കറുത്ത വര്‍ഗം അടിച്ചമര്‍ത്തപ്പെടേണ്ടവരല്ല: ; ഷാജി കൈലാസിന്റെ കടുവയിലെ വേഷം നിരസിച്ചതിനെ കുറിച്ച് മൂര്‍!

കൊറോണ അടച്ചുപൂട്ടൽ സംഭവിച്ചെങ്കിലും മലയാളത്തിലേക്ക് മികച്ച ഒരുപിടി സിനിമകൾ ഒടിടി പ്ലാറ്റ്ഫോമിലൂടെ എത്തിയിരുന്നു. അതിൽ ഒന്നായിരുന്നു ടോവിനോ തോമസ് നായകനായി എത്തിയ കള . രോഹിത് വി.എസ് സംവിധാനം നിർവഹിച്ച കലയിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച മറ്റൊരു യുവ നടനാണ് മൂര്‍. ചിത്രത്തില്‍ ടൊവിനോയ്‌ക്കൊപ്പം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മൂറിന്റെ അഭിനയവും ശാരീരകചലനങ്ങളും പ്രേക്ഷകർ ഏറെ ചർച്ചയാക്കിയിരുന്നു.

യുവത്വമാണെങ്കിലും വ്യക്തമായ രാഷ്ട്രീയമുള്ള ചെറുപ്പക്കാരനാണ് മൂർ എന്ന് ചുരുങ്ങിയ അഭിമുഖങ്ങളിലൂടെ മൂർ തെളിയിച്ചിട്ടുണ്ട്. ചിത്രമിറങ്ങിയതിന് ശേഷം വന്ന പല അഭിമുഖങ്ങളിലും മൂര്‍ സിനിമയിലൂടെയും അല്ലാതെയും താന്‍ പറയാനാഗ്രഹിക്കുന്ന രാഷ്ട്രീയത്തെ കുറിച്ച് തുറന്ന് സംസാരിച്ചിരുന്നു.

അടിച്ചമര്‍ത്തപ്പെട്ടവന്റെയും അരികുവത്കരിക്കപ്പെട്ടവന്റെയും ഒപ്പം നില്‍ക്കാനും അവരുടെ രാഷ്ട്രീയം സംസാരിക്കാനുമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും മൂര്‍ പറഞ്ഞിരുന്നു. കള എന്ന ചിത്രത്തിന്റെ ഭാഗമായതും ഇതേ രാഷ്ട്രീയവുമായി സിനിമ ചേര്‍ന്നുനില്‍ക്കുന്നുവെന്ന് തോന്നിയതിനാലാണെന്നും മൂര്‍ പറഞ്ഞു.

ഇപ്പോള്‍ ഇതേ കാഴ്ചപ്പാടുകളുടെ പേരില്‍ പൃഥ്വിരാജ് – ഷാജി കൈലാസ് ചിത്രമായ കടുവയില്‍ നിന്നും പിന്മാറിയെന്ന് അറിയിച്ചിരിക്കുകയാണ് മൂര്‍. കാന്‍ ചാനല്‍സ് എന്ന വെബ്‌സെറ്റിന് നല്‍കിയ അഭിമുഖത്തിലാണ് കടുവയിലേക്കുള്ള ക്ഷണം നിരസിച്ചതിനെ കുറിച്ച് മൂര്‍ പറഞ്ഞത്.

“കൈലാസ് സംവിധാനം ചെയ്യുന്ന കടുവയിലേയ്ക്കും എനിക്ക് ക്ഷണമുണ്ടായിരുന്നു. നായകന്റെ അടിയേറ്റ് വീഴുന്ന കഥാപാത്രമാണ്. കറുത്തവര്‍ഗം അടിച്ചമര്‍ത്തപ്പെടേണ്ടവരാണെന്ന ധാരണ എനിക്ക് അന്നുമില്ല ഇന്നുമില്ല. അതുകൊണ്ട് ആ വേഷം വേണ്ടെന്നുവെച്ചു. നല്ല കഥാപാത്രങ്ങള്‍ വരട്ടെ, അതുവരെ കാക്കും. സിനിമയില്ലെങ്കിലും ജീവിക്കാമെന്ന് ആത്മവിശ്വാസമുണ്ട്,”’ മൂര്‍ പറഞ്ഞു.

കള കഴിഞ്ഞ ദിവസം ഒ.ടി.ടിയില്‍ റിലീസ് ചെയ്തിരുന്നു. മനുഷ്യനും പ്രകൃതിയും അടിച്ചമര്‍ത്തപ്പെടുന്നവരും വേട്ടക്കാരനുമെല്ലാമാണ് കളയുടെ പ്രമേയമാകുന്നത്. ലാല്‍, ദിവ്യാ പിള്ള, സുമേഷ് എന്നിവര്‍ക്കൊപ്പം ബാസിഗര്‍ എന്ന പേരുള്ള നായയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി.

യദു പുഷ്പാകരനും രോഹിത് വിഎസും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചത്. ഛായാഗ്രഹണം അഖില്‍ ജോര്‍ജ്. എഡിറ്റിംഗ് ലിവിങ്സ്റ്റണ്‍ മാത്യു. ശബ്ദ സംവിധാനം ഡോണ്‍ വിന്‍സെന്റ്. അസോസിയേറ്റ് ഡയറക്ടേഴ്‌സ് ബാസിദ് അല്‍ ഗസാലി, സജൊ. പബ്ലിസിറ്റി പവിശങ്കര്‍. അഡ്വഞ്ചര്‍ കമ്പനിയുടെ ബാനറില്‍ സിജു മാത്യു, നാവിസ് സേവ്യര്‍ എന്നിവരാണ് നിര്‍മ്മാണം. ടൊവീനോയും രോഹിത്തും അഖില്‍ ജോര്‍ജും സഹനിര്‍മ്മാതാക്കളാണ്.

about kaduva movie

Safana Safu :