ഒടിയന്റെ സംവിധായകന് ഒടിവെച്ചത് ആര് ? അവസാനിക്കാത്ത വിവാദങ്ങളുമായി ശ്രീകുമാർ മേനോൻ !

ഒടിയൻ സംവിധായകൻ എന്ന് തന്നെ പരിചയപ്പെടുത്താം ശ്രീകുമാർ മേനോൻ എന്ന വിവാദ സംവിധായനെ. മലയാളത്തിൽ വിവാദങ്ങൾ സൃഷ്ട്ടിച്ച സംവിധായകന്മാരുടെ കൂട്ടത്തിൽ ശ്രീകുമാറിന്റെ പേരും ഇനി ചേർത്തു വായിക്കാം . കൈവച്ചിടത്തു നിന്നെല്ലാം ആവോളം കിട്ടിയ ചരിത്രമാണ് സംവിധായകൻ ശ്രീകുമാർ മേനോനുള്ളത്. ഇപ്പോഴിതാ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ വാർത്തയാണ് ചൂടോടെ മാധ്യമങ്ങളിൽ നിറയുന്നത്. ശ്രീവൽസം ഗ്രൂപ്പിൽ നിന്നും ഒരു കോടി രൂപ തട്ടിയെന്നതാണ് പരാതി.

സിനിമാ നിർമ്മിക്കണമെന്ന ആവശ്യത്തിനായിട്ടാണ് ശ്രീകുമാർ കാശ് വാങ്ങിയിരുന്നത്.ഇതിൽ മാസങ്ങൾക്കുമുമ്പേ പോലീസിൽ പരാതി പോയിരുന്നു. പോലീസ് കേസ് എടുത്തപ്പോൾ ശ്രീകുമാർ മേനോൻ മുൻ‌കൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ, ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ് നടന്നിരിക്കുന്നത്.

ഒടിയൻ എന്ന സിനിമയാണ് ഇന്നും ശ്രീകുമാർ മേനോൻ എന്ന പേര് കേൾക്കുമ്പോൾ മലയാളികൾ ഓർക്കുക. അത്രത്തോളം പ്രതീക്ഷയായിരുന്നു സിനിമാ പ്രേമികൾക്കും മോഹൻലാൽ ആരാധകർക്കും ശ്രീകുമാർ കൊടുത്തത്. മലയാളത്തിൽ ഇറങ്ങാൻ പോകുന്ന ബാഹുബലിയാകും ഒടിയൻ എന്നൊക്കെ തള്ളി മറിച്ചിട്ട് എട്ടു നിലയിൽ പൊട്ടിയ സിനിമയായിരുന്നു ഒടിയൻ. ഇതോടെ ശ്രീകുമാറിനെതിരെ ട്രോളുകളുടെ ഘോഷയാത്രതന്നെയായിരുന്നു ഉണ്ടായത്.

ശേഷം ശ്രീകുമാർ മേനോൻ വിവാദത്തിലായത് മഞ്ജു വാരിയരുടെ പേരിലാണ്.. മഞ്ജുവുമായി ബന്ധപ്പെട്ട വാർത്തകൾ വലിയ കോലാഹലമാണ് സൃഷ്ട്ടിച്ചത് . ഇതോടെ ശ്രീകുമാറിന്റെ കാപട്യങ്ങൾ ഓരോന്നും അഴിഞ്ഞു വീണുതുടങ്ങി. നടൻ ദിലീപുമായുള്ള വിവാഹശേഷം പതിനാല് വർഷത്തോളം സിനിമയിൽ നിന്നും വിട്ടുനിന്ന മഞ്ജു വാരിയരുടെ തിരിച്ചുവരവ് മുംബൈ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത പരസ്യ ചിത്രങ്ങളിലൂടെയായിരുന്നു.

ശ്രീകുമാർ മേനോന്റെ പരസ്യ കമ്പനിയായ പുഷ് ഇന്റെഗ്രിട്ടേഡ്‌ കമ്മൂണികഷൻ നിർമ്മിച്ച കല്യാൺ ജൂവലറിയുടെ പരസ്യ ചിത്രത്തിലൂടെയായിരുന്നു മഞ്ജു സ്‌ക്രീനിലേക്ക് തിരിച്ചെത്തിയത്. സ്ക്രീൻ പങ്കിടാൻ അമിതാ ബച്ചൻ കൂടിയായപ്പോൾ ആ പരസ്യചിത്രങ്ങളെല്ലാം തന്നെ ഹിറ്റായി.. വിശ്വാസം അതല്ലേ എല്ലാം എന്ന് ദിലീപ് പറഞ്ഞിടത്ത് പിന്നീട് കണ്ടത് മഞ്ജുവിനെയായിരുന്നു . അതിനുശേഷം ശ്രീകുമാറിന്റെ നിരവധി പരസ്യചിത്രങ്ങളിൽ മഞ്ജുവിനെ ആരാധകർക്ക് കാണാൻ സാധിച്ചു .

ഒടിയൻ സിനിമയ്ക്ക് ശേഷം മഞ്ജു വാരിയർ നിരവധി സൈബർ ആക്രമണങ്ങൾക്ക് ഇരയായിരുന്നു. ഇതിന്റെ പിന്നിൽ ശ്രീകുമാർ മേനോനും അയാളുടെ ഒരു സുഹൃത്തുമാണെന്നും മഞ്ജു പരാതിപ്പെട്ടിരുന്നു. തന്നോടൊപ്പം പ്രവർത്തിക്കുന്നവരെ ഭീഷണിപ്പെടുത്തി തനിക്കുവരുന്ന അവസരങ്ങൾ നഷ്ടപ്പെടുത്താൻ ശ്രീകുമാർ ശ്രമിക്കുന്നതായിട്ടും പരാതിയിൽ ഉണ്ടായിരുന്നു. ശ്രീകുമാർ മേനോൻ തന്നെ അപകടപ്പെടുത്താൻ ശ്രമിക്കുന്നതായും മഞ്ജു പരാതിയിൽ പറഞ്ഞു .

ദിലീപുമായി പിരിഞ്ഞ് ജീവിക്കുകയായിരുന്ന മഞ്ജുവിന്റെ ജീവിതത്തിൽ കയറി മുതലെടുപ്പ് നടത്തിയെന്ന ആരോപണം ഇതിനുപിന്നാലെയുണ്ടായി. ഇതോടെ മഞ്ജുവിന്റെ ശക്തമായ തിരിച്ചുവരവിന് കാരണം താനാണെന്ന് പറയാതെ പറഞ്ഞുവെക്കുകയായിരുന്നു ശ്രീകുമാർ.

ഇതിനിടയിൽ മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരൻ എം ടി വാസുദേവൻ നായരുമായും പ്രശ്നങ്ങൾ ഉണ്ടായി. രണ്ടാം ഊഴം നോവൽ സിനിമയാക്കാം എന്നുപറഞ്ഞതും അത് നീണ്ടുപോയതുമായിരുന്നു പ്രശ്നകാരണം. ആ കേസിലും ശ്രീകുമാറിന് തിരിച്ചടിയുണ്ടായി .

ഒടിയൻ സിനിമയുടെ തോൽവി കണ്ട ആരാധകരെ സന്തോഷിപ്പിച്ച വാർത്തയായിരുന്നു രണ്ടാം ഊഴം സിനിമയുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ വന്ന വിധി . ഏതായാലും ശ്രീകുമാർ നായരുടെ അറസ്റ്റ് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഇപ്പോൾ ശ്രീകുമാറിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

about sreekumar menon

Safana Safu :