ഇത്തവണ വീണ്ടും വിളിച്ചപ്പോള്‍ പലിശ സഹിതം അന്നത്തെ കടം വീട്ടാമെന്ന് കരുതി; സത്യപ്രതിജ്ഞ വീക്ഷിക്കാൻ അവസരം ലഭിച്ചു; ഹരിശ്രീ അശോകന്‍

തുടർച്ചയായ രണ്ടാം തവണയും അധികാരത്തിലേറുന്ന പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ വീക്ഷിക്കാൻ വിവിധ മേഖലകളിലെ പ്രമുഖരുടെ നിര തന്നെ ഉണ്ടായിരുന്നു.

സത്യപ്രതിജ്ഞ കാണാന്‍ ക്ഷണം ലഭിച്ചവരില്‍ ഒരാളായിരുന്നു നടന്‍ ഹരിശ്രീ അശോകന്‍. 500 പേരില്‍ ഒരാളാവാന്‍ കഴിഞ്ഞതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് ഹരിശ്രീ അശോകന്‍ പറയുന്നു

‘സത്യപ്രതിജ്ഞക്ക് ക്ഷണം കിട്ടിയത് അഭിമാനവും സന്തോഷവുമുള്ള കാര്യമാണ്. കഴിഞ്ഞ തവണ പിണറായി സഖാവ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെല്ലാന്‍ ക്ഷണിച്ചെങ്കിലും സാധിച്ചില്ല. അന്ന് ഞാന്‍ മകളുടെ അടുത്ത് ഖത്തറിലായിരുന്നു. ഇത്തവണ വീണ്ടും വിളിച്ചപ്പോള്‍ പലിശ സഹിതം അന്നത്തെ കടം വീട്ടാമെന്ന് കരുതി’.–ഹരിശ്രീ അശോകന്‍ പറഞ്ഞു.

ഇന്നലെ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയടക്കം 21 മന്ത്രിമാരാണ് രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭാഗമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്.

സത്യപ്രതിജ്ഞ വീക്ഷിക്കാൻ എത്തിയ മറ്റ് പ്രമുഖർ:

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, പന്ന്യൻ രാജേന്ദ്രൻ, എസ്എൻഡിപിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ, ഗുരുരത്‌നം ജ്ഞാനതപസ്വി പാളയം ഇമാം ഖലീൽ ബുഹാരി തങ്ങൾ, മുൻമന്ത്രിമാരായ ഡോ.തോമസ് ഐസക്, ഇ.ചന്ദ്രശേഖരൻ, കെ.കെ.ശൈലജ, എ.കെ ബാലൻ, കടകംപള്ളി സുരേന്ദ്രൻ, ഇ.പി ജയരാജൻ, എ.സി.മൊയ്തീൻ, ജെ.മേഴ്‌സിക്കുട്ടിയമ്മ, കെ.രാജു, കെ.ടി.ജലീൽ, എം.എം.മണി, രാമചന്ദ്രൻ കടന്നപ്പള്ളി, ടി.പി. രാമകൃഷ്ണൻ, പി.തിലോത്തമൻ, കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി, സ്ഥാനമൊഴിയുന്ന സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, എയർ മാർഷൽ മാനവേന്ദ്ര സിങ്, അടൂർ ഗോപാലകൃഷ്ണൻ, എൻ.എസ്. മാധവൻ, എം.വി. ശ്രേയാംസ് കുമാർ, ഡോ. ഫസൽ ഗഫൂർ, ടിക്കാറാം മീണ തുടങ്ങി ഒട്ടേറെ പ്രമുഖരും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

Noora T Noora T :