ലോക്ക്ഡൗൺ ലംഘിച്ച് സീതാ കല്യാണത്തിന്റെ രഹസ്യ ഷൂട്ടിങ്ങ്; താരങ്ങളുടെ ആദ്യ പ്രതികരണം ഇതാ….ഞങ്ങൾ അപ്പോഴേ പറഞ്ഞതല്ലേ ഇതൊന്നും വേണ്ടെന്ന് ആരാധകർ

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഷൂട്ടിങ് നടത്തിയതിന് സീരിയല്‍ താരങ്ങള്‍ അടക്കം 20 പേര്‍ പോലീസ് കസ്റ്റഡിയിലായെന്നുള്ള വാർത്ത കഴിഞ്ഞ ദിവസമായിരുന്നു പുറത്ത് വന്നത്. വര്‍ക്കലയിലെ സ്വകാര്യ റിസോര്‍ട്ടിലാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സീത കല്യാണം എന്ന പരമ്പരയുടെ ഷൂട്ടിങ്ങാണ് രഹസ്യമായി നടന്നത്.

ലോക്ക്ഡൗൺ നിയന്ത്രണങ്ങള്‍ ലംഘിച്ച് റിസോര്‍ട്ടില്‍ ഷൂട്ടിങ് നടത്തുന്ന വിവരം സമീപ വാസികളാണ് പോലീസിൽ അറിയിച്ചത്. ഇതേ തുടർന്ന് അയിരൂര്‍ പോലീസ് സ്ഥലത്തെത്തുകയും സീരിയല്‍ താരങ്ങളും ടെക്നീഷ്യന്‍മാരുമടക്കം ഇരുപതോളം പേരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവര്‍ക്കെതിരെ പകര്‍ച്ചവ്യാധി പ്രതിരോധ ഓര്‍ഡിനന്‍സ് പ്രകാരം നടപടിയുണ്ടാകും.

ഈ വാർത്ത പുറത്തുവന്നതിന് ശേഷം സീത കല്യാണം താരങ്ങളുടെ പ്രതികരണം ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. താരങ്ങൾ അറസ്റ്റിലായെന്ന വാർത്ത വന്നതോടെ സീതയായി എത്തുന്ന ധന്യ മേരി വർഗീസ് സഹതാരങ്ങളായ ജിത്തു, റെനീഷ തുടങ്ങിയവരാണ് പോസ്റ്റുമായി രംഗത്ത് എത്തിയത്. തങ്ങൾ സേഫ് ആണ്, അവിടെ ഞങ്ങൾ ഇല്ലായിരുന്നുവെന്നും നിങ്ങളുടെ സ്നേഹത്തിനും അന്വേഷണത്തിനും നന്ദി എന്നും പറഞ്ഞുകൊണ്ടാണ് താരങ്ങൾ രംഗത്ത് എത്തിയത്.

ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച ഇടവ പഞ്ചായത്ത് 12-ാം വാര്‍ഡിലാണ് രഹസ്യമായി ചിത്രീകരണം നടന്നത്. ഓടയത്തുള്ള പാം ട്രീ റിസോര്‍ട്ടില്‍ ആയിരുന്നു ഷൂട്ടിംഗ്. വിവരം അറിഞ്ഞ് പൊലീസ് സംഭവ സ്ഥലത്ത് എത്തി റിസോര്‍ട്ട് അയിരൂര്‍ പൊലീസ് സീല്‍ ചെയ്യുകയും റിസോര്‍ട്ട് ഉടമയ്‌ക്കെതിരെ കേസെടുക്കുകയും ചെയ്തു.

അതേസമയം നടപടി വന്നതിനു പിന്നാലെ ആരാധകരും വിവിധ അഭിപ്രായങ്ങളുമായി രംഗത്ത് എത്തുകയുണ്ടായി. ഞങ്ങൾ അപ്പോഴേ പറഞ്ഞതല്ലേ വേണ്ട വേണ്ടെന്ന്, കല്യാണിനെ തിരികെ എത്തിച്ചിട്ട് പരമ്പര അവസാനിപ്പിക്കാമായിരുന്നില്ലേ, ഇനിയെങ്കിലും ഇതിനെ വലിച്ചു നീട്ടി കൊണ്ടുപോകാതെ ഒരു ക്ളൈമാക്സിലേക്ക് എത്തിക്കൂ എന്ന് തുടങ്ങി നിരവധി കമന്റുകൾ ആണ് ലഭിക്കുന്നത്.

കോവിഡ് വ്യാപനം കണക്കിലെടുത്ത് കേരളത്തിൽ സീരിയൽ, സിനിമയുടെ ചിത്രീകരണം നിർത്തിവയ്ക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇതിന് പിന്നാലെ മെയ് എട്ടിന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച അന്നുമുതല്‍ സംസ്ഥാനത്ത് സിനിമ- സിരീയല്‍ എന്നിവയുടെ ഇന്‍ഡോര്‍ ഔട്ട്ഡോര്‍ ഷൂട്ടിംഗ്
നിരോധിച്ചിരുന്നു. ഏപ്രിൽ 29നാണ് ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ സംസ്ഥാനത്ത് സിനിമാ-സീരിയൽ ഷൂട്ടിംഗ് നിർത്താനായി നിർദ്ദേശം കൊടുത്തതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചത്. തുടക്കത്തിൽ എറണാകുളം ജില്ലയിൽ മാത്രമായിരുന്നു ഷൂട്ടിംഗ് നിർത്തി വച്ചിരുന്നത്. കോവിഡ് കേസുകൾ കൂടിയതനുസരിച്ചാണ് അന്ന് ഷൂട്ടിംഗ് അവസാനിപ്പിച്ചത്.

2020ൽ മാർച്ച് മാസം ഷൂട്ടിംഗ് നിർത്തി വച്ചിരുന്നു. ശേഷം മെയ് മാസത്തിലാണ് വീണ്ടും ഷൂട്ടിംഗ് പുനഃരാരംഭിച്ചത്. പങ്കെടുക്കുന്ന വ്യക്തികളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയായിരുന്നു ഷൂട്ട്‌. ചിത്രീകരണം നിർത്തിവച്ചിരുന്ന കാലയളവിൽ ചില എപ്പിസോഡുകൾ പുനഃസംപ്രേഷണം ചെയ്യുകയും പഴയ ഷോകൾ വീണ്ടും പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. അടുത്തിടെ ബിഗ് ബോസ് മലയാളം മൂന്നാം സീസൺ ഷൂട്ട് നടന്നിരുന്ന ചെന്നൈയിലെ സ്റ്റുഡിയോയും പോലീസെത്തി സീൽ ചെയ്തിരുന്നു.

Noora T Noora T :