മദ്യമില്ല മയക്കുമരുന്നില്ല തമ്മിൽ തല്ലില്ല മോഷണമില്ല കൊളളയുമില്ല കൊലപാതകവുമില്ല! എള്ളോളമില്ല പൊളി വചനം… സാക്ഷാൽ മാവേലി വാണ നാടാണോ എന്ന് തോന്നിപോകും; ആലപ്പി അഷറഫ്

അടിയന്തരാവസ്ഥയുടെ സമയത്തു പോലും സമാധാനം നിലനിന്നിരുന്ന സ്ഥലമായിരുന്നു ലക്ഷദ്വീപെന്നും സാക്ഷാൽ മാവേലി വാണ നാടാണോ എന്ന് തോന്നിപ്പോകുമായിരുന്നെന്നും തിരക്കഥാകൃത്ത് ആലപ്പി അഷറഫ് പറയുന്നു. ‘ദ്വീപ്’ എന്ന സിനിമയുടെ ചിത്രീകരണസമയത്ത് ലക്ഷദ്വീപിൽ പോയ അനുഭവങ്ങൾ ഓർ ർത്തെടുത്തായിരുന്നു അഷറഫിന്റെ പ്രതികരണം.

ആലപ്പി അഷറഫ് പറയുന്നതിങ്ങനെ

ചെമ്മീൻ എന്ന സ്വർണമെഡൽ ചിത്രം സംവിധാനം ചെയ്ത രാമുകാര്യാട്ടാണ് “ദ്വീപ് ” എന്ന സിനിമയും സംവിധാനം ചെയ്തത്. 1976- ൽ ലക്ഷദ്വീപിലെ മിനിക്കോയിലായിരുന്നു ഷൂട്ടിംഗ്. ഞാനും ആ ചിത്രത്തിൽ പങ്കെടുത്തിട്ടുണ്ട്. മാസത്തിൽ ഒരു കപ്പൽ മാത്രമേ അന്നുള്ളു. മിനിക്കോയിൽ ഒരു മാസത്തെ ഷൂട്ടിംഗ്.

മൺമറഞ്ഞ മഹാരഥന്മാരായ രാമുകാര്യാട്ട്, ക്യാമറമാൻമാരായ രാമചന്ദ്രബാബു, സഹായിയായി ആനന്ദക്കുട്ടൻ, എഴുത്തുകാരൻ വിജയൻ കാരോട്ട്ന, നടൻ അബുബേക്കർ, നടി ശോഭ, നിർമ്മാതാവ് എൻപി അബു എന്നിവരുംകൂടാതെ നായകൻ ജോസ് ,കുട്ട്യേടത്തി വിലാസിനി, തുടങ്ങി അസോസിയേറ്റ് കൃഷ്ണൻമുന്നാട് ,മേക്കപ്പ് മണി തുടങ്ങി മുപ്പതോളം പേരടങ്ങിയ സംഘം. ഷൂട്ടിംഗ് തുടങ്ങിയത് നായകനെ ഒരു വള്ളത്തിൽ ചാരിയിരുത്തി, ബാബുക്കായുടെ സംഗീതത്തിൽ യൂസഫലിയുടെ വരികളായ “കടലേ… നീലക്കടലേ ” എന്നു നായകൻ പാടുന്നത്. അന്ന് ആദ്യ ഷോട്ടായി ചിത്രികരിച്ചത് ഓർമ്മയിൽ ഇന്നും ഉണരുന്നു.

അന്ന് അടിയന്തരാവസ്ഥ കാലഘട്ടമായിരുന്നു. എന്നാൽ ദ്വീപിൽ, അവിടെ അങ്ങിനെയൊരു ഫീലിംഗ് ഒന്നിനും അനുഭവപ്പെട്ടില്ല. കേരളത്തിൽ പോലും ധാരാളം കുഴപ്പങ്ങളും അറസ്റ്റുകളും അടിയന്തരാവസ്ഥയ്ക്കെതിരെ നടക്കുമ്പോഴും അവിടെ പൂർണ ശാന്തം സമാധാനം സന്തോഷം. എന്നാൽ നാട്ടിൽ നിന്നു വന്നവരെയെല്ലാം പോലിസ് നിരീക്ഷിച്ചിരുന്നു. മദ്യമില്ല മയക്കുമരുന്നില്ല തമ്മിൽ തല്ലില്ല മോഷണമില്ല കൊളളയുമില്ല കൊലപാതകവുമില്ല. എള്ളോളമില്ല പൊളി വചനം. സാക്ഷാൽ മാവേലി വാണ നാടാണോ എന്ന് തോന്നിപോകും.

ചിലർ പറയാറുണ്ട് നല്ല സമയംപോലെ തന്നെ ചീത്തസമയവും രാജ്യങ്ങൾക്കുമുണ്ടാകുമെന്ന്. ദ്വീപ് നിവസികളുടെ സന്തോഷവും സമാധാനവും കെട്ടടുങ്ങുകയാണ്. ഇനിയവർക്ക് കണ്ണീരിന്റെയും കാരാഗ്രഹത്തിന്റെയും നാളുകൾ. പാദുകങ്ങൾ വെച്ച് ഭരണം നടത്തുന്ന ഒരു അഡ്മിനിസ്ട്രേറ്ററിന്റെ മനസ്സിലെ ‘വിചാരധാര ‘ എല്ലാവർക്കുമറിയാം എന്താണന്ന്. ക്ഷീരമുള്ളൊരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്ന് കൗതുകം. അവിടേക്ക് ടൂറിസ്റ്റുകളെ ധാരാളമായ് കൊണ്ടുവരും പോലും.

അങ്ങിനെ വരും കാലങ്ങളിൽ അവിടെയെത്തുന്ന വിദേശികളോടു ടൂറിസ്റ്റ് ഗൈഡുൾ, ദ്വീപ് നിവാസികളെ കാണിച്ച് അവരോട് പറയും. ” ഇവിടെത്തെ ദ്വീപ് നിവാസികൾക്ക് ചില പ്രത്യേകതകളുണ്ട്…”

സയിപ്പ് ആകാംഷയോടെ നോക്കും.

“ഇവിടത്തെ സ്ത്രീകൾ രണ്ടു കുട്ടികളിൽ കൂടുതൽ പ്രസവിക്കാറില്ല.”

സായിപ്പ് “oh…good”

പക്ഷേ ഗൈഡിന്റെ മനസ്സിൽ കടന്നുവരും. (അഡ്മിനിസ്ട്രേറ്റർ പ്രഫുൽപട്ടേലിന് നാലു മക്കളുണ്ടല്ലോ, അത് ഗുഗിളിൽ സെർച്ചിൽ കാണാനാകും )

സായിപ്പ് ” yes…”

ങാ..പിന്നെ ഈ ദ്വീപ് നിവാസികളുടെ മറ്റൊരു പ്രത്യേകത ഇവർ ഒരിക്കലും മാംസാഹാരം കഴിക്കില്ല.

സായിപ്പ് ” Really wonderful “

ഇവർ മദ്യം കഴിക്കാറില്ല. പക്ഷേ വരുന്ന അതിഥികൾക്ക് ധാരാളം മദ്യം കൊടുക്കും.

സായിപ്പ് . “Really great “.

പിന്നെ അവരുടെ സ്ഥാപകജംഗമ വസ്തുക്കൾ ഭരണാധികാരികൾക്ക് എപ്പോൾ വേണമെങ്കിലും വിട്ടുകൊടുക്കും അതവർക്ക് സന്തോഷമുളവാക്കുന്ന സംഗതിയാണ്.

സായിപ്പ്. ” Ohh .. wonderful “.

പിന്നെ ഇവിടെ ക്രൈം തീരെ ഇല്ലത്തതിനാൽ പരീക്ഷണമെന്ന നിലയിൽ ചില നിരീക്ഷണങ്ങൾ ഏർപ്പെടുത്തി. ഇവിടെ ആറുമാസം ചോദ്യം ചെയ്യാതെ കസ്റ്റഡിയിൽ വെയ്ക്കാവുന്ന ഒരു നിയമം കൊണ്ടുവന്നു… ഗുണ്ടാ ആക്ട്.

സായിപ്പ് .” For what..”

അത് അവരുടെ തന്നെ ഗുണത്തിനാണ് ഇത് പോലെ തന്നെ തുടരാൻ ഒരു പ്രചോദനത്തിനായ്.

സായിപ്പ്. “okay.. “

സായിപ്പ് എല്ലാം ഇഷ്ടപ്പെട്ട് മടങ്ങും. ധാരാളം സഞ്ചാരികൾ വീണ്ടും വന്നു പോകും. പക്ഷേ രാത്രികളിൽ ദ്വീപ് നിവാസികളുടെ കുടിലുകളിൽ നിന്നുയരുന്ന തേങ്ങലുകളും കണ്ണീരും ഒരു വിദേശിയും കാണില്ല. ഇവിടെ എതിർശബ്ദങ്ങളെ അമർച്ച ചെയ്യും. ഇനി ഏതെങ്കിലും ഒരു നടനോ നടിയോ അവരുടെ കണ്ണീർ തുടക്കാൻ ചെന്നാൽ.അവർ ജീവിതകാലം മുഴുവൻ അദ്ധ്വാനിച്ചു നേടിയ യശസ്സ് തല്ലിതകർക്കാർ ശ്രമിക്കും. പിന്നെ പാകിസ്ഥാൻ, ജിഹാദി, രാജ്യദ്രോഹി, മയക്ക്മരുന്നു എന്നി സ്ഥിരം പട്ടങ്ങൾ തയ്യാറാക്കി വെച്ചിട്ടുണ്ടു അവരെ ചാർത്താൻ.

Noora T Noora T :