന്നിവയിലൂടെയാണ് അദ്ദേഹം എല്ലാം നേടിയത്; കുറിപ്പുമായി സംഗീത് ശിവൻ

പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ ശിവന്‍ (89) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം. വൈകാരികമായ കുറിപ്പോടെ മകൻ സംഗീത് ശിവനാണ് മരണവാര്‍ത്ത അറിയിച്ചത്.

എന്റെ പിതാവ് ശ്രീ. ശിവൻ അന്തരിച്ചുവെന്ന ദാരുണമായ വാർത്ത നിങ്ങളെ വളരെ സങ്കടത്തോടെ അറിയിക്കുകയാണ്. അദ്ദേഹം ഞങ്ങളുടെ പ്രചോദനവും റോൾ മോഡലും ആയിരുന്നു. കഠിനാധ്വാനം, അർപ്പണബോധം, അച്ചടക്കം, ദീർഘവീക്ഷണം എന്നിവയിലൂടെയാണ് അദ്ദേഹം എല്ലാം നേടിയത്.

ഞങ്ങളുടെ മുന്നോട്ടുള്ള യാത്രയിലും അദ്ദേഹം നമ്മെ നയിക്കുമെന്ന് ഉറപ്പാണ്. എന്നേക്കും കടപ്പെട്ടിരിക്കുന്നു. എല്ലായ്‍പ്പോഴും ഞങ്ങളുടെ ഹൃദയത്തിൽ ഉണ്ടാകും. എന്നും അച്ഛനെ സ്‍നേഹിക്കും മേഘങ്ങൾക്കും നക്ഷത്രങ്ങൾക്കുമിടയിൽ നിങ്ങളുടെ സ്ഥലത്ത് നിന്ന് നിങ്ങൾ ഞങ്ങളെ നോക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഓം ശാന്തി എന്നാണ് സംഗീത് ശിവൻ എഴുതിയിരിക്കുന്നത്.

സന്തോഷ് ശിവൻ, സംഗീത് ശിവൻ, സഞ്‍ജീവി ശിവൻ എന്നിവരാണ് മക്കള്‍.

ഹരിപ്പാട് പടീറ്റതില്‍ വീട്ടില്‍ ഗോപാലപിള്ളയുടെയും വെട്ടുവിളഞ്ഞതില്‍ വീട്ടില്‍ ഭവാനിയമ്മയുടെയും ആറു മക്കളില്‍ രണ്ടാമനാണു ശിവന്‍ എന്ന ശിവശങ്കരന്‍ നായര്‍. തിരുവിതാംകൂറിലെയും തിരുകൊച്ചിയിലെയും പിന്നെ കേരളത്തിലെയും ആദ്യ ഗവ. പ്രസ് ഫൊട്ടോഗ്രഫറാണ്. നെഹ്‌റു മുതല്‍ ഒട്ടനവധി നേതാക്കളുടെ രാഷ്ട്രീയജീവിതം പകര്‍ത്തി. 1959ല്‍ തിരുവനന്തപുരം സ്റ്റാച്യുവില്‍ ശിവന്‍സ് സ്റ്റുഡിയോയ്ക്കു തുടക്കമിട്ടു.

‘ചെമ്മീന്‍’ സിനിമയുടെ നിശ്ചല ചിത്രങ്ങളിലൂടെ ചലച്ചിത്രമേഖലയിലെത്തി. സ്വപ്നം, അഭയം, യാഗം, കൊച്ചുകൊച്ചു മോഹങ്ങള്‍, കിളിവാതില്‍, കേശു, ഒരു യാത്ര തുടങ്ങിവയാണ് പ്രധാന ചിത്രങ്ങള്‍. മൂന്നു തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയിട്ടുണ്ട്.

ചലച്ചിത്ര സംവിധായകന്‍ സംഗീത് ശിവന്‍, സംവിധായകനും ഛായഗ്രാഹകനുമായ സന്തോഷ് ശിവന്‍, സംവിധായകന്‍ സഞ്ജീവ് ശിവന്‍, സരിതാ രാജീവ് എന്നിവര്‍ മക്കളും ജയശ്രീ, ദീപ, ദീപ്തി,രാജീവ് എന്നിവര്‍ മരുമക്കളുമാണ്. സംസ്‌കാരം പിന്നീട്.സന്തോഷ് ശിവന്‍ ലോകമറിയപ്പെടുന്ന ക്യാമറാമാനും സംവിധായകനുമാണ്. സംഗീത് ശിവന്റെ യോദ്ധ സിനിമ എക്കാലത്തേയും ഹിറ്റാണ്.

Noora T Noora T :