തിയറ്റർ പ്രതീക്ഷ അസ്തമിച്ചെങ്കിലും റിലീസിനൊരുങ്ങി മാലിക്കും കോൾഡ് കേസും!

കൊറോണ പ്രതിസന്ധി സിനിമാ മേഖലയെ പിടിച്ചുലച്ചെങ്കിലും മികച്ച സംവിധാനത്തിൽ നിരവധി നല്ല സിനിമകൾ റിലീസിനൊരുങ്ങിയിരിക്കുകയാണ്. അതിൽ സിനിമ പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമകളാണ് ഫഹദ് ഫാസിൽ നായകനായ മാലിക്ക് എന്ന ചിത്രവും പൃഥ്വിരാജ് നായകനാകുന്ന കോൾഡ് കേസും . രണ്ട് സിനിമകളും ഡയറക്റ്റ് ഒടിടി റിലീസിനൊരുങ്ങുന്നുവെന്ന് സൂചന.

കോവിഡ് വ്യാപനം മൂലം തിയറ്ററുകൾ‌ അടുത്തെങ്ങും തുറക്കാൻ സാധ്യത ഇല്ലാത്തതിനാലാണ് ഇരു ചിത്രങ്ങളുടെയും നിർമാതാവായ ആന്റോ ജോസഫ് ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്കെത്തിയത്. ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉടനുണ്ടാകും. ഒന്നര വർഷത്തിലേറെയായി തിയറ്റർ റിലീസിനായി കാത്തിരിക്കുന്ന ചിത്രമാണ് മാലിക്ക്.

തിയറ്റർ റിലീസിനായി ഒരുപാട് കാത്തിരുന്നെന്നും എന്നാൽ മുഴുവൻ സീറ്റുകളിലും ആളുകളെ ഇരുത്തി ഉടനെങ്ങും പ്രദർശനം നടക്കാൻ സാധ്യതയില്ലാത്തതിനാൽ ഒടിടി റിലീസിന് ശ്രമിക്കുകയാണെന്ന് ആന്റോ ജോസഫ് എക്സിബിറ്റേഴ്സ് അസോസിയേഷന് അയച്ച കത്തിൽ പറയുന്നു. രണ്ടു സിനിമകളും ആമസോൺ പ്രൈം വഴിയാകും പ്രേക്ഷകരിലേക്ക് എത്തുകയെന്നാണ് സൂചന.

ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ ഒരുക്കുന്ന മാലിക്ക് പീരിയഡ് ഗണത്തിൽപെടുന്നതാണ്. ഇരുപത് വയസ് മുതല്‍ 55 വയസ് വരെയുള്ള സുലൈമാന്റെയും അയാളുടെ തുറയുടെയും ജീവിതമാണ് സിനിമ പറയുന്നത് . ചിത്രം റിലീസാകുന്നതോടെ ഫഹദിന്റെ കരിയറിലെ ഏറ്റവും മുതൽമുടക്കുള്ള സിനിമ കൂടിയാകും മാലിക്.

ചിത്രത്തിന് വേണ്ടി 20 കിലോയോളം ഭാരം കുറച്ച് ഫഹദ് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. സാനു ജോൺ വർഗീസ് ഫ്രെയിമുകൾ ഒരുക്കിയിരിക്കുന്ന ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത് സുഷിൻ ശ്യാമാണ്. തനു ബാലക് ഒരുക്കുന്ന കോൾഡ് കേസിൽ പൃഥ്വിരാജ് പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണെത്തുന്നത്. ജോമോൻ ടി ജോണും ഗിരീഷ് ഗംഗാധരനും ചേർന്നാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

about film release

Safana Safu :