ഇത്തരം ബുദ്ധിമുട്ടുള്ള കാര്യങ്ങള്‍ ഈ സമയത്ത് ചെയ്യാന്‍ ഞാന്‍ ആരെയും പ്രോത്സാഹിപ്പിക്കില്ല; സോനു സൂദിനെ ഞെട്ടിച്ച ആരാധകനോട് താരം പറഞ്ഞത് !

രാജ്യത്തെ കൊവിഡ് പ്രതിസന്ധി രൂക്ഷമാകവെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സാധരണക്കാര്‍ക്കും രാത്രിയെന്നോ പകലെന്നോ ഇല്ലാതെ സഹായമെത്തിച്ച് കൊണ്ടിരിക്കുന്ന ബോളിവുഡ് താരമാണ് സോനു സൂദ്. ഓക്‌സിജന്‍ മുതല്‍ മരുന്നുകള്‍ വരെ വേഗത്തിലാണ് സോനു സൂദ് ഫൗണ്ടേഷന്‍ ആവശ്യക്കാരിലേക്ക് എത്തിക്കുന്നത്. ഇത്രത്തോളം കരുതൽ മറ്റൊരു നായകരിലും കണ്ടിട്ടില്ലെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്.

അതിനാല്‍ തന്നെ താരത്തിന്റെ ആരാധകരും ഇതിലൂടെ പ്രചോദനം ഉൾക്കൊള്ളുന്നുണ്ട്. നടൻ എന്നതിലുപരി സോനൂ സൂദ് എന്ന വ്യക്തിക്കാണ് ആരാധകർ ഏറെയുള്ളത്. ആന്ധ്രപ്രദേശില്‍ ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ ജനങ്ങള്‍ സോനു സൂദിന്റെ പോസ്റ്ററില്‍ പാല്‍ അഭിഷേകം വരെ നടത്തുകയുണ്ടായി . കൂടാതെ നിരവധി പേരാണ് ദിനം പ്രതി മുംബൈയിലെ താരത്തിന്റെ വസതിയിലെത്തുന്നത്.

അത്തരത്തില്‍ സോനു സൂദിനെ കാണാനെത്തിയതാണ് ആരാധകനായ വെങ്കിടേഷ്. ഹൈദരാബാദില്‍ നിന്നും മുംബൈ വരെ കാല്‍നടയിലാണ് വെങ്കിടേഷ് യാത്ര ചെയ്തത്. വ്യാഴാഴ്ച്ച സോനു സൂദ് വെങ്കിടേഷിനൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. വെങ്കിടേഷ് പ്രചോദനമാണെന്നാണ് സോനു സൂദ് പറഞ്ഞത്.

‘വെങ്കിടേഷ് എന്നെ കാണുന്നതിന് ഹൈദരാബാദില്‍ നിന്നും കാല്‍നടയിലാണ് മുംബൈയിലെത്തിയത്. അദ്ദഹത്തിന് വരാനുള്ള സൗകര്യം ഞാന്‍ ഒരുക്കുന്നതിന് പകരം വെങ്കിടേഷ് സ്വയം വന്നു. ഇത് തീര്‍ച്ചയായും വലിയ പ്രചോദനമാണ്. എങ്കിലും ഇത്തരം ബുദ്ധിമുട്ടുള്ള കാര്യങ്ങള്‍ ഈ സമയത്ത് ചെയ്യാന്‍ ഞാന്‍ ആരെയും പ്രോത്സാഹിപ്പിക്കില്ല.’

കഴിഞ്ഞ മാസം സോനു സൂദിന് രാഖി കെട്ടിക്കൊടുക്കുന്ന ഫാനിന്റെ വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലായിരുന്നു. വീഡിയോയില്‍ രാഖി കെട്ടിയതിന് ശേഷം അവര്‍ നടന്റെ കാല്‍ തൊട്ട് വന്ദിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ സോനു സൂദ് അത് സ്നേഹത്തോടെ വേണ്ടെന്ന് പറയുകയാണ് ചെയ്യുന്നത്. താരത്തിന്റെ മുംബൈയിലെ വസതിയിലാണ് ആരാധകര്‍ കാണാന്‍ എത്തിയത്.

കഴിഞ്ഞ വര്‍ഷം ലോക്ഡൗണ്‍ സമയത്ത് ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങി പോകേണ്ടി വന്ന ആയിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് സഹായമെത്തിച്ചും സോനു സൂദ് മാതൃകയായിരുന്നു. അതിന് പുറമെ താത്കാലികമായി ജീവിക്കാനുള്ള സാമ്പത്തിക സഹായവും സോനു സൂദ് അവര്‍ക്കായി നല്‍കിയിരുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ അദ്ദേഹത്തിന് സ്വന്തം കുടുംബത്തില്‍ നിന്ന് മാത്രമല്ല രാജ്യത്തെ നേതാക്കളില്‍ നിന്നും പ്രശംസ ലഭിച്ചിരുന്നു.

about sonu sood

Safana Safu :