നഷ്ടമായത് ആനക്കഥകളുടെയും ആനപ്രേമികളുടെയും കുഞ്ഞിക്കുട്ടനെ ; മൂല്യങ്ങളെ മുറുക്കിപ്പിടിച്ച മാടമ്പ് കുഞ്ഞിക്കുട്ടൻ !

വെള്ളിത്തിരയിലെ വേഷങ്ങളിലൂടെ മാത്രം പരിചയപ്പെടേണ്ട പ്രതിഭയല്ല, മാടമ്പ് ശങ്കരൻ നമ്പൂതിരി എന്ന മാടമ്പ് കുഞ്ഞിക്കുട്ടൻ. സംസ്കൃത സാഹിത്യം,​ വേദാന്തം,​ തത്വചിന്ത,​ കവിത,​ സിനിമ,​ രാഷ്‌ട്രീയം എന്നിങ്ങനെ വിവിധ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചപ്രതിഭയാണ് ഇന്ന് നമ്മോട് വിട പറഞ്ഞിരിക്കുന്നത് .

ഭ്രഷ്‍ട്, അശ്വത്ഥാമാവ്, മഹാപ്രസ്ഥാനം, അവിഘ്‌നമസ്‍തു, അമൃതസ്യപുത്ര, തുടങ്ങിയവയാണ് മാടമ്പ് കുഞ്ഞിക്കുട്ടന്റെ പ്രധാനകൃതികള്‍. അവിഘ്‌നമസ്‍തുവിലൂടെ കേരളസാഹിത്യപുരസ്‌കാരവും സ്വന്തമാക്കി. മൂന്ന് വര്‍ഷം മാത്രമായിരുന്നു മാടമ്പിന്റെ സ്‍കൂള്‍ പഠനം. പിന്നീട് സ്വയം പഠനമായിരുന്നു. സംസ്‌കൃതം പഠിച്ച ശേഷം കൊടുങ്ങല്ലൂര്‍ കേന്ദ്രീയ വിദ്യാലയത്തില്‍ സംസ്‌കൃത അധ്യാപകനുമായി അതിനുശേഷം ആകാശവാണിയിലേക്കും ചുവടുവച്ചു.

വി ടി ഭട്ടതിരിപ്പാടിന്റെ നാടകങ്ങളിലൂടെയാണ് അഭിനയത്തിലേക്ക് കടക്കുന്നത്. പിന്നീട് മാടമ്പ് കുഞ്ഞിക്കുട്ടന്റെ പേര് സിനിമയിലേക്ക് എത്തുന്നത് കഥാകൃത്ത് ആയിട്ടായിരുന്നു. അദ്ദേഹത്തിന്റെ തന്നെ അശ്വത്ഥാമാവ് എന്ന നോവലാണ് കെ ആര്‍ മോഹനൻ സിനിമാരൂപത്തിലാക്കുന്നത്. പിന്നീടങ്ങോട്ട് തിരക്കഥാകൃത്തായും നടനാ യുമൊക്കെ എണ്ണം പറഞ്ഞ സിനിമകളുടെ ഭാഗമായി മാടമ്പ് കുഞ്ഞിക്കുട്ടൻ മാറുകയുണ്ടായി .

ഇതിലൊക്കെ ഉപരി തികഞ്ഞ ഒരു ആനപ്രേമിയായിരുന്നു അദ്ദേഹം. 2006 ൽ പുറത്തിറങ്ങിയ ആനച്ചന്തം സിനിമയിൽ ആനപ്രേമി ജയറാമിനൊപ്പം ചുക്കാൻ പിടിച്ച, നോട്ടത്തിലും മൂളലിലും വരെ ഗാംഭീര്യം നിറഞ്ഞ മാടമ്പിന്റെ ആ അഭിനയം വെറും വേഷം കെട്ടലായിരുന്നില്ല, മറിച്ച് അതദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്നും അടർത്തിവച്ച ഏടായിരുന്നു .

ആന ലക്ഷണങ്ങൾ പറയുന്ന മാതംഗലീലയുടെ വിവിധ ഭാഗങ്ങൾ കാണാപാഠമായിരുന്നു അദ്ദേഹത്തിന്. പ്രശസ്‌ത ആയുർവേദ,​ ഹസ്‌ത്യായുർവേദ ചികിത്സകനായ പൂമുള‌ളി ആറാം തമ്പുരാൻ എന്ന നീലകണ്‌ഠൻ നമ്പൂതിരിപ്പാടായിരുന്നു ആനക്കാര്യത്തിൽ മാടമ്പിന്റെ ഗുരു.

ആനയുടെ ലക്ഷണങ്ങളും ആനയുടെ ചിട്ടകളും അവയുടെ വകഭേദങ്ങളുമെല്ലാം അദ്ദേഹത്തിന് ഓരോ ആനയെയും കാണുമ്പോൾ തന്നെ തിരിച്ചറിയാനാകുമായിരുന്നു. ആനയെ കുറിച്ച് മാത്രമല്ല ആന പാപ്പാൻ എത്തരത്തിലായിരിക്കണം എന്നതുവരെ കൃത്യമായി അദ്ദേഹം പറയുന്നുണ്ട്.

ആനയ്‌ക്ക് അധിപനായവൻ ബുദ്ധിമാനും, രാജാവിന് തുല്യനും, ധർമ്മിഷ്‌ടനും, സ്വാമി ഭക്തനും ശുദ്ധനും, സദ്‌ഗുരുവിൽ നിന്ന് ശാസ്‌ത്രാഭ്യാസം ചെയ്‌തവനും എല്ലാമാകണമെന്നാണ് മാതംഗലീലയിലെ ആനക്കാരന്റെ ലക്ഷണമെങ്കിലും ഇന്ന് കുതിഞരമ്പ് മുറിച്ചും, കഠിന ഉപദ്രവമേൽപ്പിച്ച് ദ്രോഹിച്ചും, ഷോക്കടിപ്പിച്ചും എഴുന്നേറ്റ് നിൽക്കാനുള‌ള ശക്തികൂടി ആനയ്‌ക്ക് ഇല്ലാതാക്കുന്ന കഠിന ഭേദ്യമാണ് പലപാപ്പാന്മാരും നടത്തുന്നതെന്ന ദുഖവും അദ്ദേഹത്തിനുണ്ടായിരുന്നു.

ആ ആ ആന ആനക്കഥകൾ എന്നൊരു രസകരമായ പുസ്തകവും ആനപ്രേമികൾക്കായി മാടമ്പ് സമ്മാനിച്ചിട്ടുണ്ട്. മാടമ്പിന്റെ നിര്യാണം തീർച്ചയായും സാഹിത്യത്തിനും സിനിമയ്‌ക്കും എന്നതുപോലെ ആനപ്രേമികൾക്കും കനത്ത നഷ്‌ടമാണ്.

about madamp kunjikkuttan

Safana Safu :