എന്‍റെ കഥയിൽ ഡ്യൂപ്പില്ല. എല്ലാ സീനിലും ഞാൻ തന്നെ അഭിനയിച്ചേ പറ്റു’ -മുഖത്തിന്‍റെ പകുതിയോളം പടർന്നുകയറിയ മറുകിലൂടെ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയനായ ആലപ്പുഴ ഹരിപ്പാട് സ്വദേശി പ്രഭുലാൽ പ്രസന്നൻ ഒരിക്കൽ ഫേസ്ബുക്കിൽ കുറിച്ച വാക്കുകളാണ് ഇത്. യഥാർഥ ജീവിതത്തിലെ സീനുകളാണ് അന്ന് പ്രഭുലാൽ ഉദ്ദേശിച്ചതെങ്കിലും ഇപ്പോൾ സിനിമയിലെ സീനുകളിലും അഭിനയിക്കാനൊരുങ്ങുകയാണ് ഈ യുവാവ്
‘ഇരവിപുരം’ എന്ന സിനിമയിലേക്കു സംവിധായകൻ സിക്കന്ദർ ദുൽഖർനൈൻ പ്രഭുലാലിനെ നായകനാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. പ്രഭുലാലിന്റെ മുഖമുൾപ്പെടെ ശരീരത്തിന്റെ പകുതിയിലധികം മൂടിനിൽക്കുന്ന മറുക് ഒരു ഭാഗ്യലക്ഷണം കൂടിയാണിപ്പോൾ. റംഷീന സിക്കന്ദർ, സാക്കിർ അലി, ശ്യാം എന്നിവർ നിർമിച്ച് സിക്കന്ദർ ദുൽഖർനൈൻ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന സിനിമയിൽ കേന്ദ്രകഥാപാത്രമായ സഖാവ് മനുപ്രസാദിനെയാണ് പ്രഭുലാൽ അവതരിപ്പിക്കുന്നത്
ഇരവിപുരം എന്ന ഗ്രാമത്തിന്റെ കഥ പറയുന്ന സിനിമയ്ക്ക് പ്രഭുലാലിന്റെ ജീവിതവുമായി സാമ്യമുണ്ട്. ശരീരം നിറയെ മറുകുമായാണ് പ്രഭുലാൽ ജനിച്ചത്. ശരീരം വളരുന്നതിനൊപ്പം മറുകും വളർന്നു. വലതു ചെവി മൂടി വളർന്നിറങ്ങിയ മറുക് കേൾവിശേഷി ഇല്ലാതാക്കി. ‘
സ്കൂൾ കാലത്ത് എന്റെ രൂപമോർത്ത് സങ്കടപ്പെടാറുണ്ടായിരുന്നു. കളിയാക്കലും സഹതാപവും വേദനിപ്പിച്ചിരുന്നു. പ്രപഞ്ചത്തിലെ ഓരോ സൃഷ്ടിക്കും അതിന്റേതായ പ്രാധാന്യമുണ്ടെന്നു പറഞ്ഞ് അമ്മ ബിന്ദുവാണ് സമാധാനിപ്പിച്ചത്. ആ ആത്മവിശ്വാസമാണ് രൂപത്തെപ്പറ്റിയുള്ള ചിന്ത മറന്ന് ജീവിക്കാൻ പ്രേരണയായത്–’ പ്രഭുലാൽ പറയുന്നു. ബന്ധുക്കളും സുഹൃത്തുക്കളും നൽകിയ പിന്തുണയും കരുത്താവുകയായിരുന്നു
പ്രഭുലാലിന്‍റെ മുഖത്ത് ജന്മനാ ഉള്ളതാണ് ഈ മറുക്. വളർന്നപ്പോൾ ആ മറുകും വലുതായി മുഖത്തിന്‍റെ പാതിയോളം പടർന്നു. ഇത് നൽകിയ പരിഹാസവും അവഗണനയും സഹതാപവുമെല്ലാം അഭിമുഖീകരിച്ചതും അതിജീവിച്ചതുമെല്ലാം വിവരിച്ചാണ് പ്രഭുലാൽ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയനായത്. ജീവിതത്തിൽ തളർന്നുപോയ പലർക്കും ഈ അനുഭവങ്ങൾ പ്രചോദനമായിരുന്നു.അര്‍ബുദത്തെ മറികടന്ന് നിരവധി പേര്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് കഴിഞ്ഞദിവസം മരണത്തിന് കീഴടങ്ങിയ തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശി നന്ദു മഹാദേവയുടെ അടുത്ത സുഹൃത്തുകൂടിയാണ് പ്രഭുലാല്‍.
നങ്ങ്യാർകുളങ്ങര ടികെഎംഎം കോളജിൽനിന്നു കൊമേഴ്സിൽ ബിരുദവും ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ട്സിൽ ഡിപ്ലോമയും നേടിയ പ്രഭുലാൽ വിദൂര വിദ്യാഭ്യാസത്തിലൂടെ മധുര കാമരാജ് സർവകലാശാല എംകോം പരീക്ഷ എഴുതിയിരിക്കുന്നു. പാട്ടു പഠിച്ചിട്ടില്ലാത്ത പ്രഭുലാലിന്റെ പാട്ടുകൾ യൂട്യൂബിൽ ഹിറ്റാണ്. ആൽബങ്ങളിലും പാടി.
വയോജന മന്ദിരങ്ങളിലും ഭിന്നശേഷിക്കാർക്കുള്ള സ്കൂളുകളിലും പാട്ടുകൾ പാടും. ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവം. അലി, ആയിശ വെഡ്സ് ഷമീർ എന്നീ സിനിമകൾക്കുശേഷം സിക്കന്ദർ ചെയ്യുന്ന സിനിമയാണ് ഇരവിപുരം. ഗാനരചനയും സംഗീതവും റൂബിനാഥ്, ജയനീഷ് ഒമാനൂർ, നിഷാദ് ഷാ എന്നിവർ നിർവഹിക്കുന്നു.