ലൈംഗിക ദാരിദ്ര്യം ഏതറ്റം വരെയും പോകും; അതിനെ മാർക്കറ്റ് ചെയ്യുന്ന ഓൺലൈൻ മാധ്യമങ്ങളും ; ഉയരേണ്ടത് സ്ത്രീ ശബ്ദമോ പുരുഷ ചിന്താഗതിയോ?

ഇന്നലെ വൈകുന്നേരം മുതൽ എല്ലാവരുടെയും സ്റ്റാറ്റസുകൾക്ക് ഒരേ നിറമായിരുന്നിരിക്കും. അത്ര താരത്തിളക്കമില്ലെങ്കിലും പ്രേക്ഷകർ അംഗീകരിച്ച എഴുത്തുകാരിയും നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് ഒരു അശ്ലീല കമെന്റിന് കൊടുത്ത മുഖമടച്ചുള്ള മറുപടിയാണ് അത് . ഗർഭിണിയായിട്ടുള്ള അശ്വതി സന്തോഷവതിയായിട്ട് ഇരിക്കുന്ന ഒരു ഫോട്ടോ, അതിനുതാഴെ മാറിടത്തെ കുറിച്ചു മോശമായ രീതിയിൽ കമ്മെന്റ് ചെയ്ത വ്യക്തിക്ക് കൊടുത്ത മറുപടി.

ഒരു കുഞ്ഞിന് രണ്ട് കൊല്ലം പാലൂട്ടാനുള്ളതാണ് , ജീവൻ ഊറ്റിക്കൊടുക്കുന്നതുകൊണ്ടുതന്നെ താങ്കളുടെ അമ്മയുടേത് ഉൾപ്പടെ ഞങ്ങൾ സകല പെണ്ണുങ്ങളുടെ മാറിടവും സൂപ്പെറാണന്നായിരുന്നു ആ മറുപടി. ഇതിലിപ്പോൾ എന്താ ഇത്ര വല്യ കാര്യം എന്ന് ചിന്തിച്ച ആരെങ്കിലും ഉണ്ടോ? ഇതൊരു സ്ഥിരം കാര്യമല്ലേ.. നടിമാർ ഫോട്ടോ ഇടുന്നു താഴെ ഇതുപോലെ കമന്റുകൾ വരും.. അതിന് …? നടിമാർ ഫോട്ടോ ഇടുന്നത് നിർത്തണോ ?.. അവർ ഫോട്ടോ ഇടുന്നത് കൊണ്ടാണ് ഇങ്ങനെ ഒക്കെ കേൾക്കേണ്ടി വരുന്നത് എന്നാണോ?

ഇങ്ങനെ ഒക്കെ ചിന്തിച്ച മഹാന്മാർ ഇനിയും ഉണ്ടോ? ഉണ്ടാകും ഉറപ്പാണ്.. അശ്വതിയുടെ പോസ്റ്റിനു താഴെ വന്ന കമെന്റ് സൂപ്പർ മുല എന്നാണ്. എന്താണ് ഇവന്റെയൊക്കെ പ്രശ്‌നം? എന്തുകൊണ്ടാണ് നമ്മുടെ നാട്ടിലെ ഒരു പറ്റം ആളുകൾ ലൈംഗികമായി ഇത്രയും അധപതിക്കുന്നത്… നടിമാർ എത്തരത്തിൽ പോസ്റ്റിട്ടാലും അവിടെ മാത്രം എന്തുകൊണ്ടാണ് ലൈംഗികത കടന്നുവരുന്നത്. അതുമാത്രമല്ല അതിനെയൊക്കെ സമൂഹം നോർമലൈസ് ചെയ്യുന്നുമുണ്ട്. ഇന്നിപ്പോൾ അശ്വതിയുടെ പോസ്റ്റിനു താഴെ വന്ന കമെന്റിന് അശ്വതി ചുട്ട മറുപടി കൊടുത്തതുകൊണ്ടാണ് അത് ഹിറ്റായത്. അല്ലായിരുന്നെങ്കിൽ ആ രണ്ട് വാക്ക് സാധാരണം എന്ന പോലെ കടന്നുപോയേനെ…

സ്ത്രീകൾ കാല് കാണിച്ചാൽ തെറിവിളി, ഫോട്ടോ ഷൂട്ട് നടത്തിയാൽ തെറി വിളി.. ഇനി അശ്വതി ഇട്ടതുപോലെ ഒരു നോർമൽ ഫോട്ടോ ഇട്ടാലും അതിലും മുല തേടിപ്പിടിച്ചു പോകുന്നവർ. ഇവരൊക്കെ സ്വന്തം അകൗണ്ടിൽ നിന്നു തന്നെ ഈ കമന്റുകൾ ഇടണമെങ്കിൽ അതും ഫേമസ് ആയ നടിയ്ക്ക് എതിരായി ഇടണമെങ്കിൽ അത്രത്തോളം അവർക്ക് സ്പേസ് കിട്ടുന്നു എന്നാണ് അർത്ഥം.

പിന്നീട് അത് ചർച്ചയാക്കാൻ ഓൺലൈൻ മാധ്യമങ്ങളും … അവർ അത്തരത്തിലുള്ള കമന്റുകളെ തപ്പിയെടുത്ത് ഹെഡ് ലൈനിലും തമ്പിലും ചേർത്ത് മാക്സിമം കൊഴുപ്പിക്കും …… ആ ലിങ്ക് ഒന്ന് ക്ലിക്ക് ചെയ്യിപ്പിക്കാൻ വേണ്ടി സർവ കഴിവും തമ്പിൽ കാണിക്കും.. .അത് കണ്ടു ലൈക്കും കമന്റും കൊടുത്ത് വൈറലാകുന്ന കാര്യം പിന്നെ നമ്മുടെ ചേട്ടന്മാർ എറ്റു … . ഇന്റർനെറ്റും സമയവും എത്ര വേണമെങ്കിലും ചെലവാക്കാൻ ഇവന്മാർക്ക് ഒരു മടിയും ഇല്ല

ഇതിന് അടിസ്ഥാനപരമായ കാരണം അവരുടെ ലൈംഗിക ദാരിദ്ര്യം തന്നെയാണ്. ഇന്നത്തെ സമൂഹത്തെ കാർന്നു തിന്നുന്ന ഇത്തിൾ കണ്ണിയായി മാറിയിട്ടും അതിനെ നോർമൽ ആയി കാണുന്നത് അതിനെതിരെ ശബ്ദം ഉയർത്താഞ്ഞിട്ടാണെന്നേ പറയാൻ സാധിക്കൂ..

ചെയ്യരുതെന്നു പറയുന്ന ഒന്ന്, അല്ലെങ്കിൽ വിലക്കപ്പെട്ടതാണ് എന്ന് കേൾക്കുന്ന ഒന്ന് അതെന്താണെന്ന് അറിയാനുള്ള പ്രത്യേക താല്പര്യം പണ്ടുമുതലേ മനുഷ്യർക്ക് ഉള്ളതാണ്. അതിനി കിട്ടാതെയാകുമ്പോൾ ഇത്തരം പബ്ലിക് പോസ്റ്റിൽ വന്ന് സ്ത്രീകളുടെ വസ്ത്രധാരണത്തിനും, ശരീരത്തിനും എതിരെ അശ്ലീല കമന്റുകൾ വാരിയിടും.

ഇത് ഒരു തരം മാനസിക വിഭ്രാന്തിയാണ്. ഇത്തരക്കാർക്ക് സൗന്ദര്യമോ വസ്ത്രധാരണമോ പ്രായമോ ഒരു പ്രശ്നമല്ല. എങ്ങനെയും സുഖം കണ്ടെത്തണം. സ്ത്രീയെ ഒരു ഭോഗവസ്തുവായി മാത്രം കാണുന്ന നരാധമൻമാർ.

ഇതിനുള്ള ഏക പരിഹാരം കാലങ്ങളായി പലരും നിർദ്ദേശിച്ചിട്ടുള്ള ലൈംഗീക വിദ്യാഭ്യാസം തന്നെയാണ് . നിർഭാഗ്യവശാൽ ഇന്നത്തെ തലമുറയെ ലൈംഗീകവിദ്യാഭ്യാസം പഠിപ്പിക്കുന്നത് ഏതാണ്ട് പൂർണ്ണമായും പോൺ സൈറ്റുകളും സോഷ്യൽ നെറ്റവർക്കിംഗ് സൈറ്റുകളുമാണ്. ഇതാണോ നമ്മുടെ സമൂഹത്തിന് വേണ്ടത്.?

നല്ലരീതിയിലുള്ള ലൈംഗീക വിദ്യാഭ്യാസം പാഠ്യപദ്ധതികളുടെ ഭാഗമാക്കി മാറ്റുന്നതുകൊണ്ട് ഇനിയും തടസ്സമെന്താണ്? മലയാളികളിൽ മാത്രം ഈ പ്രവണത ഇത്രയധികം കാണുന്നതിന്റെ കാരണം എന്തെന്ന് ഇനിയെങ്കിലും സാക്ഷരർ എന്ന് സ്വയം ഊറ്റം കൊള്ളുന്നവർ ചിന്തിക്കേണ്ടിയിരിക്കുന്നു.

about sex education

Safana Safu :