നിയമസഭ തിരഞ്ഞെടുപ്പിന്റെ നാൾ തൊട്ട് വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ് നടന്‍ കൃഷ്ണകുമാര്‍. സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന കുടുംബം എല്ലായിപ്പോഴും വാർത്തകളിലും ഇടം പിടിക്കാറുണ്ട്. തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചില്ലെങ്കിലും താന്‍ സന്തുഷ്ടനാണെന്ന് താരം മുൻപ് തന്നെ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഈദ് മുബാറക്ക് ആഘോഷത്തെ കുറിച്ച് കൃഷ്ണകുമാര്‍ കുറിച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതല്‍ നടന്‍ ഹാജയുടെ കുടുംബത്തിനൊപ്പം പെരുന്നാള്‍ ആഘോഷിക്കാറുള്ളതിനെ കുറിച്ചാണ് കൃഷ്ണ കുമാര്‍ ഓര്‍മ്മപ്പെടുത്തിയത്. ഇത്തവണ കൊവിഡ് കാരണം എല്ലാ ആഘോഷങ്ങളും പാളി പോയെങ്കിലും ഫോണില്‍ വിളിച്ച് പരസ്പരം ആശംസകള്‍ കൈമാറിയിരുന്നു. അതേ കുറിച്ച് പറയുന്നതിനൊപ്പം ഹാജയ്‌ക്കൊപ്പം മുന്‍പെടുത്ത ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. കൃഷ്ണകുമാറിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ …..
ഹാജയും ഭക്ഷണവും പെരുന്നാളും. അപ്പ ഹാജ. ജീവിതത്തില്‍ ചിലര്‍ വന്നു ചേരും. നമ്മളായിട്ട് വിചാരിച്ചിട്ടല്ല. ദൈവമായി കൊണ്ടുത്തരും.. അതാണ് ഹാജ. 80 തുകളില്‍ തിരുവനന്തപുരത്തെ പട്ടത്തുള്ള ഫ്‌ലാറ്റില്‍ താമസിക്കുമ്പോള്‍ അടുത്ത ഫ്‌ലാറ്റില്‍ താമസിക്കാന്‍ വന്ന മിര്‍സ അങ്കിളും ലൈലാന്റിയുമായി കൂട്ടായി.
ആന്റി നല്ല പോലെ ഭക്ഷണം ഉണ്ടാക്കുന്നതിനാല്‍ മിര്‍സ അങ്കിള്‍ ഇടയ്ക്കു വിളിക്കും. അങ്ങനെ ഒരു ദിവസം അടുത്ത ബന്ധുവായ ഹാജ വന്നു, അങ്കിള്‍ എന്നെ പരിചയപ്പെടുത്തി. അവിടുന്ന് തുടങ്ങിയ ബന്ധം ഇന്നും സന്തുഷ്ടമായി തുടരുന്നു.
പണ്ട് എറണാകുളത്തു പോയാല്‍ ഹാജയുടെ വീട്ടില്‍ ആണു താമസം. ഹാജയുടെ അച്ഛന്‍ ഹംസ അങ്കിള്‍ വലിയ ഒരു മനസ്സിന്റെ ഉടമയായിരുന്നു. ഇഷ്ടമുള്ളവരെ ‘ചനകുറുക്കന്‍’ എന്നേ വിളിക്കൂ. കാരണം അറിയില്ല. ഹാജയുടെ അമ്മയും ഒന്നാന്തരമായി ഭക്ഷണം ഉണ്ടാക്കും. പത്തിരിയും വെളൂരി കറിയും എന്നും മനസ്സിലുണ്ട്. എപ്പോഴും കാര്‍ യാത്രയായിരുന്നു ഞാനും ഹാജയും ചേര്‍ന്ന്. അന്നൊക്കെ പെരുനാള്‍ കാലത്തു ഹാജയുടെ കൂടെ ആയിരിക്കും ഭക്ഷണം.
എറണാകുളത്തോ, തിരുവനന്തപുരത്തോ എവിടെ ആണെങ്കിലും ഒരുമിച്ച് . ഞാനോ ഹാജയോ ഷൂട്ടിങ്ങിലാണെങ്കില്‍ സ്‌പെഷ്യല്‍ ഭക്ഷണം വീട്ടിലെത്തും. ഹാജയുടെ വക. കാലം കടന്നു പോയി. ഒരുപാട് പെരുന്നാളും. ബന്ധവും വളര്‍ന്നു. കോവിഡ് വന്നു. ഇതിനിടയില്‍ ഇന്നലെ ഒരു പെരുന്നാള്‍ കടന്നു പോയി. നേരില്‍ കാണാന്‍ കഴിയാത്ത അവസ്ഥ. ഹാജയെ ഫോണില്‍ വിളിച്ചു. പരസ്പരം ആശംസിച്ചു.
സംസാരത്തിനിടയില്‍ ഹാജയുടെ വീട്ടിലിരുന്നു കഴിച്ച ഏതൊക്കയോ ഭക്ഷണത്തിന്റെ രുചിയും മണവും മനസ്സിലൂടെ കടന്നു പോയി.സുന്ദരമായ ഓര്‍മ്മകള്‍. ഇനിയെന്നാണ് അങ്ങനെ ഒരു കൂടിച്ചേരല്‍. ഉടനെ തന്നെ ഉണ്ടാകട്ടെ. എല്ലാവര്‍ക്കും ആരോഗ്യവും സന്തോഷവും ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. എന്നവസാനിക്കുന്നു കുറിപ്പ്.
about krishnakumar