ഏതായാലും സംഗതി ഏറ്റു ; ചെയ്ത തെറ്റ് ഏറ്റുപറഞ്ഞതോടെ ശിക്ഷയിൽ നിന്നും ഒഴിവായി; ജീവിതത്തിലും വിനയചന്ദ്രൻ മാഷായ പൃഥ്വിരാജിനെ അഭിനന്ദിച്ച് ട്രോൾ!

പൃഥ്വിരാജിന്റെ വേറിട്ട കഥാപാത്രമായിരുന്നു മാണിക്യക്കല്ലിലെ വിനയൻ മാഷ്. ഇന്നിപ്പോൾ വിനയൻ മാഷായി റീൽ ജീവിതത്തിൽ നിന്നും റിയൽ ജീവിതത്തിലെത്തിയ പൃഥ്വിരാജിനെ കുറിച്ചാണ് സോഷ്യൽ മീഡിയയിൽ സംസാരം.

“ക്‌ളാസ്സ് മുറിയിലേക്ക് പുതിയ മാഷ് കടന്നുവരുന്നതും ബ്ലാക്ക് ബോർഡിൽ കുട്ടികളുടെ കൂട്ടത്തിലെ ഒരു കലാകാരൻ വരച്ച കുരങ്ങിന്റെ പടവും മലയാളികൾ മറന്നിട്ടുണ്ടാകില്ല. ചോക്ക് കൊണ്ട് വരച്ച ആ കുരങ്ങന്റെ ചിത്രം തന്നെ കളിയാക്കാനായിരുന്നു എന്ന് വിനയചന്ദ്രൻ മാഷിനറിയാമായിരുന്നു .

എന്നാൽ, അതുകാണുന്ന വിനയചന്ദ്രൻ മാഷ് ക്ഷോഭിച്ചില്ല, പകരം ഇത്ര മാത്രം പറഞ്ഞു. “ഞാൻ പത്തു വരെ എണ്ണും, അതിനുള്ളിൽ ബോർഡിൽ ഇത് വരച്ചയാൾ എഴുന്നേറ്റു നിൽക്കണം. സത്യം പറയാതെ ആരും ക്ലാസ് വിട്ട് പുറത്തുപോകില്ല.” ഇത്രയും പറഞ്ഞ ശേഷം അദ്ദേഹം ബോർഡിൽ ഒന്ന് മുതൽ ഒൻപതു വരെ എഴുതി. പത്ത് എഴുതുന്നതിനു തൊട്ടു മുൻപ് ഒന്ന് തിരിഞ്ഞുനോക്കി.

അതോടെ പടം വരച്ച പയ്യൻ വലതുകൈ നീട്ടി അടികൊള്ളാൻ റെഡിയായി നിൽക്കുന്നു. അടി പ്രതീക്ഷിച്ച് കുറ്റബോധത്തോടു കൂടി നിന്ന കുട്ടിയുടെ കയ്യിലേക്ക് വിനയചന്ദ്രൻ മാഷ് ഒരു കളർ പെൻസിൽ വെച്ചുകൊടുക്കുന്നു . ശിക്ഷിക്കാനല്ല, മറിച്ച് അഭിനന്ദിക്കാനാണ് വിനയചന്ദ്രൻ മാഷ് ആ കലാകാരനെ അന്വേഷിച്ചത് . അത്ഭുതം മാറാത്ത അവന്റെ കണ്ണുകൾ വിനയൻ മാഷിനെ നോക്കി തിളങ്ങി .

വിനയൻ മാഷായി പൃഥ്വിരാജും വിദ്യാർത്ഥിയായി ബാലു വർഗീസും മാണിക്യക്കല്ലിൽ തകർത്തഭിനയിച്ചപ്പോൾ അത് പിന്നീട് ഇതുപോലെ ചർച്ചയാകുമെന്ന് കരുതിയില്ല. ഇന്ന് നടന്ന സംഭവങ്ങൾ ആ കഥാപാത്രത്തെ ഓർമ്മിപ്പിക്കുന്നതായിരുന്നു.

കഴിഞ്ഞ ദിവസം ഒരു മിമിക്രി കലാകാരൻ ക്ലബ്ഹൗസിൽ പൃഥ്വിരാജിന്റെ പേരും ശബ്ദവും അനുകരിച്ച് ഒരു റൂം തുറന്ന് ചർച്ച നടത്തിയിരുന്നു. പൃഥ്വിരാജ് ആരാധകൻ ആണെന്ന് പറഞ്ഞെങ്കിലും പ്രശ്നം ഗുരുതരമായി . പങ്കെടുത്തവർ തന്നെ അതിനെതിരെ ശബ്ദമുയർത്തുകയും പൃഥ്വിരാജ് വ്യാജ അക്കൗണ്ടിനും ചർച്ചക്കുമെതിരെ പ്രതിഷേധം രേഖപ്പെടുത്തി പോസ്റ്റ് ഇടുകയും ചെയ്തു.

എന്നാൽ ആരെയും പറ്റിക്കാൻ വേണ്ടി ചെയ്തതല്ല, പൃഥ്വിരാജ് ക്ലബ്ഹൗസിൽ വന്നാൽ എങ്ങനെ സംസാരിക്കും എന്ന് തരത്തിൽ ചെയ്തതാണെന്ന് അയാൾ ഏറ്റുപറഞ്ഞു. പൃഥ്വിരാജ് ആ കുറിപ്പ് സഹിതം ക്ഷമിച്ചതായി അറിയിച്ചു തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇടുകയും ചെയ്തിരുന്നു. ക്ലബ്ഹൗസിൽ ഇതുവരെയും പൃഥ്വിരാജ് അംഗമായിട്ടില്ല എന്നും പൃഥ്വിരാജ് അറിയിച്ചിരുന്നു.

about prithviraj

Safana Safu :