ദേവരാഗം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെയും പ്രിയം നേടിയ അരവിന്ദ് സ്വാമി, 25 വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തുകയാണ്. കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ഒറ്റ് എന്ന ചിത്രം തമിഴിലും മലയാളത്തിലുമായിട്ടാണ് റിലീസ് ചെയ്യുന്നത്. ചാക്കോച്ചന്റെ ആദ്യ തമിഴ് ചിത്രം എന്ന പ്രത്യേകതയും ഒറ്റ് എന്ന ചിത്രത്തിനുണ്ട്. രെണ്ടകം എന്നാണ് ചിത്രത്തിന് തമിഴിൽ കൊടുത്തിരിക്കുന്ന പേര്.
അരവിന്ദ് സ്വാമിയെ മലയാളത്തിലേക്ക് വീണ്ടും സ്വീകരിക്കുമ്പോൾ അദ്ദേഹത്തെ നമ്മൾ അറിയേണ്ട എന്നാൽ, അധികം ആർക്കും അറിയാത്ത കുറച്ചുകാര്യങ്ങളുണ്ട്. ജൂണ്‍ 18 നായിരുന്നു അരവിന്ദ് സ്വാമിയുടെ അന്‍പത്തി ഒന്നാം ജന്മദിനം കഴിഞ്ഞത്. സിനിമാ ജീവിതത്തിൽ തലയെടുപ്പോടെ നിൽക്കുന്ന അരവിന്ദ് സ്വാമിയുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് അത്രയധികം ചർച്ച ചെയ്യപ്പെട്ടിട്ടില്ല.
തന്റെ ഇരുപത്തിയൊന്നാം വയസിൽ മണിരത്നം സംവിധാനം ചെയ്ത ‘ദളപതി’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെയാണ് അരവിന്ദ് സ്വാമി അഭിനയരംഗത്തേക്ക് കടന്നുവന്നത്. പിന്നീട് നായകവേഷത്തിൽ തന്നെ നിരവധി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ട അരവിന്ദ് സ്വാമി അധികം വൈകാതെ തന്നെ സിനിമാ പ്രേമികളുടെ ഒരു ആരാധകവൃന്ദത്തെ തനിക്ക് ചുറ്റും സൃഷ്ടിച്ചെടുത്തു.
സിനിമാ മേഖലയിൽ കഴിഞ്ഞ 30 വർഷക്കാലമായി തന്റെ സാന്നിധ്യം തുടരുന്ന താരം ഇപ്പോഴും അവിസ്മരണീയമായ പ്രകടനങ്ങളിലൂടെ സിനിമാസ്വാദകരുടെ മനം കവരുന്നു.
1994 ല്‍ ആണ് അരവിന്ദ് സ്വാമി ഗായത്രിയെ വിവാഹം ചെയ്തത്. ആതിര, രുദ്ര എന്നിവരാണ് മക്കള്‍. എന്നാല്‍ 2010 ല്‍ പതിനഞ്ച് വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് ഗായത്രിയും അരവിന്ദ് സ്വാമിയും വേര്‍പിരിഞ്ഞു. മക്കളുടെ ഉത്തരവാദിത്വം അരവിന്ദ് സ്വാമി ഏറ്റെടുത്തു. 2012 ല്‍ അരവിന്ദ് സ്വാമി അപര്‍ണ മുഖര്‍ജിയെ വിവാഹം ചെയ്തു.
2005 ല്‍ അരവിന്ദ് സ്വാമിയ്ക്ക് ഒരു അപകടം സംഭവിച്ചു. ഒരു വര്‍ഷത്തോളം നടന്‍ കിടപ്പിലായിരുന്നു. ഈ സമയത്ത് അരവിന്ദ് സ്വാമി നന്നായി തടി വച്ചു. കണ്ടാല്‍ പോലും തിരിച്ചറിയാന്‍ പറ്റാത്തവിധം മാറിപ്പോയിരുന്നു. അത് നടനെ വല്ലാതെ മാനസികമായി തളര്‍ത്തി.
എന്നാല്‍ ഊര്‍ജ്ജം തിരിച്ചെടുത്ത് അരവിന്ദ് സ്വാമി ജീവിതത്തില്‍ എന്തെങ്കിലും നേടണം എന്ന വാശിയിലായി. 2015 ല്‍ മാരത്തോണില്‍ പങ്കെടുക്കുകയും കൈവിട്ടുപോയ കരിയര്‍ പിടിച്ചെടുക്കുകയും ചെയ്തു.
സത്യത്തില്‍ ഡോക്ടര്‍ ആകണം എന്നതായിരുന്നു അരവിന്ദ് സ്വാമിയുടെ ആഗ്രഹം. എന്നാല്‍ പഠിച്ചത് മറ്റൊന്നും, എത്തപ്പെട്ടത് അതൊന്നുമല്ലാത്ത വേറൊരു ലോകത്തുമാണ്. കൊമേഴ്‌സില്‍ ബിരുദം നേടിയ അരവിന്ദ് സ്വാമി, യു എസ്സില്‍ നിന്നും ഇന്റര്‍നാഷണല്‍ ബിസിനസ് പഠനം പൂര്‍ത്തിയാക്കി നാട്ടില്‍ തിരിച്ചെത്തി, പിന്നീട് സിനിമാ ലോകത്തേക്ക് കടക്കുകയായിരുന്നു.
ഇരുത്തിയൊന്നാമത്തെ വയസ്സിലാണ് മണിരത്‌നം സംവിധാനം ചെയ്ത ദളപതി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരാ പ്രവേശനം നടത്തിയത്. രജനികാന്തിനും മമ്മൂട്ടിയ്ക്കുമൊപ്പം ഗംഭീര തുടക്കമായിരുന്നു അത്.
അരവിന്ദ് സ്വാമിയ്ക്ക് ഏറ്റവും താത്പര്യമുള്ള ഒരു കാര്യം ഏതാണെന്ന് ചോദിച്ചാല്‍, അത് ഓണ്‍ലൈന്‍ ഗെയിം ആണ്. കിട്ടുന്ന സമയങ്ങളെല്ലാം ഓണ്‍ലൈന്‍ ഗെയിമിന് വേണ്ടി ചെലവഴിക്കുന്ന ശീലം നടനുണ്ട്. ഗെയിം ഓഫ് വാര്‍ എന്ന ഓണ്‍ ലൈന്‍ ഗെയിം ആണ് അരവിന്ദ് സ്വാമിയ്ക്ക് ഏറ്റവും ഇഷ്ടം.
ഗെയിമിനോട് മാത്രമല്ല, സോഫ്റ്റ് വെയര്‍ ഡെവലപ്പിങും വളരെ താത്പര്യമുള്ള കാര്യമാണ്. ട്രെയിന്‍ഡ് ടെക്കിയാണ് അരവിന്ദ് സ്വാമി. സ്വന്തമായി ഒരു സോഫ്റ്റ് വെയര്‍ കമ്പനിയും ആരംഭിച്ച നടന്‍ സിനിമകള്‍ക്കൊപ്പം കമ്പനിക്കാര്യങ്ങളും നോക്കുന്നുണ്ട്.
അരവിന്ദ് സ്വാമി നിരവധി കഥാപാത്രങ്ങളെ അഭ്രപാളിയിൽ അനശ്വരമാക്കി മാറ്റിയിട്ടുണ്ട്. എന്നാൽ, ഒരു സിനിമ സംവിധാനം ചെയ്യുക എന്നതും അതിൽ പ്രധാന വേഷം അഭിനയിക്കുക എന്നതും താരത്തിന്റെ വലിയ ആഗ്രഹമാണ്. ഇതിനകം രണ്ട് തിരക്കഥകളും അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. എത്രയും പെട്ടെന്ന് അദ്ദേഹത്തിന് സംവിധായകവേഷത്തിലും നമ്മളെ അത്ഭുതപ്പെടുത്താൻ കഴിയട്ടെ എന്ന് പ്രത്യാശിക്കാം.
about aravind swami