ബജറ്റില്‍ കലാ സാംസ്‌കാരിക മേഖലയെ അവഗണിച്ചെന്ന് നടന്‍ സന്തോഷ് കീഴാറ്റൂര്‍. തോമസ് ഐസക്കിന്റെ ബജറ്റില്‍ ചെറുതായി കലാകാരന്‍മാര്‍ക്ക് വേണ്ടി മാറ്റിവെച്ചിരുന്നു. അതേ സര്‍ക്കാര്‍ ആയിട്ടും ഇത്തവണത്തെ ബജറ്റില്‍ അവര്‍ക്ക് വേണ്ടി ഒന്നും കണ്ടില്ലെന്നാണ് സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്
‘കഴിഞ്ഞ ഒരു നാല് വര്‍ഷമായി സ്റ്റേജ് കലാകാരന്‍മാര്‍ പട്ടിണിയാണ്. അതിനാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇപ്പോള്‍ കൊടുക്കുന്നത് പോര. ഇതിലും കൂടുതല്‍ കൊടുക്കാന്‍ സര്‍ക്കാരിനോട് നമുക്ക് എല്ലാവര്‍ക്കും ചേര്‍ന്നുകൊണ്ട് ആവശ്യപ്പെടാം.’ സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു.
അതേസമയം സ്റ്റേജ് കലാകാരന്‍മാര്‍ക്ക് വേണ്ടി കഴിയുന്ന സഹായങ്ങള്‍ ചെയ്യണമെന്ന് നടനും സംവിധായകനുമായ രമേഷ് പിഷാരടി പറയുന്നു. താന്‍ വേദികളിലൂടെ വളര്‍ന്ന് വന്ന വ്യക്തിയാണ്. അതിനാല്‍ തന്നെ ബുദ്ധിമുട്ടിലായ സ്‌റ്റേജ് കലാകാരന്‍മാര്‍ക്ക് വേണ്ടത് ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ അത്തരക്കാര്‍ ഒരു ചെറിയ വിഭാഗമായതിനാല്‍ പലപ്പോഴും ബജറ്റിലും പ്രഖ്യാപനങ്ങളിലും ഉള്‍പ്പെടാതെ പോകുന്നു. അവരുടെ അവസ്ഥ വളരെ ദയനീയമാണ്. അതിനാല്‍ നമ്മളാല്‍ കഴിയുന്ന സഹായം ചെയ്യണമെന്ന് രമേശ് പിഷാരടി വ്യക്തമാക്കി.