‘പെണ്ണിനെയും പ്രകൃതിയെയും നോവിക്കരുത്’; ട്രോളുമായി സാധിക വേണുഗോപാൽ

ടിക്ടോക് വിഡിയോകളിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറലായ വിഘ്നേഷ് കൃഷ്ണയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ട്രോളുമായി നടി സാധിക വേണുഗോപാൽ. ”പെണ്ണിനെയും പ്രകൃതിയെയും നോവിക്കരുത്” എന്ന വിഘ്‌നേഷിന്റെ പഴയ പോസ്റ്റ് ആണ് ട്രോളില്‍. രമേശ് പിഷാരടി അവതരിപ്പിച്ച നല്ലവനായ ഉണ്ണി എന്ന കഥാപാത്രവുമായി വിഘ്നേഷിനെ ബന്ധപ്പെടുത്തുന്ന ട്രോൾ ആണ് നടി പങ്കുവച്ചത്.

പീഡനക്കേസിൽ അറസ്റ്റിലായതോടെ ടിക്ടോക്കിൽ സജീവമായിരുന്ന വിഘ്നേഷ് കൃഷ്ണയുടെ ചില പഴയ വിഡിയോകൾ വ്യാപകമായി പ്രചരിക്കുകയുണ്ടായി. മുൻപ് തന്റെ വ്യാജ അക്കൗണ്ട് തുടങ്ങിയവരോട് വീട്ടിൽ അമ്മയും പെങ്ങളുമില്ലേ എന്ന് പ്രതികരിക്കുന്ന വിഡിയോയും ഇക്കൂട്ടത്തിലുണ്ട്.

ഫോണിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലാണ് വിഘ്നേഷ് കൃഷ്ണ (19) അറസ്റ്റിലായത്.

വടക്കാഞ്ചേരി കുമ്പളങ്ങാട്ട് പള്ളിയത്ത് പറമ്പിലാണ് വിഘ്നേഷിന്റെ വീട്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്തു നിന്ന് വിഘ്‌നേഷിനെ അറസ്റ്റ് ചെയ്തത്.

Noora T Noora T :