ദൃശ്യത്തിന് ശേഷം റോഷന്‍ ബഷീര്‍ മടങ്ങിവരുന്നു; ഇത്തവണ റിവഞ്ച് ത്രില്ലര്‍

റോഷന്‍ ബഷീര്‍ നായകനായെത്തുന്ന ‘വിന്‍സെന്റ് ആന്‍ഡ് ദി പോപ്പ്’ ചിത്രം റിലീസിന് ഒരുങ്ങുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിന് ശേഷം റോഷന്‍ വേഷമിടുന്ന മലയാള ചിത്രമാണിത്. ബിജോയ് പി.ഐ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിന്‍സെന്റ് എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് റോഷന്‍ അവതരിപ്പിക്കുന്നത്.

റിവഞ്ച് ത്രില്ലര്‍ ജോണറില്‍ ഒരുക്കിയ ഈ കഥയില്‍ വിന്‍സെന്റ് എന്ന ഹിറ്റ്മാന്‍ തന്റെ ജീവിതത്തിലെ നിര്‍ണായകമായ ഒരു യാത്രാവേളയില്‍ കണ്ടുമുട്ടുന്ന ഹോജ എന്ന ടാക്‌സി ഡ്രൈവറുമായി സംഭാഷണത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങളുമായി കഥ കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു.

വിന്‍സെന്റ്, ഹോജ, പോപ്പ് എന്നീ മൂന്ന് കഥാപാത്രങ്ങളുമായി കോര്‍ത്തിണക്കിയ ‘വിന്‍സെന്റ് ആന്‍ഡ് ദി പോപ്പ്’ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്ത പുലര്‍ത്തുന്നു. നവാഗതനായ റിയാസ് അബ്ദുല്‍റഹിമാണ് ടാക്‌സി ഡ്രൈവറായ ഹോജയെ അവതരിപ്പിക്കുന്നത്. കുരിശുമല, ആരുവാമൊഴി, തിരുവനന്തപുരം എന്നീ ലൊക്കേഷനുകളില്‍ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ‘വിന്‍സെന്റ് ആന്‍ഡ് ദി പോപ്പ്’ ജൂണ്‍ അവസാനവാരം ഒടിടി പ്ലാറ്റുഫോമുകളില്‍ റിലീസ് ചെയ്യും.

ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അഖില്‍ ഗീതാനന്ദ് ആണ്. സഞ്ജീവ് കൃഷ്ണന്‍ പശ്ചാത്തല സംഗീതവും കിരണ്‍ വിജയ് എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. വാണിമഹല്‍ ക്രീയേഷന്‍സ് ആണ് നിര്‍മ്മാണം.

Noora T Noora T :