കൊവിഡ് രോഗികള്‍ക്കുള്ള ചികിത്സാ സഹായവുമായി മഹാ നടൻ മമ്മൂട്ടി; നന്ദിയറിച്ച് ഹൈബി ഈഡന്‍!

എറണാകുളം ജില്ലയിലെ കൊവിഡ് രോഗികള്‍ക്കുള്ള ചികിത്സാ സഹായം നല്‍കി മാതൃകയായിരിക്കുകയാണ് മലയാളത്തിന്റെ മഹാ നടൻ മമ്മൂട്ടി. എറണാകുളം എം.പിയായ ഹൈബി ഈഡന്റെ നേതൃത്വത്തില്‍ നടക്കുന്ന മരുന്ന് വിതരണത്തിലാണ് സഹായവുമായി മമ്മൂട്ടി എത്തിയത്.

കൊവിഡ് പോസിറ്റീവ് രോഗികള്‍ക്ക് ആവശ്യമായ വിറ്റാമിന്‍ മരുന്നുകള്‍, പ്രതിരോധ പ്രവര്‍ത്തകര്‍ക്കാവശ്യമായ പള്‍സ് ഓക്‌സിമീറ്ററുകള്‍, സാനിറ്റൈസറുകള്‍ എന്നിവയാണ് മമ്മൂട്ടി നല്‍കിയത്. നടന്‍ രമേശ് പിഷാരടിയും ഹൈബിക്ക് ഒപ്പമുണ്ടായിരുന്നു. 40 ദിവസത്തിനിടെ 28 ലക്ഷം രൂപയുടെ മരുന്നുകളാണ് ഇതിനകം വിതരണം ചെയ്തതെന്ന് ഹൈബി ഈഡന്‍ പറഞ്ഞു.

നേരത്തെ നടന്‍ മോഹന്‍ലാലും കൊവിഡ് രോഗികള്‍ക്കുള്ള സഹായം എത്തിച്ചിരുന്നു. തന്റെ 61ാം ജന്മദിനത്തിനോടനുബന്ധിച്ചാണ് മോഹന്‍ലാല്‍ കൊവിഡ് രോഗികള്‍ക്കുള്ള സഹായം എത്തിച്ചത്.

കൊവിഡ് കാലത്ത് ബുദ്ധിമുട്ടിലായ ആശുപത്രികളിലേക്ക് ഓക്സിജന്‍ കിടക്കകള്‍, വെന്റിലേറ്റര്‍, ഐ.സി.യു കിടക്കകള്‍, എക്സ്-റേ മെഷീന്‍ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ അച്ഛന്റെയും അമ്മയുടെയും പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍ വഴി നല്‍കിയത്.

ഹൈബി ഈഡന്റെ ഫേസ്ബുക്ക് കുറിപ്പ്;

എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തില്‍ 40 ദിവസം പിന്നിടുന്ന മരുന്ന് വിതരണത്തിന് പിന്തുണയുമായി മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി. കൊവിഡ് പോസിറ്റീവ് രോഗികള്‍ക്ക് ആവശ്യമായ വിറ്റാമിന്‍ മരുന്നുകള്‍, പ്രതിരോധ പ്രവര്‍ത്തകര്‍ക്കാവശ്യമായ പള്‍സ് ഓക്‌സിമീറ്ററുകള്‍, സാനിറ്റൈസറുകള്‍ എന്നിവ അദ്ദേഹം നല്‍കി.

40 ദിവസം പിന്നിടുന്ന പദ്ധതിയിലൂടെ 28 ലക്ഷം രൂപയുടെ മരുന്നുകളാണ് ഇതിനകം വിതരണം ചെയ്തത്. കൊവിഡ് പോസിറ്റീവ് രോഗികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും അവര്‍ സ്ഥിരമായി കഴിക്കുന്ന മറ്റു മരുന്നുകള്‍ കൂടി കഴിഞ്ഞ ദിവസങ്ങളില്‍ വിതരണം ചെയ്തിട്ടുണ്ട്.

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം നല്‍കിയ പിന്തുണ പദ്ധതിയ്ക്ക് കൂടുതല്‍ ഊര്‍ജ്ജമേകും. പ്രിയ സുഹൃത്ത് രമേശ് പിഷാരടിയും കൂടെയുണ്ടായിരുന്നു. പ്രിയ മമ്മൂക്കയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി.

about mammooty

Safana Safu :