മലയാള സിനിമയിലെ മുന്‍നിര താരങ്ങളിലൊരാളാണ് ചെമ്പന്‍ വിനോദ് ജോസ്. നായകനായും വില്ലനായും സഹതാരമായുമെല്ലാം ചെമ്പന്‍ അഭിനയിച്ചിട്ടുണ്ട്. കോമഡിയും വില്ലത്തരവും സെന്റിമെന്‍സുമെല്ലാം ഒരുപോലെ വഴങ്ങുമെന്ന് ഇതിനോടകം തന്നെ ചെമ്പന്‍ വിനോദ് തെളിയിച്ചിട്ടുമുണ്ട്. അതുകൊണ്ട് തന്നെ മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന താരമായി ചുരുങ്ങിയ സമയം കൊണ്ട് തന്നെ ചെമ്പന്‍ മാറിയിട്ടുണ്ട്. അഭിനയത്തില്‍ മാത്രമല്ല തിരക്കഥയിലും തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട് ചെമ്പന്‍ വിനോദ്.
ഇപ്പോൾ നടന്‍ ചെമ്പന്‍ വിനോദ് ജോസ് പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെ വന്ന അധിക്ഷേപ കമന്റുകള്‍ ഉയരുകയും തുടർന്ന് ചെമ്പോസ്‌കി ആ ഫോട്ടോ ഡിലീറ്റ് ചെയ്യുകയും ചെയ്തു. ഇതേ തുടർന്ന് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ് . നടന്റെ നിറത്തെയും ശരീരഘടനയെയും അപമാനിക്കുന്ന വളരെ മോശമായ കമന്റുകളായിരുന്നു ഫോട്ടോയ്ക്ക് താഴെ വന്നിരുന്നത്.
കഴിഞ്ഞ ദിവസമാണ് പുഴയുടെ തീരത്തുനില്‍ക്കുന്ന ഫോട്ടോ ചെമ്പന്‍ വിനോദ് ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പങ്കുവെച്ചത്. ഷര്‍ട്ടിടാതെ നില്‍ക്കുന്ന ഫോട്ടോയായിരുന്നു അത്. മലയാളികൾ പൊളിയാണെന്ന് തെളിയിച്ചു കൊണ്ട് വളരെ മഹത്തായ പദപ്രയോഗങ്ങളോടെ ആ പോസ്റ്റിനെ പൂട്ടിച്ചു.
ഫോട്ടോയ്ക്ക് താഴെ കരടിയെന്നും മറ്റും വിളിച്ചുകൊണ്ടുള്ള കമന്റുകളെത്തിയതിനെ തുടർന്നാണ് അദ്ദേഹം ഫോട്ടോ പിൻവലിച്ചത് . വളരെ തരം താഴ്ന്ന പദപ്രയോഗങ്ങളും പല കമന്റുകളും ഉണ്ടായിരുന്നു. നടന്മാർക്കും നടിമാർക്കുമെതിരെ ഇത്തരം അധിക്ഷേപങ്ങൾ പുതുമയൊന്നുമല്ല. എന്നാലും മാറാത്ത തിരുത്താത്ത മലയാളികളെ പൊളി എന്നുതന്നെ വിളിക്കണം.
എന്നാൽ, നന്മയുള്ള ലോകമേ പാട്ട് ബാക്ക്ഗ്രൗണ്ട് ഇട്ട് മറ്റൊന്നുകൂടി കൂട്ടിച്ചേർക്കാം. ചെമ്പൻ വിനോദിനെ അധിക്ഷേപിച്ചുള്ള കമെന്റിന് പിന്നാലെ പ്രതികരണവുമായും നിരവധി പേരാണ് രംഗത്തെത്തിയത് . ഒരാളെ ശാരീരികമായി അപമാനിക്കാവുന്നതിന്റെ അങ്ങേയറ്റമാണ് ഫോട്ടോയ്ക്ക് താഴെ വന്ന കമന്റുകളില്‍ തൊണ്ണൂറ് ശതമാനവുമെന്നാണ് പലരും പറഞ്ഞത്. . ഒരാളുടെ രോമവും നിറവും നോക്കി നടക്കുന്ന ‘മലയാളി അത്ര പൊളി’യല്ലെന്നും സോഷ്യല്‍ മീഡിയ പ്രതികരണങ്ങളില്‍ ഉണ്ട്.
കറുത്ത ശരീരമുള്ളവന് രോമവളര്‍ച്ചയും വലുപ്പവും കൂടുതലാണെങ്കില്‍ മലയാളിയ്ക്ക് അയാൾ ‘കരടിയാവുകയും , ’, മുടിയും താടിയും വളര്‍ത്തിയാല്‍ ‘കാട്ടാളന്‍’ ആകുകയുമൊക്കെ പതിവാണല്ലോ. കറുത്തിരുന്നാൽ പിന്നെ അവർ കരിവണ്ടാണ്…. ഇത്തരം വിളികളൊക്കെ സ്‌കൂൾ തലം തൊട്ട് സാധാരണമാണ്. തടിയാ, കറുപ്പായി, നീർക്കോലി എന്നുതുടങ്ങി പല പേരുകളും ഇന്ന് നോർമലൈസ്ഡ് ആണ് . ഇത്തരം പേരുകളിലൂടെ മാത്രം അറിയപ്പെടുന്നവരും ചുരുക്കമൊന്നുമല്ല .
ഉദാഹരണത്തിന് വേണ്ടി മാത്രം സൂചിപ്പിക്കുകയാണെങ്കിൽ മലയാളത്തിന്റെ അഭിമാന നായകൻ ഇന്ദ്രൻസിനെ പോലും കുടക്കമ്പി എന്ന പേരിൽ വിളിക്കപ്പെട്ടിരുന്നു. ഇതൊക്കെ വിളിച്ചിട്ട് ‘അയ്യോ നമ്മൾ മലയാളികൾ, സാക്ഷര സമൂഹം , നമ്മൾക്ക് അങ്ങനെ കറുപ്പ് വെളുപ്പ് ശാരീരിക ഘടന എന്നൊന്നുമില്ലേ’ എന്നും പറയും.
നമ്മുടെ സിനിമയില്‍ കാലങ്ങളായി അനുവര്‍ത്തിച്ചുവരുന്ന ചില ആചാരങ്ങളും കീഴ് വഴക്കങ്ങളുമുണ്ട്. നായകൻ ആണെങ്കിൽ തീർച്ചയായും പൊതുബോധം അടിച്ചേൽപ്പിച്ചിരിക്കുന്ന ഫിറ്റ് ബോഡി, വെളുത്തതോ ഇരുനിറമോ ആയ തൊലിപ്പുറം എന്തിനേറെ മുടിനാരുകളുടെ എണ്ണത്തിൽ പോലും ചിലർ കണക്ക് വെച്ചിട്ടുണ്ട്. നായികാ സങ്കൽപ്പത്തിൽ ഇതിനൊക്കെ പുറമെ സ്വഭാവത്തിലും നിയന്ത്രണങ്ങൾ ഉണ്ട്. ഇങ്ങനെയുള്ള ഇടുങ്ങിയ കാഴ്ചപ്പാടുകൾ മാറിത്തുടങ്ങി എന്ന് പുതുതായി ഇറങ്ങുന്ന പല സിനിമകളും തെളിയിക്കുമ്പോഴും ഇതുപോലെയുള്ള അധിക്ഷേപ കമന്റുകൾ നിരാശാജനകമാണ്.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ മിക്ക ചിത്രങ്ങളിലും മികച്ച പ്രകടനങ്ങള്‍ കാഴ്ച വെച്ചാണ് ചെമ്പന്‍ വിനോദെന്ന ചെമ്പോസ്ക്കി അന്താരാഷ്ട്ര തലത്തില്‍ വരെ ചര്‍ച്ചയായത്. അങ്കമാലി ഡയറീസിന്റെ തിരക്കഥാകൃത്ത് കൂടിയായ ചെമ്പന്‍ വിനോദ് ജല്ലിക്കട്ട്, തമാശ തുടങ്ങി അഞ്ചോളം ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുമുണ്ട്. നടന്റെ ഇടി മഴ കാറ്റ്, ചുരുളി, അജഗജാന്തരം, പത്തൊന്‍പതാം നൂറ്റാണ്ട് എന്നീ ചിത്രങ്ങളാണ് റിലീസ് ചെയ്യാനുള്ളത്. ഭീമന്റെ വഴി എന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നതും ചെമ്പന്‍ വിനോദാണ്.
about chemban vinodh