ഒരു സൂക്ഷ്മാണുവിന്റെ മുന്നിൽ തകർന്നും തളർന്നും ഈ ലോകം മുഴുവൻ ഇരിക്കുമ്പോഴും, സഹജീവികളോട് ഇത് ചെയ്യാൻ എങ്ങനെ സാധിക്കുന്നു! ഈ കാണിക്കുന്നത് അത്രയും ക്രൂരതയാണ്!!!

ലക്ഷദ്വീപിൽ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ നടപ്പിലാക്കിയ പരിഷ്‌കാരങ്ങൾക്കും നിയന്ത്രണങ്ങൾക്കുമെതിരെ ലക്ഷദ്വീപ് ജനതയുടെ പ്രതിഷേധം തുടരുകയാണ്. ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് ഇതിനോടകം എത്തിയത്.

സംവിധായികയും നടിയുമായ ഗീതു മോഹൻദാസും പൃഥ്വിരാജുമടക്കമുള്ളവർ ലക്ഷദ്വീപ് ജനതയ്ക്കായി ശബ്ദമുയർത്തിയിരുന്നു. തുടർന്ന് നിരവധി പേരാണ് ലക്ഷദ്വീപിലെ ജനങ്ങളുടെ അഭിപ്രായത്തിനായി സ്വരമുയർത്തി രംഗത്തെത്തിയത്.

ഇപ്പോഴിതാ ഗായിക സിതാര കൃഷ്ണകുമാറും ലക്ഷദ്വീപിലെ ജനങ്ങളോട് ഇത് എങ്ങനെ ചെയ്യാൻ സാധിക്കുന്നു എന്ന് ചോദിക്കുകയാണ്. തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സിതാരയുടെ ചോദ്യം.

സിതാരയുടെ വാക്കുകൾ ഇങ്ങനെയാണ്..,.

‘ലോകത്ത് പലേയിടത്തും പോയിട്ടുണ്ട് പല കാലത്തായി!!! ഇതുപോലൊരു നാട് മുൻപും പിൻപും കണ്ടിട്ടില്ല!!! കള്ളമില്ലാത്ത, കളങ്കമില്ലാത്ത, കുറേ ഇടവഴികളും, നല്ല മനുഷ്യരും!!! കരയെന്നാൽ അവർക്ക് കേരളമാണ്!

ദ്വീപിൽ നിന്നുള്ള കുട്ടികൾ ഏറെ പഠിച്ചിരുന്ന ഫാറൂഖ് കോളേജിൽ പഠിച്ചിരുന്നതു കൊണ്ട് തന്നെ പണ്ടേ അറിയാം ദ്വീപ് മുട്ടായി പോലെ മധുരമുള്ള അവിടുത്തുകാരുടെ മനസ്സും!! ഈ കാണിക്കുന്നത് അത്രയും ക്രൂരതയാണ്!!! ഒരു സൂക്ഷ്മാണുവിന്റെ മുന്നിൽ തകർന്നും തളർന്നും ഈ ലോകം മുഴുവൻ ഇരിക്കുമ്പോഴും, സഹജീവികളോട് ഇത് ചെയ്യാൻ എങ്ങനെ സാധിക്കുന്നു!! #SaveLakshadweep #lakshadweepislands #Lakshadweep’

നിരവധി പേരാണ് സിതാരയുടെ അഭിപ്രായത്തോട് അനുകൂലിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ‘മനുഷ്യൻ അന്തനാണ് ഗുരു ഫിലിമിൽ മോഹൻലാൽ പറഞ്ഞ പോലെ. സഹജീവികളെ കാണാൻ കഴിയുന്നില്ല, തീവ്രമായ വർഗീയ ബോധത്താൽ എന്നാണ് ഒരു ആരാധകൻ കുറിച്ചിരിക്കുന്നത്. അഡ്മിനിസ്ട്രേറ്ററെ ഉപയോഗിച്ച് ലക്ഷദ്വീപിനെ തകർക്കാനുള്ള ആർ.എസ്.എസ് അജണ്ടയാണ് ഇതെന്നും ശക്തമായി എതിർക്കപ്പെടേണ്ടതാണെന്നും പലരും ചൂണ്ടിക്കാട്ടുന്നുണ്ട്.

Noora T Noora T :