അച്ഛന്റെ മാസ് സിനിമയേക്കാള്‍ എനിക്കിഷ്ടം ആ രണ്ടുപേരുടെയും ക്ലാസ്സിക്കുകളാണ് ; ഐ.വി ശശിയുടെ ഓര്‍മ്മയില്‍ മകന്‍..!

പൂര്‍ണ്ണതയുടെ സംവിധായകനായിരുന്നു ഐ.വി.ശശി . ചെയ്യുന്ന ഓരോ സിനിമയും തന്റെ സങ്കല്പങ്ങളുടെ പൂര്‍ത്തീകരണമാക്കിത്തീര്‍ക്കുന്നതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു. സിനിമാപ്രപഞ്ചത്തിലെ ഏകഛത്രാധിപതിയായി വാഴുന്ന സംവിധായകന്‍ ഐ.വി ശശിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് മകന്‍ അനി ഐ.വി. ശശി.

അച്ഛന്റെ പാത പിന്തുടര്‍ന്ന് തെലുങ്കില്‍ ഒരു സിനിമ സംവിധാനം ചെയ്തു കഴിഞ്ഞു അനി. കഴിഞ്ഞ പത്ത് വര്‍ഷമായി പ്രിയദര്‍ശന്റെ ശിഷ്യനായി പ്രവര്‍ത്തിക്കുന്ന അനി മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ പ്രിയദര്‍ശനൊപ്പം തിരക്കഥ ഒരുക്കുകയും ചെയ്തു.

അച്ഛന്റെ മാസ് സിനിമകളേക്കാള്‍ തനിക്കിഷ്ടം എം.ടി സാറിന്റേയും പത്മരാജന്‍ സാറിന്റേയും തിരക്കഥയില്‍ ചെയ്ത സിനിമകളാണെന്നാണ് അനി പറയുന്നത്. ആള്‍ക്കൂട്ടത്തില്‍ തനിയേ, ആരൂഢം, അനുബന്ധം, കാണാമറയത്ത് തുടങ്ങിയ സിനിമകള്‍ വളരെ ഇഷ്ടമാണെന്നും അനി ഐ.വി. ശശി ഒരു അഭിമുഖത്തില്‍ പറഞ്ഞു.

എപ്പോഴായിരിക്കും അച്ഛനെപ്പോലെ മാസ് സിനിമകള്‍ ചെയ്യുക എന്ന ചോദ്യത്തിന് കഥ ആവശ്യപ്പെട്ടാല്‍ ചെയ്യുമെന്നായിരുന്നു അനി നൽകിയ മറുപടി.

” കഥ ആവശ്യപ്പെട്ടാല്‍ തീര്‍ച്ചയായും ചെയ്യും. ഇരുപതുപേരെ വച്ച് ഷൂട്ട് ചെയ്യാന്‍ സുഖമാണ്. മരക്കാറില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഉള്‍പ്പെടെ അഞ്ഞൂറിലധികം ആളുകളുണ്ട്. എന്നാല്‍ അച്ഛന്റെ സമയത്ത് ഇത്രയും ആളുകളെ നിയന്ത്രിച്ച് സിനിമ ചെയ്യുക ഏറെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു.”

“എല്ലാവരെയും നിയന്ത്രിച്ച് എങ്ങനെ സിനിമ ചെയ്യാന്‍ കഴിയുന്നുവെന്ന് അച്ഛനോട് ചോദിച്ചിട്ടുണ്ട്. ഞാന്‍ പറഞ്ഞാല്‍ ആളുകള്‍ അനുസരിക്കുമെന്നായിരുന്നു അച്ഛൻ മറുപടിയായി പറഞ്ഞത്.

“ലൗഡ് സ്പീക്കറിലൂടെ അച്ഛന്‍ ആളുകളെ നിയന്ത്രിച്ചു. അത് അച്ഛന്റെ പവറാണ്. അച്ഛന്റെ സിനിമകള്‍ ആളുകളില്‍ ചെലുത്തിയ സ്വാധീനമായിരിക്കും. ഒപ്പം അച്ഛനോടുള്ള സ്‌നേഹവും. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ സഹസംവിധായകര്‍ക്ക് കഴിയില്ല,”’ അനി പറയുന്നു.

വീട്ടില്‍ സിനിമ മാത്രമാണ് അച്ഛന്‍ സംസാരിച്ചിരുന്നത്. ഞാന്‍ അത് ശ്രദ്ധേയോടെ കേള്‍ക്കും. സിനിമയുടെ സാങ്കേതിക വശമാണ് എന്നെ ആകര്‍ഷിച്ചത്. സിനിമ മാത്രമേ എനിക്ക് അറിയുകയുള്ളൂ. സിനിമ ചെയ്യുമ്പോഴാണ് എനിക്ക് സമാധാനം കിട്ടുന്നത്. അത് ക്ലാപ്പടിക്കുന്നതായാല്‍ പോലും സന്തോഷമാണ്.

ക്യാമറയുടെ പിന്നില്‍ നില്‍ക്കുമ്പോള്‍ സിനിമാകുടുംബത്തില്‍ നിന്നു വരുന്നതിന്റെ ടെന്‍ഷന്‍ അനുഭവപ്പെടാറില്ല. എന്റെ സന്തോഷത്തിലാണ് സിനിമ ചെയ്യുന്നത്. അച്ഛന്‍ ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ട്. അതിന് ഒപ്പം എത്താന്‍ എനിക്ക് കഴിയില്ല എന്നും അനി ഐ.വി ശശി പറഞ്ഞു.

about I V Sasi

Safana Safu :