‘ടീച്ചർ ഇല്ലാത്തത് ഒരു കുറവായി കാണുന്നില്ല!! അതിലും മികച്ച മന്ത്രിമാർ ഈ സഭയിലുണ്ടാകും ഉറപ്പ്’; അരുൺ ഗോപി

കെ.കെ ശൈലജയെ മന്ത്രിസഭയിൽ നിന്നും ഒഴിവാക്കിയതിൽ വലിയ പ്രതിഷേധവുമായി സിനിമാ താരങ്ങൾ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. ഞങ്ങളുടെ ടീച്ചറെ തിരികെ കൊണ്ടുവരൂവെന്ന ക്യാംപെയ്നും താരങ്ങൾ ആരംഭിച്ചു.

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയിൽ ശൈലജ ടീച്ചർ ഇല്ലാത്തത് കുറവായി കാണുന്നില്ലെന്നാണ് സംവിധായകൻ അരുൺ ഗോപി പറയുന്നത്. മാറ്റങ്ങൾ അനിവാര്യമാണെന്നും മന്ത്രി പദവി അല്ല ജനസേവനത്തിന്റെ അവസാന വാക്കെന്നും അദ്ദേഹം പറയുന്നു.

‘പുതിയ മന്ത്രിസഭയ്ക്ക് അഭിനന്ദനങ്ങൾ. ടീച്ചർ ഇല്ലാത്തത് ഒരുകുറവായി കാണുന്നില്ല!! അതിലും മികച്ച മന്ത്രിമാർ ഈ സഭയിലുണ്ടാകും ഉറപ്പ്!!, അവർക്ക് നല്‍കുന്ന അവസരങ്ങൾക്കു നിറഞ്ഞ കയ്യടി. മാറ്റങ്ങൾ അനിവാര്യമാണ്. മന്ത്രി പദവി അല്ലല്ലോ ജനസേവനത്തിന്റെ അവസാന വാക്ക്. അത് നന്നായി അറിയുന്ന ഒരാൾ തന്നെയാണ് ടീച്ചർ.’–അരുൺ ഗോപി പറഞ്ഞു.

അതേസമയം അഞ്ഞറൂപേരെ ഉൾക്കൊള്ളിച്ചുള്ള സത്യപ്രതിജ്ഞ ചടങ്ങിൽ തിരുത്തൽ വേണമെന്നും അരുൺ ഗോപി അഭിപ്രായപ്പെട്ടു.

‘ബഹുമാന്യ മുഖ്യമന്ത്രി, അങ്ങ് പറയുന്നതെല്ലാം ഞങ്ങൾ അനുസരിക്കുന്നു. വീട്ടിലിരിക്കാൻ പറയുന്നതും ഡബിൾ മാസ്ക് ഇടാൻ പറഞ്ഞതും അങ്ങനെ ഓരോന്നും. കാരണം ജീവന്‍റെ വിലയുള്ള ജാഗ്രത ആവശ്യമാണെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. ജീവിതം തിരിച്ചുപിടിച്ചു നേരേയാക്കാൻ അങ്ങും സർക്കാരും ആതുര പോലീസ് കോവിഡ് സേനകൾ രാപകലില്ലാതെ കഷ്ട്ടപെടുമ്പോൾ ഞങ്ങളാൽ ആകുന്നതു CMDRF ലേക്ക് അയച്ചു കൂടെ കരുത്തു പകരാൻ ശ്രമിക്കുന്നുമുണ്ട്.

പക്ഷെ, ഇതെല്ലാം രാജ്ഭവനിലെ ലളിതമായ ചടങ്ങിൽ അധികാരത്തിലേറി നമ്മളെ കാക്കുമെന്ന വിശ്വാസത്തിലാണ്. ഇനിയും അധികാരത്തിലേറാൻ കഴിയുമെന്ന് വിശ്വാസമുള്ള ഒരു സർക്കാർ സത്യപ്രതിജ്ഞാ ചടങ്ങു ലളിതമാക്കി കാവലാകണം. ഒരു അമിതച്ചിലവും ആർഭാടവും അതുമൂലം ഉണ്ടാകുന്ന രോഗവ്യാപനവും താങ്ങാൻ ഈ ജനതയ്ക്കു ത്രാണി ഉണ്ടാകില്ലെന്ന് അങ്ങ് അറിയുമെന്ന് കരുതുന്നു. നല്ല നാളേക്കായി. കരുതലോടെ.’–അരുൺ ഗോപി പറയുന്നു.

Noora T Noora T :